'ഐപിഎല്ലില്‍ നേരിട്ടത് ലോകത്തിലെ ഏറ്റവും മികച്ച ബൗളര്‍മാരെ; അരങ്ങേറ്റത്തിലെ അര്‍ധ സെഞ്ച്വറിയിലേക്ക് എത്തിച്ചത് ആ ധൈര്യം'- ഇഷാന്‍ കിഷന്‍

'ഐപിഎല്ലില്‍ നേരിട്ടത് ലോകത്തിലെ ഏറ്റവും മികച്ച ബൗളര്‍മാരെ; അരങ്ങേറ്റത്തിലെ അര്‍ധ സെഞ്ച്വറിയിലേക്ക് എത്തിച്ചത് ആ ധൈര്യം'- ഇഷാന്‍ കിഷന്‍
ഇഷാൻ കിഷൻ/ പിടിഐ
ഇഷാൻ കിഷൻ/ പിടിഐ

അഹമ്മദാബാദ്:  കഴിഞ്ഞ ഐപിഎല്‍ സീസണില്‍ മുംബൈ ഇന്ത്യന്‍സിനായി മിന്നും ഫോമില്‍ കളിച്ച താരമാണ് ഇഷാന്‍ കിഷന്‍. താരത്തെ ഇന്ത്യന്‍ ടീമിലേക്ക് പരിഗണിക്കാതെ വലിയ ചര്‍ച്ചകള്‍ക്കും വഴിവച്ചിരുന്നു. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിലെ നടാടെ ഇഷാനെ പരിഗണിച്ചു. പിന്നാലെ രണ്ടാം പോരാട്ടത്തിനുള്ള അന്തിമ ഇലവനിലും താരത്തെ ഉള്‍പ്പെടുത്തി. കിട്ടിയ അവസരം ഇടംവലം നോക്കാതെ മുതലാക്കി. ഫലം അന്താരാഷ്ട്ര ടി20 അരങ്ങേറ്റത്തില്‍ തന്നെ അര്‍ധ സെഞ്ച്വറിയും മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും. 

ആത്മവിശ്വാസത്തോടെ നിര്‍ഭയനായി നിന്നായിരുന്നു ഇഷാന്റെ ബാറ്റിങ്. 32 പന്തില്‍ അഞ്ച് ഫോറും നാല് സിക്‌സും സഹിതം 56 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ ഐപിഎല്ലിലെ പരിചസമ്പത്ത് വലിയ തുണയായി മാറിയെന്ന് മത്സര ശേഷം 22കാരനായ ഇഷാന്‍ വ്യക്തമാക്കി. 

ഐപിഎല്ലില്‍ മികച്ച പേസ് ബൗളര്‍മാരെ നേരിട്ടതിന്റെ കരുത്താണ് അന്താരാഷ്ട്ര അരങ്ങേറ്റത്തില്‍ നിര്‍ഭയനായി ആത്മവിശ്വാസത്തോടെ ബാറ്റ് വീശാന്‍ തനിക്ക് തുണയായതെന്ന് ഇഷാന്‍ കിഷന്‍ വ്യക്തമാക്കി. മുംബൈ ഇന്ത്യന്‍സ് ടീം അംഗങ്ങളായ ജസ്പ്രിത് ബുമ്‌റ, ട്രെന്‍ഡ് ബോള്‍ട്ട് എന്നിവരുടെ തീ പാറും പന്തുകളെ നെറ്റ്‌സില്‍ നേരിട്ടിട്ടുണ്ട്. അവര്‍ക്കെതിരെ ആത്മവിശ്വാസത്തോടെ ഹിറ്റ് ഷോട്ടുകള്‍ കളിക്കാന്‍ സാധിച്ചിട്ടുണ്ടെന്ന് ഇഷാന്‍ വ്യക്തമാക്കി. 

'ലോകത്തെ ഏറ്റവും മികച്ച ബൗളര്‍മാരെയാണ് ഐപിഎല്ലില്‍ നേരിടേണ്ടി വരുന്നത്. അവര്‍ക്കെതിരെ ബാറ്റ് വീശിയത് ഇപ്പോള്‍ കരുത്തായി മാറിയെന്നാണ് ഞാന്‍ കരുതുന്നത്. രാജ്യത്തിനായി ആദ്യമായി ബാറ്റ് ചെയ്യാനായി ഇറങ്ങിയപ്പോള്‍ നേരിയ വേവലാതി ഉണ്ടായിരുന്നു. എന്നാല്‍ രാജ്യത്തിന്റെ ജേഴ്‌സിയണിഞ്ഞ് ക്രീസിലെത്തിയാല്‍ ആ സമ്മര്‍ദ്ദമെല്ലാം മാഞ്ഞുപോവും. നിങ്ങള്‍ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ ശ്രമിക്കും'- ഇഷാന്‍ പറഞ്ഞു.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com