ഓസീസ് സംഘം മാലിദ്വീപിൽ, ഇനി 14 ദിവസം ക്വാറന്റൈൻ; ഹസിയെ എയർ ആംബുലൻസിൽ ചെന്നൈയിൽ എത്തിച്ചു

മന്റേറ്റർമാരും അമ്പയർമാരും വിവിധ ഫ്രാഞ്ചൈസികളിലെ സപ്പോർട്ട് സ്റ്റാഫിലുണ്ടായിരുന്ന ഓസ്ട്രേലിയക്കരേയും ബിസിസിഐ മാലിദ്വീപിൽ എത്തിച്ചു
സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍/ഫയല്‍ ചിത്രം
സ്റ്റീവ് സ്മിത്ത്, ഡേവിഡ് വാര്‍ണര്‍/ഫയല്‍ ചിത്രം

മാലിദ്വീപ്: ഐപിഎല്ലിന്റെ ഭാ​ഗമായ ഓസ്ട്രേലിയൻ കളിക്കാർ മാലിദ്വീപിലെത്തി. കമന്റേറ്റർമാരും അമ്പയർമാരും വിവിധ ഫ്രാഞ്ചൈസികളിലെ സപ്പോർട്ട് സ്റ്റാഫിലുണ്ടായിരുന്ന ഓസ്ട്രേലിയക്കരേയും ബിസിസിഐ മാലിദ്വീപിൽ എത്തിച്ചു. 14 ദിവസം ഇവർ ഇവിടെ ക്വാറന്റൈനിൽ കഴിയണം. 

14 ദിവസത്തെ ക്വാറന്റൈന് ശേഷമാവും ഓസീസ് ടീമിന് നാട്ടിലേക്ക് മടങ്ങാനാവുക. മെയ് 15ന് ശേഷം ഓസ്ട്രേലിയയിലേക്ക് പ്രവേശിക്കാൻ ഇവർക്ക് അനുമതി ലഭിച്ചേക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 14 കളിക്കാർ ഉൾപ്പെടെ 40 പേരാണ് മാലിദ്വീപിലെത്തിയ സംഘത്തിലുള്ളത്. 

മുംബൈ ഇന്ത്യൻസ് പരിശീലകനായ മുൻ ശ്രീലങ്കൻ താരം മഹേല ജയവർധനയും മാലിദ്വീപിൽ എത്തിയിട്ടുണ്ട്. ക്വാറന്റൈൻ പൂർത്തിയാക്കിയ ശേഷമാവും ജയവർധനെ ശ്രീലങ്കയിലേക്ക് പോവുക. ഇവരെ സുരക്ഷിതമായി മാലിദ്വീപിൽ എത്തിച്ച ബിസിസിഐക്ക് ക്രിക്കറ്റ് ഓസ്ട്രേലിയ നന്ദി പറഞ്ഞു. 

കളിക്കാരെ നാട്ടിലേക്ക് എത്തിക്കുന്നതിനായിനി ഭരണകൂടത്തോട് യാത്രാ വിലക്കിൽ ഇളവ് ചോദിക്കില്ലെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. കളിക്കാൻ പോവാൻ തീരുമാനം എടുക്കുന്നതിന് മുൻപ് കളിക്കാർ എല്ലാ വശങ്ങളും പരിശോധിച്ച് ​ഗൃഹപാഠം ചെയ്യേണ്ടതുണ്ടെന്നും ക്രിക്കറ്റ് ഓസ്ട്രേലിയ തലവൻ പറഞ്ഞിരുന്നു.

കോവിഡ് ബാധിതനായി ഇന്ത്യയിൽ തുടരുന്ന ചെന്നൈ സൂപ്പർ കിങ്സ് ബാറ്റിങ് കോച്ച് മൈക്ക് ഹസിയെ എയർ ആംബുലൻസിലൂടെ ഡൽഹിയിൽ നിന്ന് ചെന്നൈയിൽ എത്തിച്ചു. കോവിഡ് മുക്തനായതിന് ശേഷമാവും ഹസി നാട്ടിലേക്ക് മടങ്ങുക. ഇം​ഗ്ലണ്ട്, സൗത്ത് ആഫ്രിക്ക, വിൻഡിസ് താരങ്ങൾ നാട്ടിലേക്ക് മടങ്ങി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com