ആവേശം സൂപ്പർ ഓവർ വരെ; സൺറൈസേഴ്സിനെ വീഴ്ത്തി ഡൽഹി ക്യാപിറ്റൽസ്

ആവേശം സൂപ്പർ ഓവർ വരെ; സൺറൈസേഴ്സിനെ വീഴ്ത്തി ഡൽഹി ക്യാപിറ്റൽസ്
പൃഥ്വി ഷായും ധവാനും ബാറ്റിങിനിടെ/ ട്വിറ്റർ
പൃഥ്വി ഷായും ധവാനും ബാറ്റിങിനിടെ/ ട്വിറ്റർ

ചെന്നൈ: ഐപിഎല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെ തകർത്ത് ഡൽഹി ക്യാപിറ്റൽസ്. സൂപ്പർ ഓവറിലേക്ക് നീണ്ട ആവേശകരമായ മത്സരത്തിലാണ് ഡൽഹിയുടെ വിജയം. സൂപ്പർ ഓവറിൽ എട്ട് റൺസ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഡൽഹി വിക്കറ്റ് നഷ്ടപ്പെടാതെ വിജയം പിടിക്കുകയായിരുന്നു. 

ആ​ദ്യം ബാറ്റ് ചെയ്ത ഡൽഹി നിശ്ചിത 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 159 റൺസെടുത്തപ്പോൾ 160 റൺസ് വിജയ ലക്ഷ്യവുമായി ബാറ്റേന്തിയ സൺറൈസേഴ്സ് നിശ്ചിത ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 159 റൺസ് തന്നെയാണ് നേടിയത്. ഇതോടെ മത്സരം സമനിലയിലായി. അർധ സെഞ്ച്വറി നേടിയ കെയ്ൻ വില്യംസണിന്റെയും ജോണി ബെയർസ്റ്റോയുടെയും പ്രകടന മികവിലാണ് സൺറൈസേഴ്സ് 159 റൺസെടുത്തത്. 

സൂപ്പർ ഓവറിൽ ഡേവിഡ് വാർണറും വില്യംസനും ചേർന്നാണ് സൺറൈസേഴ്‌സിന് വേണ്ടി ഇറങ്ങിയത്. അക്ഷർ പട്ടേലാണ് ഡൽഹിയ്ക്ക് വേണ്ടി സൂപ്പർ ഓവർ എറിഞ്ഞത്. ആദ്യ പന്തിൽ റൺസ് വഴങ്ങാതിരുന്ന താരം രണ്ടാം പന്തിൽ ഒരു റൺസ് വഴങ്ങി. മൂന്നാം പന്തിൽ വില്യംസൻ ബൗണ്ടറി നേടി. നാലാം പന്തിൽ വില്യംസന് റൺസ് നേടാനായില്ല. അഞ്ചാം പന്തിൽ വില്യംസൻൺ ഒരു റൺസ് നേടി. അവസാന പന്ത് നേരിട്ട വാർണർ ഒരു  റൺസ് മാത്രമാണ് നേടിയത്. ഇതോടെ സൺറൈസേഴ്‌സ് സൂപ്പർ ഓവറിൽ ഏഴ് റൺസിലൊതുങ്ങി,.

എട്ട് റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഡൽഹിയ്ക്കായി ശിഖർ ധവാനും ഋഷഭ് പന്തുമാണ് ഓപ്പൺ ചെയ്തത്. റാഷിദ് ഖാൻ സൺറൈസേഴ്‌സിനായി സൂപ്പർ ഓവർ എറിഞ്ഞു. 

റാഷിദ് എറിഞ്ഞ ആദ്യ പന്തിലും രണ്ടാം പന്തിലും പന്തും ധവാനും സിംഗിളുകൾ എടുത്തു. മൂന്നാം പന്തിൽ ഋഷഭ് പന്ത് ബൗണ്ടറി നേടിയതോടെ മൂന്ന് പന്തിൽ ഡൽഹിയ്ക്ക് ജയിക്കാൻ രണ്ട് റൺസ് മതി എന്ന നിലയിലായി. എന്നാൽ നാലാം പന്തിൽ റാഷിദ് റൺ വഴങ്ങിയില്ല. ഇതോടെ ഡൽഹിയുടെ വിജയലക്ഷ്യം അവസാന രണ്ട് പന്തിൽ രണ്ട് റൺസ് എന്നായി. അഞ്ചാം പന്തിൽ ലെഗ് ബൈയിലൂടെ പന്ത് ഒരു റൺസ് നേടിയതോടെ അവസാന പന്തിൽ ഒരു റൺസ് എന്ന നിലയിലായി ഡൽഹി. അവസാന പന്തിലും ലെഗ് ബൈയിലൂടെ റൺസ് വന്നതോടെ ആവേശകരമായ മത്സരത്തിൽ ഡൽഹി വിജയം സ്വന്തമാക്കി.

