'വീണ്ടും ​ഗബ്ബർ ഷോ'- അനായാസം ഡൽഹി; പഞ്ചാബിനെ വീഴ്ത്തിയത് ഏഴ് വിക്കറ്റിന്

'വീണ്ടും ​ഗബ്ബർ ഷോ'- അനായാസം ഡൽഹി; പഞ്ചാബിനെ വീഴ്ത്തിയത് ഏഴ് വിക്കറ്റിന്
ധവാന്റെ‍ ബാറ്റിങ്/ ട്വിറ്റർ
ധവാന്റെ‍ ബാറ്റിങ്/ ട്വിറ്റർ

അഹമ്മദാബാദ്: ഐപിഎല്ലിൽ പഞ്ചാബ് കിങ്‌സിനെതിരേ വിജയം സ്വന്തമാക്കി ഡൽഹി ക്യാപിറ്റൽസ്. ഏഴ് വിക്കറ്റിനാണ് ഡൽഹി ജയം പിടിച്ചത്. 14 പന്തുകൾ ശേഷിക്കെയാണ് ഡൽഹിയുടെ വിജയം. 47 പന്തിൽ 69 റൺസെടുത്ത ശിഖർ ധവാന്റെ ഇന്നിങ്‌സാണ് ഡൽഹിയുടെ വിജയം അനായാസമാക്കിയത്. വിജയത്തോടെ എട്ട് മത്സരങ്ങളിൽ 12 പോയിന്റുമായി ഡൽഹി പോയിന്റ് പട്ടികയിൽ ഒന്നാമതെത്തി. 

167 റൺസ് വിജയ ലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ഡൽഹിക്കായി ഓപ്പണിങ് വിക്കറ്റിൽ ധവാനും പൃഥ്വി ഷായും ചേർന്ന് 63 റൺസ് കൂട്ടുകെട്ടുണ്ടാക്കി. 22 പന്തിൽ 39 റൺസെടുത്ത പൃഥ്വി ഷായെ ഹർപ്രീത് ബ്രാർ പുറത്താക്കി. സ്റ്റീവൻ സ്മിത്ത് 22 പന്തിൽ 24 റൺസുമായി ക്രീസ് വിട്ടപ്പോൾ ഋഷഭ് പന്തിന്റെ സമ്പാദ്യം 11 പന്തിൽ 14 റൺസായിരുന്നു. നാല് പന്തിൽ 16 റൺസുമായി ഷിമ്രോൺ ഹെറ്റ്‌മെയർ പുറത്താകാതെ നിന്നു. പഞ്ചാബിനായി റിലേ മെരെടിത് 3.4 ഓവറിൽ 35 റൺസ്  വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി. 

നേരത്തെ ആദ്യം ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബ് നിശ്ചിത ഓവറിൽ ആറ് വിക്കറ്റിന് 166 റൺസ് നേടി. പരിക്കേറ്റ് കെഎൽ രാഹുൽ കളിക്കാതിരുന്ന പോരാട്ടത്തിൽ ക്യാപ്റ്റനായി ടീമിനെ നയിച്ച മായങ്ക് അ​ഗർവാൾ 58 പന്തിൽ എട്ട് ഫോറും നാല് സിക്സും സഹിതം 99 റൺസുമായി പുറത്താകാതെ നിന്നു. പഞ്ചാബിന്റെ ക്യാപ്റ്റനായി ചുമതലയേറ്റ ശേഷം മായങ്കിന്റെ ആദ്യ മത്സരമായിരുന്നു ഇത്. ഏറെക്കുറെ ഒറ്റയ്ക്കാണ് മായങ്ക് ടീമിനെ പോരാടാവുന്ന സ്കോറിലെത്തിച്ചത്. 

എന്നാൽ മറ്റു ബാറ്റ്സ്മാൻമാർക്കൊന്നും മികവിലേക്കുയരാനായില്ല. പ്രഭ്സിമ്രാൻ സിങ്ങ് 12 റൺസിനും ക്രിസ് ഗെയ്ൽ 13 റൺസിനും പുറത്തായി. ഡെവിഡ് മാലൻ 26 റൺസെടുത്തപ്പോൾ ഷാരൂഖ് ഖാൻ, ദീപക് ഹൂഡ, ക്രിസ് ജോർദാൻ എന്നിവർ രണ്ടക്കം കണ്ടില്ല. ‍ഡൽഹിക്കായി നാല് ഓവറിൽ 36 റൺസ് വഴങ്ങി കാഗിസൊ റബാദ മൂന്നു വിക്കറ്റ് വീഴ്ത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com