ഉത്തപ്പയ്ക്കും സച്ചിന്‍ ബേബിക്കും അര്‍ധ സെഞ്ച്വറി; അഞ്ച് വിക്കറ്റുമായി ശ്രീശാന്ത്; തുടരെ രണ്ടാം ജയം സ്വന്തമാക്കി കേരളം

ഉത്തപ്പയ്ക്കും സച്ചിന്‍ ബേബിക്കും അര്‍ധ സെഞ്ച്വറി; അഞ്ച് വിക്കറ്റുമായി ശ്രീശാന്ത്; തുടരെ രണ്ടാം ജയം സ്വന്തമാക്കി കേരളം
ഉത്തപ്പ/ ട്വിറ്റർ
ഉത്തപ്പ/ ട്വിറ്റർ

ബംഗളൂരു: വിജയ് ഹസാരെ ട്രോഫി പോരാട്ടത്തില്‍ കേരളത്തിന് തുടര്‍ച്ചയായ രണ്ടാം ജയം. രണ്ടാം മത്സരത്തില്‍ കേരളം ഉത്തര്‍പ്രദേശിനെ മൂന്ന് വിക്കറ്റിന് പരാജയപ്പെടുത്തി. ആദ്യം ബാറ്റ് ചെയ്ത ഉത്തര്‍പ്രദേശ് 283 റണ്‍സിന് പുറത്തായി. കേരളം 48.5 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 284 റണ്‍സെടുത്ത് വിജയം പിടിക്കുകയായിരുന്നു. 

ആദ്യ മത്സരത്തില്‍ സെഞ്ച്വറി നേടി കേരളത്തിന്റെ വിജയ ശില്‍പ്പിയായി മാറിയ ഓപണര്‍ ഉത്തപ്പ ഇത്തവണ 81 റണ്‍സെടുത്ത് ടീമിന്റെ ടോപ് സ്‌കോററായി. 55 പന്തുകള്‍ നേരിട്ട ഉത്തപ്പ എട്ട് ഫോറും നാല് സിക്‌സും സഹിതമാണ് 81 റണ്‍സെടുത്തത്. 76 റണ്‍സെടുത്ത് ക്യാപ്റ്റന്‍ സച്ചിന്‍ ബേബി കേരളത്തെ വിജയത്തിനരികിലെത്തിച്ചാണ് മടങ്ങിയത്. സഞ്ജു സാംസണ്‍ 29 റണ്‍സില്‍ പുറത്തായി. വത്സല്‍ ഗോവിന്ദ് (30), ജലജ് സക്‌സേന (31) എന്നിവരും മികച്ച സംഭാവന നല്‍കി. ആറ് റണ്‍സുമായി രോജിത് ഗണേഷും 13 റണ്‍സുമായി എംഡി നിതീഷും പുറത്താകാതെ നിന്നു. 

നേരത്തെ കേരളത്തിനായി വെറ്ററന്‍ പേസര്‍ എസ് ശ്രീശാന്ത് ഉജ്ജ്വലമായി പന്തെറിഞ്ഞു. താരം അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി. ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ ശ്രീശാന്തിന്റെ മികവില്‍ ഉത്തര്‍പ്രദേശിനെ പിടിച്ചുകെട്ടാന്‍ കേരളത്തിന് സാധിച്ചു. അവസാന മൂന്ന് ഓവറില്‍ നാല് വിക്കറ്റ് ഉള്‍പ്പെടെ അഞ്ച് വിക്കറ്റാണ് ശ്രീശാന്ത് വീഴ്ത്തിയത്.

48–ാം ഓവറില്‍ ക്യാപ്റ്റന്‍ ഭുവനേശ്വര്‍ കുമാറിനെ റോജിത്തിന്റെ കൈകളില്‍ എത്തിച്ച ശ്രീ, അതേ ഓവറില്‍ തന്നെ മൊഹ്‌സിന്‍ ഖാനെ ക്ലീന്‍ ബൗള്‍ഡാക്കി. 50 ഓവറില്‍ അക്ഷദീപിനെയും ശിവം ശര്‍മയെയും പുറത്താക്കി ശ്രീശാന്ത് യുപിയുടെ പതനം പൂര്‍ത്തിയാക്കി. 21ാം ഓവറില്‍ അഭിഷേക് ഗോസ്വാമിയെ പുറത്താക്കിയായിരുന്നു ശ്രീശാന്ത് ആദ്യ വിക്കറ്റ് കൊയ്തത്. അവസാന നാല് വിക്കറ്റുകള്‍ വീഴ്ത്തിയത് മൂന്ന് ഓവറിനിടെ.

ടോസ് നേടിയ കേരളം ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. കേരളത്തിനായി ക്യാപ്റ്റന്‍ സച്ചിന്‍ ബേബി രണ്ട് വിക്കറ്റും നിധീഷ്, ജലജ് സക്‌സേന എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

അഭിഷേക് ഗോസ്വാമി (68 പന്തില്‍ 54), പ്രിയം ഗാര്‍ഗ് (59 പന്തില്‍ 57), അക്ഷദീപ് നാഥ് (60 പന്തില്‍ 68) എന്നിവരുടെ അര്‍ധ സെഞ്ച്വറിയുടെ ബലത്തിലാണ് യുപി ഭേദപ്പെട്ട നിലയിലെത്തിയത്. നാലാം വിക്കറ്റില്‍ ഗാര്‍ഗും അക്ഷദീപും ചേര്‍ന്ന് 79 റണ്‍സാണ് യുപി ഇന്നിങ്‌സിലേക്ക് കൂട്ടിച്ചേര്‍ത്തത്. ഇരുവരും അനായാസം യുപിയെ 300 കടത്തുമെന്നാണ് ആദ്യം കരുതിയത്.

എന്നാല്‍ 43ാം ഓവറില്‍ ഗര്‍ഗിനെ റണ്ണൗട്ടാക്കി സച്ചിന്‍ ബേബി ആ കൂട്ടുകെട്ട് പൊളിച്ചു. പിന്നാലെ എത്തിയ ഉപേന്ദ്ര യാദവിനെയും സച്ചിന്‍ സഞ്ജുവിന്റെ കൈകളില്‍ എത്തിച്ചു. എങ്കിലും ഒരറ്റത്ത് അക്ഷദീപ് ഉറച്ചു നിന്നു. 47ാം ഓവറില്‍ സമീര്‍ ചൗധരിയെ നിധീഷ് പുറത്താക്കി. ഇതിനു പിന്നാലെയാണ് ശ്രീശാന്തിന്റെ തകര്‍പ്പന്‍ സ്‌പെല്‍. 

കരണ്‍ ശര്‍മ (58 പന്തില്‍ 34), റിങ്കു സിങ് (26), ഉപേന്ദ്ര യാദവ് (7 പന്തില്‍ 12), സമീര്‍ ചൗധരി (7 പന്തില്‍ 10), ഭുവനേശ്വര്‍ കുമാര്‍ (3 പന്തില്‍ 1), മൊഹ്‌സിന്‍ ഖാന്‍ ( 2 പന്തില്‍ 6), ശിവം ശര്‍മ (5 പന്തില്‍ 7) എന്നിങ്ങനെയാണ് മറ്റു യുപി ബാറ്റ്‌സ്മാന്മാരുടെ സ്‌കോറുകള്‍. കാര്‍ത്തിക് ത്യാഗി (പൂജ്യം*) പുറത്താകാതെ നിന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com