പൃഥ്വി ഷായും പന്തും തകര്‍ത്താടി; ചെന്നൈക്ക് ജയിക്കാന്‍ വേണ്ടത് 173

കളി ജയിക്കാന്‍ ചെന്നൈക്ക് വേണ്ടത് 173 റണ്‍സ്
ചെന്നൈക്കെതിരെ അര്‍ധ സെഞ്ച്വുറി നേടിയ ഋഷഭ് പന്ത്‌/ IMAGE CREDIT:IPL
ചെന്നൈക്കെതിരെ അര്‍ധ സെഞ്ച്വുറി നേടിയ ഋഷഭ് പന്ത്‌/ IMAGE CREDIT:IPL

അബുദാബി: ഐപിഎല്‍ ക്വാളിഫയര്‍ മത്സരത്തില്‍ ഡല്‍ഹിക്ക് മികച്ച സ്‌കോര്‍. കളി ജയിക്കാന്‍ ചെന്നൈക്ക് വേണ്ടത് 173 റണ്‍സ്. ടോസ് നേടിയ ചെന്നൈ ഡല്‍ഹിയെ ബാറ്റിങിന് അയക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 172 റണ്‍സെടുത്തു. അര്‍ധസെഞ്ചുറി നേടിയ പൃഥ്വി ഷായുടെയും നായകന്‍ ഋഷഭ് പന്തിന്റെയും മികവിലാണ് ഡല്‍ഹി മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ഷിംറോണ്‍ ഹെറ്റ്‌മെയറും മികച്ച പ്രകടനം പുറത്തെടുത്തു. 

ഓപ്പണറായ പൃഥ്വി ഷാ ഡല്‍ഹിക്ക് തകര്‍പ്പന്‍ തുടക്കം നല്‍കി. അനായാസം ബൗണ്ടറികള്‍ നേടി ഷാ ടീം സ്‌കോര്‍ ഉയര്‍ത്തിയപ്പോള്‍ ശിഖര്‍ ധവാന്റെ പ്രകടനം നിരാശപ്പെടുത്തുന്നതായിരുന്നു. വെറും ഏഴ് റണ്‍സ് മാത്രമെടുത്ത ധവാനെ ഹെയ്‌സല്‍വുഡ് പുറത്താക്കി. ധവാന് പകരം ശ്രേയസ് അയ്യരാണ് ക്രീസിലെത്തിയത്.  ഷായുടെ മികവില്‍ വെറും 4.5 ഓവറില്‍ ടീം സ്‌കോര്‍ 50 കടന്നു. 

അയ്യര്‍ക്ക് പകരം സ്ഥാനക്കയറ്റം ലഭിച്ച് ക്രീസിലെത്തിയ അക്ഷര്‍ പട്ടേലിനും പിടിച്ചുനില്‍ക്കാനായില്ല. 10 റണ്‍സ് മാത്രമെടുത്ത താരത്തെ മോയിന്‍ അലി പുറത്താക്കി.  പിന്നാലെ അപകടകാരിയായ ഷായെയും മടക്കി ചെന്നൈ മത്സരത്തില്‍ പിടിമുറുക്കി. ടീം സ്‌കോര്‍ 80ല്‍ നില്‍ക്കേ ഷായെ ഡുപ്ലെസ്സിയുടെ കൈയ്യിലെത്തിച്ച് ജഡേജയാണ് ഡല്‍ഹിയെ തകര്‍ച്ചയിലേക്ക് തള്ളിയിട്ടത്. 34 പന്തുകളില്‍ നിന്ന് ഏഴ് ഫോറിന്റെയും മൂന്ന് സിക്‌സിന്റെയും അകമ്പടിയോടെ 60 റണ്‍സെടുത്താണ് ഷാ ക്രീസ് വിട്ടത്. ഇതോടെ ഡല്‍ഹിയ്ക്ക് നാല് വിക്കറ്റ് നഷ്ടമായി. ക്രീസില്‍ നായകന്‍ ഋഷഭ് പന്തും ഷിംറോണ്‍ ഹെറ്റ്‌മെയറും ഒന്നിച്ചു. വളരെ ശ്രദ്ധയോടെ കളിച്ച ഇരുവരും 13.2 ഓവറില്‍ ടീം സ്‌കോര്‍ 100 കടത്തി. വൈകാതെ ഇരുവരും അര്‍ധസെഞ്ചുറി കൂട്ടുകെട്ടും പടുത്തുയര്‍ത്തി. പതുക്കെ തുടങ്ങിയ പന്തും ഹെറ്റ്‌മെയറും അവസാന ഓവറുകളില്‍ തകര്‍പ്പന്‍ ഷോട്ടുകള്‍ കളിച്ചതോടെ ടീം സ്‌കോര്‍ ഉയര്‍ന്നു. 17.3 ഓവറില്‍ ടീം സ്‌കോര്‍ 150 കടന്നു. 

എന്നാല്‍ ഹെറ്റ്‌മെയറെ പുറത്താക്കി ഡ്വെയ്ന്‍ ബ്രാവോ ഈ കൂട്ടുകെട്ട് പൊളിച്ചു. 24 പന്തുകളില്‍ നിന്ന് 37 റണ്‍സെടുത്ത ഹെറ്റ്‌മെയറെ ബ്രാവോ ജഡേജയുടെ കൈയ്യിലെത്തിച്ചു. പന്തിനൊപ്പം 83 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് ഹെറ്റ്‌മെയര്‍ ക്രീസ് വിട്ടത്. പിന്നാലെ പന്ത് അര്‍ധശതകം നേടി. ഇന്നിങ്‌സിലെ അവസാന പന്തിലാണ് താരം അര്‍ധസെഞ്ചുറി നേടിയത്. ഡല്‍ഹി നായകന്‍ 35 പന്തുകളില്‍ നിന്ന് മൂന്ന് ഫോറിന്റെയും രണ്ട് സിക്‌സിന്റെയും അകമ്പടിയോടെ 51 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. 

ചെന്നൈയ്ക്ക് വേണ്ടി ജോഷ് ഹെയ്‌സല്‍വുഡ് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ രവീന്ദ്ര ജഡേജ, മോയിന്‍ അലി, ഡ്വെയ്ന്‍ ബ്രാവോ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com