പരമ്പര ഉറപ്പാക്കി; കിവികൾക്കെതിരെ ഇന്ത്യ പുതിയ കൂട്ടുകെട്ടുകൾ പരീക്ഷിച്ചേക്കും; അവസരം കാത്ത് ഈ താരങ്ങൾ

പരമ്പര ഉറപ്പാക്കി; കിവികൾക്കെതിരെ ഇന്ത്യ പുതിയ കൂട്ടുകെട്ടുകൾ പരീക്ഷിച്ചേക്കും; അവസരം കാത്ത് ഈ താരങ്ങൾ
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

കൊൽക്കത്ത: ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച് ന്യൂസിലൻഡിനെതിരായ ടി20 പരമ്പര സ്വന്തമാക്കിയതിന് പിന്നാലെ മൂന്ന് പോരിൽ ഇന്ത്യൻ ടീമിൽ മാറ്റങ്ങൾക്ക് സാധ്യത. കൊൽക്കത്ത ഈഡൻ ഗാർഡൻസിൽ ഞായറാഴ്ച നടക്കുന്ന മൂന്നാം ടി20 മത്സരത്തിലാണ് ടീമിൽ പുതിയ താരങ്ങൾക്ക് അവസരം ഒരുക്കുന്നത്. 

ഐപിഎലിലെ മിന്നുന്ന പ്രകടനങ്ങളുടെ ബലത്തിൽ ടീമിലെത്തിയ യുവ താരങ്ങളായ ഋതുരാജ് ഗെയ്‌ക്‌വാദ്, ആവേശ് ഖാൻ തുടങ്ങിയവർക്ക് ഈ മത്സരത്തിൽ അവസരം ലഭിച്ചേക്കുമെന്നാണ് സൂചന. ഇഷാൻ കിഷൻ, യുസ്‌വേന്ദ്ര ചഹൽ തുടങ്ങിയവരും അവസരം കാത്ത് ടീമിനൊപ്പമുണ്ട്.

ഈ പരമ്പരയിൽ അരങ്ങേറ്റത്തിന് അവസരം ലഭിച്ച വെങ്കടേഷ് അയ്യർ മൂന്നാം മത്സരത്തിലും ടീമിലുണ്ടാകും. താരത്തെ ആറാം ബൗളറായി ഉപയോഗിക്കുമോ എന്നതാണ് ആരാധകർ കാത്തിരിക്കുന്ന നീക്കം. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും താരത്തിന് ഒരു ഓവർ പോലും ബൗൾ ചെയ്യാൻ നൽകാതിരുന്നത് വിമർശനം ക്ഷണിച്ചുവരുത്തിയിരുന്നു.

ഗെയ്ക്‌വാദ് വന്നാൽ രാഹുലിന് വിശ്രമം?

ഐപിഎലിൽ റൺവേട്ടക്കാരിൽ ഒന്നാമതെത്തിയതിന്റെ പകിട്ടിൽ ടീമിലെത്തിയ ഗെയ്ക്‌വാദിന് അവസരം നൽകണമെങ്കിൽ ക്യാപ്റ്റൻ രോഹിത് ശർമയോ വൈസ് ക്യാപ്റ്റൻ കെഎൽ രാഹുലോ മാറിനിൽക്കേണ്ടിവരും. ടി20 പരമ്പരയ്ക്കു തൊട്ടുപിന്നാലെ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നതിനാൽ, രണ്ട് ടെസ്റ്റുകളിലും കളിക്കേണ്ട രാഹുലിന് വിശ്രമം നൽകാന‍് സാധ്യതയുണ്ട്. രോഹിത് രണ്ട് ടെസ്റ്റുകളിലും കളിക്കുന്നില്ല.

ആദ്യ രണ്ട് മത്സരങ്ങളിലും കളിച്ച ദീപക് ചഹർ, ഭുവനേശ്വർ കുമാർ എന്നിവരിൽ ഒരാൾക്കു പകരം ആവേശ് ഖാനും അവസരം പ്രതീക്ഷിക്കുന്നു. ഐപിഎലിലെ മിന്നുന്ന പ്രകടനത്തിന്റെ ബലത്തിലാണ് ആവേശ് ഖാനും ടീമിലെത്തിയത്.

വിക്കറ്റിനു പിന്നിൽ ഋഷഭ് പന്തും ദീർഘനാളായി തുടർച്ചയായി കളിക്കുന്നുണ്ട്. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് മുതൽ തുടർച്ചയായി കളത്തിലുള്ള പന്തിന് വിശ്രമം അനുവദിച്ചാൽ, ഇഷാൻ കിഷൻ വിക്കറ്റ് കീപ്പറാകും.

രവിചന്ദ്രൻ അശ്വിൻ, അക്ഷർ പട്ടേൽ എന്നിവരിലൊരാൾക്ക് പകരം യുസ്‌വേന്ദ്ര ചഹലിനും അവസരം നൽകിയേക്കും. ആദ്യ മത്സരത്തിൽ തിളങ്ങിയ ഹർഷൽ പട്ടേൽ അടുത്ത മത്സരത്തിലും കളിക്കാനാണ് സാധ്യത.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com