ഇന്ത്യ ലക്ഷ്യമിടുന്നത് സമനില? സിഡ്‌നി ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്
By സമകാലിക മലയാളം ഡെസ്‌ക് | Published: 11th January 2021 11:43 AM |
Last Updated: 11th January 2021 11:43 AM | A+A A- |

ഇന്ത്യ- ഓസ്ട്രേലിയ മത്സരത്തിൽ നിന്ന്/ ട്വിറ്റർ
സിഡ്‌നി: ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള മൂന്നാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. 407 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തുന്ന ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 299 റണ്‍സെന്ന നിലയിലാണ്. അഞ്ച് വിക്കറ്റുകള്‍ കൈയിലിരിക്കേ ഇന്ത്യക്ക് ജയിക്കാന്‍ ഇനി 102 റണ്‍സ് കൂടി വേണം.
വിജയമില്ലെങ്കിലും ഇന്ത്യ സമനിലയാണ് ലക്ഷ്യമിടുന്നത്. 112 പന്തില്‍ ഏഴ് റണ്‍സുമായി ഹനുമ വിഹാരിയും 91 പന്തില്‍ 28 റണ്‍സുമായി അശ്വിനും ഓസീസ് ബൗളിങിനെ പരീക്ഷിക്കുകയാണ്.
നേരത്തെ സെഞ്ച്വറിക്ക് മൂന്ന് റണ്‍സ് അകലെ വെച്ച് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് പുറത്തായി. ഏകദിന ശൈലിയില്‍ ബാറ്റു വീശിയ പന്ത് 97 റണ്‍സെടുത്തു. 118 പന്തിലാണ് പന്തിന്റെ 97 റണ്‍സ്. പന്തിന് പിന്നാലെ ചേതേശ്വര്‍ പൂജാര 77 റണ്‍സുമായി മടങ്ങി. ഇരുവരും പുറത്തായതോടെയാണ് വിജയമെന്ന ഇന്ത്യന്‍ ലക്ഷ്യത്തിന് മങ്ങലേറ്റത്. നഥാന്‍ ലിയോണ്‍ ആണ് പന്തിനെ പുറത്താക്കിയക്. പാറ്റ് കമ്മിന്‍സ് ക്യാച്ചെടുത്തു. പൂജരയെ ഹേസല്‍വുഡാണ് മടക്കിയത്.
രോഹിത് ശര്‍മ്മ (52), ശുഭ്മാന്‍ ഗില്‍ ( 31), അജിന്‍ക്യ രഹാനെ (4 റണ്‍സ്) എന്നിവരാണ് പുറത്തായ മറ്റു ബാറ്റ്‌സ്മാന്‍മാര്‍. ഓസീസിനായി ഹാസെല്‍വുഡ്, ലിയോണ്‍ എന്നിവര്‍ രണ്ടും പാറ്റ് കമ്മിന്‍സ് ഒരു വിക്കറ്റും വീഴ്ത്തി.