നേരത്തെ 160 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ സൺറൈസേഴ്‌സിനായി ജോണി ബെയർസ്‌റ്റോ വെടിക്കെട്ട് പ്രകടനം കാഴ്ചവെച്ചെങ്കിലും ഡേവിഡ് വാർണർ റൺസ് കണ്ടെത്താൻ ബുദ്ധിമുട്ടി. മൂന്നാം ഓവറിലെ രണ്ടാം പന്തിൽ അനാവശ്യ റണ്ണിന് ശ്രമിച്ച വാർണർ റൺ ഔട്ടായി. ആറ് റൺസെടുത്ത വാർണർ മടങ്ങുമ്പോൾ 28 ന് 1 എന്ന നിലയിലായി സൺറൈസേഴ്‌സ്. 

ഒരു വിക്കറ്റ് വീണിട്ടും ബെയർസ്‌റ്റോ കുലുങ്ങിയില്ല. തകർപ്പൻ ഷോട്ടുകളുമായി താരം സൺറൈസേഴ്‌സ് സ്‌കോർ ഉയർത്തി. വാർണർക്ക് ശേഷം ക്രീസിലെത്തിയ വില്യംസനും നന്നായി ബാറ്റ് ചെയ്യാൻ തുടങ്ങിയതോടെ 5.2 ഓവറിൽ ടീം സ്‌കോർ 50 കടന്നു. എന്നാൽ ആറാം ഓവറിലെ നാലാം പന്തിൽ അപകടകാരിയായ ബെയർസ്‌റ്റോയെ ആവേശ് ഖാൻ ശിഖർ ധവാന്റെ കൈയിലെത്തിച്ചു. വെറും 18 പന്തിൽ നിന്നു 38 റൺസ് നേടിയ ശേഷമാണ് ബെയർ‌സ്റ്റോ ക്രീസ് വിട്ടത്. 

ബെയർസ്‌റ്റോ പുറത്തായെങ്കിലും മറുവശത്ത് മികച്ച ഷോട്ടുകളുമായി വില്യംസൻ കളം നിറഞ്ഞു. എന്നാൽ നാലാമനായി കളിക്കാനെത്തിയ വിരാട് സിങ് 14 പന്തുകളിൽ നിന്നു വെറും നാല് റൺസ് മാത്രമെടുത്ത് പുറത്തായി. ആവേശ ഖാനാണ് താരത്തെ പുറത്താക്കിയത്. പിന്നീട് ക്രീസിലെത്തിയ കേദാർ ജാദവിനെ കൂട്ടുപിടിച്ച് വില്യംസൻ ടീം സ്‌കോർ 100 കടത്തി. പക്ഷേ വെറും ഒൻപത് റൺസെടുത്ത ജാദവിനെ പുറത്താക്കി അമിത് മിശ്ര കളി ഡൽഹിയ്ക്ക് അനുകൂലമാക്കി. 

ഒരു വശത്ത് വിക്കറ്റുകൾ നഷ്ടപ്പെടുമ്പോഴും കുലുങ്ങാതെ നിന്ന വില്യംസൻ വൈകാതെ അർധ ശതകം പൂർത്തിയാക്കി. 42 പന്തുകളിൽ നിന്നാണ് താരം അർധ ശതകം നേടിയത്. ജാദവിന് പകരം ക്രീസിലെത്തിയ അഭിഷേക ശർമയ്ക്കും പിടിച്ചുനിൽക്കാനായില്ല. വെറും അഞ്ച് റൺസെടുത്ത താരത്തെ അക്ഷർ പട്ടേൽ വിക്കറ്റിന് മുന്നിൽ കുടുക്കി. തൊട്ടടുത്ത പന്തിൽ റാഷിദ് ഖാനെയും വിക്കറ്റിന് മുന്നിൽ കുടുക്കി അക്ഷർ സൺറൈസേഴ്‌സിനെ പ്രതിരോധത്തിലാക്കി.

