അനായാസം തലയും സംഘവും; ഹൈ​ദരാബാദിനെ തകർത്ത് ചെന്നൈ; തുടർച്ചയായി അഞ്ചാം വിജയം; ഒന്നാം സ്ഥാനം

അനായാസം തലയും സംഘവും; ഹൈ​ദരാബാദിനെ തകർത്ത് ചെന്നൈ; തുടർച്ചയായി അഞ്ചാം വിജയം; ഒന്നാം സ്ഥാനം
റുതുരാജ് ഗെയ്ക്ക്‌വാദും ഫാഫ് ഡുപ്ലെസിയും ബാറ്റിങിനിടെ/ ട്വിറ്റർ
റുതുരാജ് ഗെയ്ക്ക്‌വാദും ഫാഫ് ഡുപ്ലെസിയും ബാറ്റിങിനിടെ/ ട്വിറ്റർ

ന്യൂഡൽഹി: സൺറൈസേഴ്സ് ഹൈദരാബാദിനെ തകർത്ത് ഐപിഎല്ലിൽ തുടർച്ചയായ അഞ്ചാം വിജയവുമായി ചെന്നൈ സൂപ്പർ കിങ്‌സ്. ഒൻപത് പന്ത് ശേഷിക്കെ ഏഴ് വിക്കറ്റിനാണ് ചെന്നൈ വിജയം പിടിച്ചത്. 172 റൺസ് വിജയ ലക്ഷ്യം ധോനിയുടെ സംഘം അനായാസം മറികടക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നിശ്ചിത 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 171 റൺസെടുത്തു. 

129 റൺസ് കൂട്ടുകെട്ടുണ്ടാക്കിയ ഓപ്പണർമാരാണ് ചെന്നൈയ്ക്ക് അനായാസ വിജയമൊരുക്കിയത്. റുതുരാജ് ഗെയ്ക്ക്‌വാദ് 44 പന്തിൽ 75 റൺസെടുത്തപ്പോൾ ഫാഫ് ഡുപ്ലെസി 38 പന്തിൽ 56 റൺസുമായി അടിച്ചു തകർത്തു. ഗെയ്ക്ക്‌വാദിന്റെ ബാറ്റിൽ നിന്ന് 12 ഫോറുകൾ പിറന്നപ്പോൾ ഡുപ്ലെസിസ് ആറ് ഫോറും ഒരു സിക്‌സും അടിച്ചു. 

പിന്നീട് മോയിൻ അലിയും രവീന്ദ്ര ജഡേജയും സുരേഷ് റെയ്‌നയും ഇന്നിങ്‌സ് മുന്നോട്ടു നയിച്ചു. എട്ടു പന്തിൽ 15 റൺസോടെ മോയിൻ അലി പുറത്തായി. 15 പന്തിൽ 17 റൺസുമായി റെയ്‌നയും ആറ് പന്തിൽ ഏഴ് റൺസോടെ ജഡേജയും പുറത്താകാതെ നിന്നു. 

നേരത്തെ ഹൈദരാബാദ് നിശ്ചിത ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 171 റൺസ് നേടി. അർധ സെഞ്ച്വറി നേടിയ ഡേവിഡ് വാർണറുടേയും മനീഷ് പാണ്ഡെയുടേയും ബാറ്റിങ് മികവാണ് ഹൈദരാബാദിനെ തുണച്ചത്. ഹൈദരാബാദ് ബാറ്റിങ്ങിനെ വരിഞ്ഞു മുറുക്കിയ ചെന്നൈ ബൗളർമാർ അവസാന മൂന്ന് ഓവറിൽ കളി കൈവിട്ടു. അവസാന 18 പന്തിൽ 44 റൺസാണ് ഹൈദരാബാദ് അടിച്ചെടുത്തത്.

ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിന് തുടക്കത്തിൽ തന്നെ ജോണി ബെയർസ്റ്റോയെ നഷ്ടപ്പെട്ടു. ഏഴ് റൺസായിരുന്നു ബെയർസ്റ്റോയുടെ സമ്പാദ്യം. പിന്നീട് ഡേവിഡ് വാർണറും മനീഷ് പാണ്ഡെയും ഒത്തുചേർന്നു. ഇരുവരും 87 പന്തിൽ 106 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. വാർണർ 55 പന്തിൽ മൂന്ന് ഫോറും രണ്ട് സിക്സും സഹിതം 57 റൺസ് നേടി. മനീഷ് പാണ്ഡെ 46 പന്തിൽ അഞ്ച് ഫോറിന്റേയും ഒരു സിക്സിന്റേയും സഹായത്തോടെ 61 റൺസ് അടിച്ചു. 

10 പന്തിൽ 26 റൺസ് അടിച്ച കെയ്ൻ വില്ല്യംസണും നാല് പന്തിൽ 12 റൺസ് നേടിയ കേദർ ജാദവും അവസാന ഓവറുകളിൽ ഹൈദരാബാദിന്റെ സ്‌കോറിങ് വേഗത കൂട്ടി. ചെന്നൈയ്ക്കായി ലുങ്കി എൻഗിഡി രണ്ടും സാം കറൻ ഒരു വിക്കറ്റും നേടി.

വിജയത്തോടെ ചെന്നൈ പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ രണ്ടാം സ്ഥാനത്ത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com