പിഎസ്ജിയിലെ താളപ്പിഴകള്‍ തുടരുന്നു, പരിക്കിന്റെ പിടിയില്‍ മെസി; മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരായ വമ്പന്‍ പോരും നഷ്ടമാവും 

ലയോണിന് എതിരായ കളിയില്‍ തന്നെ പിന്‍വലിക്കാനുള്ള പൊച്ചെറ്റിനോയുടെ തീരുമാനത്തില്‍ അതൃപ്തനായാണ് മെസിയെ കാണാനായത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

പാരിസ്: പിഎസ്ജിയില്‍ താളം കണ്ടെത്താന്‍ പ്രയാസപ്പെടുന്നതിന് പിന്നാലെ പരിക്കിന്റെ പിടിയിലേക്ക് വീണ് മെസി. ഇടത് കാല്‍മുട്ടിലെ പരിക്കിനെ തുടര്‍ന്ന് മെസിക്ക് അടുത്ത ആഴ്ച നടക്കുന്ന ചാമ്പ്യന്‍സ് ലീഗിലെ പിഎസ്ജിയുടെ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരായ മത്സരവും നഷ്ടമായേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. 

ലയോണിന് എതിരായ കളിയില്‍ തന്നെ പിന്‍വലിക്കാനുള്ള പൊച്ചെറ്റിനോയുടെ തീരുമാനത്തില്‍ അതൃപ്തനായാണ് മെസിയെ കാണാനായത്. എന്നാല്‍ മെസിയുടെ ഇടത് കാല്‍മുട്ടിലെ പരിക്കിനെ തുടര്‍ന്നാണ് പിന്‍വലിച്ചത് എന്ന് പൊച്ചെറ്റിനോ പറഞ്ഞിരുന്നു. 

മെസിയുടെ ഇടത് കാല്‍മുട്ടിലെ പരിക്ക് സ്‌കാനിങ്ങില്‍ വ്യക്തമായതോടെയാണ് പിഎസ്ജിയുടെ അടുത്ത ചാമ്പ്യന്‍സ് ലീഗ് മത്സരം ഉള്‍പ്പെടെ സൂപ്പര്‍ താരത്തിന് നഷ്ടമാവും എന്ന് വ്യക്തമാകുന്നത്. സെപ്തംബര്‍ 29നാണ് മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരായ മത്സരം. 

തന്റെ പുതിയ ക്ലബായ പിഎസ്ജിക്ക് വേണ്ടി 3 മത്സരങ്ങളാണ് മെസി ഇതുവരെ കളിച്ചത്. എന്നാല്‍ മൂന്നിലും ഗോള്‍ വല കുലുക്കാനോ അസിസ്റ്റ് നല്‍കാനോ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ രണ്ട് കളിയിലും മെസിയുടെ ഗോള്‍ ശ്രമം പോസ്റ്റില്‍ ഇടിച്ച് അകലുകയായിരുന്നു. 

ലയോണിന് എതിരായ കളിയില്‍ മികച്ച നിലയില്‍ മെസി കളിച്ച് വരുമ്പോഴാണ് 75ാം മിനിറ്റില്‍ താരത്തെ സബ്‌സ്റ്റിറ്റിയൂട്ട് ചെയ്യുന്നത്. ഇതില്‍ മെസി അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു. പരിക്കിന്റെ പിടിയിലേക്ക് വീണതോടെ പുതിയ ക്ലബിലെ ആദ്യ ഗോളിനായി മെസിക്കും ആരാധകര്‍ക്കും ഇനി കാത്തിരിക്കണം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com