പിന്നീട് ക്രീസിലെത്തിയ വിജയ് ശങ്കറിനെ കൂട്ടുപിടിച്ച് വില്യംസൻ രക്ഷാപ്രവർത്തനം നടത്തി. വലിയ ഷോട്ടുകൾ കളിക്കുന്നതിന് പകരം പരമാവധി ഓടി റൺസ് നേടാനാണ് വില്യംസൻ ശ്രമിച്ചത്. അതിനിടയിൽ വിജയ് ശങ്കറിന്റെ വിക്കറ്റെടുത്ത് ആവേശ് ഖാൻ സൺറൈസേഴ്‌സിന് പ്രഹരമേൽപ്പിച്ചു. വെറും എട്ട് റൺസാണ് താരത്തിന്റെ സമ്പാദ്യം. പിന്നാലെ സുചിത്ത് രണ്ട് ബൗണ്ടറികൾ നേടി സൺ റൈസേഴ്‌സിന് ആശ്വാസം പകർന്നു. ഇതോടെ അവസാന ഓവറിൽ സൺറൈസേഴ്‌സിന് വിജയിക്കാൻ 16 റൺസ് എന്ന നിലയിലെത്തി. 

കഗിസോ റബാദയാണ് അവസാന ഓവർ എറിയാനായി എത്തിയത്. ആദ്യ പന്ത് വൈഡായതോടെ സൺറൈസേഴ്‌സിന്റെ വിജയ ലക്ഷ്യം ആറ് പന്തിൽ 15 റൺസ് എന്നായി. അടുത്ത പന്തിൽ വില്യംസൻ ബൗണ്ടറി നേടിയതോടെ സൺറൈസേഴ്‌സ് വിജയത്തിലേക്ക് അടുത്തു. രണ്ടാം പന്തിൽ സൺറൈസേഴ്‌സിന് ഒരു റൺ ബൈ ആയി ലഭിച്ചു. അവസാന നാല്ലു പന്തുകളിൽ 10 റൺസ് വേണം എന്നിരിക്കേ മൂന്നാം പന്തിൽ ഉഗ്രൻ സിക്‌സർ നേടി സുചിത്ത് കളി സൺറൈസേഴ്‌സിന് അനുകൂലമാക്കി. ഇതോടെ മൂന്ന് പന്തുകളിൽ വെറും നാല് റൺസ് മാത്രമായി ടീമിന്റെ വിജയലക്ഷ്യം.

നാലാം പന്തിൽ വീണ്ടും ഒരു ബൈ റൺസ് ലഭിച്ചതോടെ വിജയ ലക്ഷ്യം രണ്ട് പന്തുകളിൽ നിന്നു മൂന്ന് റൺസ് എന്നായി. വില്യംസനാണ് ക്രീസിലുണ്ടായിരുന്നത്. അഞ്ചാം പന്തിൽ വീണ്ടും ബൈ ലഭിച്ചതോടെ സൺറൈസേഴ്‌സിന് അവസാന പന്തിൽ രണ്ട് റൺസ് എന്നായി വിജയലക്ഷ്യം. അവസാന പന്ത് നേരിട്ട സുചിത്ത് ഒരു റൺസ് നേടിയതോടെ മത്സരം സൂപ്പർ ഓവറിലേക്ക് നീണ്ടു. 51 പന്തുകളിൽ നിന്നു 66 റൺസെടുത്ത വില്യംസണും ആറ് പന്തുകളിൽ നിന്നു 14 റൺസ് നേടിയ സുചിത്തും പുറത്താവാതെ നിന്നു

ടോസ് നേടി ബാറ്റിങ് തിരരെഞ്ഞെടുത്ത ഡൽഹി ക്യാപിറ്റൽസിനായി തകർപ്പൻ തുടക്കമാണ് ഓപ്പണർമാരായ പൃഥ്വി ഷായും ശിഖർ ധവാനും ചേർന്ന് നൽകിയത്. പൃഥ്വി ഷാ ആയിരുന്നു കൂടുതൽ ആക്രമണകാരി. ഇരുവരും ചേർന്ന് ബാറ്റിങ് പവർപ്ലേയിൽ 51 റൺസ് അടിച്ചെടുത്തു. 

പത്താം ഓവറിലെ അവസാന പന്തിൽ സിംഗിളെടുത്ത് പൃഥ്വി ഷാ അർധ സെഞ്ച്വറി നേടി. 34 പന്തുകളിൽ നിന്നാണ് താരം അർധ സെഞ്ച്വറി നേടിയത്. എന്നാൽ 11-ാം ഓവറിലെ രണ്ടാം പന്തിൽ ശിഖർ ധവാന്റെ കുറ്റി തെറിപ്പിച്ച് റാഷിദ്ഖാൻ ഡൽഹിയുടെ ആദ്യ വിക്കറ്റ് വീഴ്ത്തി. 28 റൺസെടുത്ത ധവാൻ ഓപ്പണിങ് വിക്കറ്റിൽ പൃഥ്വി ഷായ്‌ക്കൊപ്പം 81 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയാണ് മടങ്ങിയത്. 

ധവാന് പകരം നായകൻ ഋഷഭ് പന്ത് ക്രീസിലെത്തി. എന്നാൽ ധവാന് പിന്നാലെ പൃഥ്വി ഷായും പുറത്തായി. 39 പന്തുകളിൽ നിന്നു 53 റൺസെടുത്ത താരത്തെ ഖലീൽ അഹമ്മദ് റൺ ഔട്ടാക്കി. ഓപ്പണർമാർ ഇരുവരും പുറത്തായതോടെ സ്‌കോറിങ് വേഗം കുറഞ്ഞു. 

ഋഷഭ് പന്തും സ്റ്റീവൻ സ്മിത്തും ചേർന്ന് അതീവ ശ്രദ്ധയോടെയാണ് കളിച്ചത്. 13.5 ഓവറിൽ ഇരുവരും ചേർന്ന് ടീം സ്‌കോർ 100 കടത്തി. മോശം പന്തുകൾ തിരഞ്ഞെടുത്ത് ആക്രമിച്ച് കളിച്ച പന്ത് സ്‌കോർ ഉയർത്താൻ ശ്രമിച്ചു. സ്മിത്ത് സിംഗിളുകളിലൂടെ അതിനുള്ള അവസരം പന്തിനൊരുക്കി. നിരവധി ഫീൽഡിങ് പാളിച്ചകൾ സൺറൈസേഴ്‌സ് വരുത്തിയത് ഡൽഹിയ്ക്ക് ഗുണമായി. സ്മിത്തിന്റെയും പന്തിന്റെയും അനായാസ ക്യാച്ചുകളെല്ലാം സൺറൈസേഴ്‌സ് ഫീൽഡർമാർ പാഴാക്കി. 

പന്തും സ്മിത്തും ചേർന്ന് അർധ സെഞ്ച്വറി കൂട്ടുകെട്ട് മൂന്നാം വിക്കറ്റിൽ പടുത്തുയർത്തി. പിന്നാലെ ഋഷഭ് പന്ത് പുറത്തായി. 27 പന്തുകളിൽ നിന്നും 37 റൺസെടുത്ത താരത്തെ സിദ്ധാർഥ് കൗൾ പുറത്താക്കി. പന്ത് പുറത്താവുമ്പോൾ 142 ന് മൂന്ന് എന്ന നിലയിലായി ഡൽഹി. അതേ ഓവറിലെ അവസാന പന്തിൽ ഹെറ്റ്മയറെ വെറും ഒരു റൺസിന് പുറത്താക്കി സിദ്ധാർഥ് ഡൽഹിയെ തളച്ചു.

മികച്ച തുടക്കം ലഭിച്ചിട്ടും അവസാന ഓവറുകളിൽ വേണ്ട പോലെ റൺസ് ഉയർത്താൻ ഡൽഹിയ്ക്ക് കഴിഞ്ഞില്ല. 34 റൺസെടുത്ത സ്റ്റീവ് സ്മിത്തും രണ്ട് റൺസ് നേടിയ സ്‌റ്റോയിനിസും പുറത്താവാതെ നിന്നു. സൺറൈസേഴ്‌സിനായി സിദ്ധാർഥ് കൗൾ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ റാഷിദ്ഖാൻ ഒരു വിക്കറ്റ് നേടി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com