ആഷസിലെ നാണംകെട്ട തോല്‍വി; പരിശീലകന്‍ ക്രിസ് സില്‍വര്‍വുഡിനെ പുറത്താക്കി ഇംഗ്ലണ്ട്‌

ആഷസ് പരമ്പരയിലേറ്റ തോല്‍വിക്ക് പിന്നാലെ ക്രിസ് സില്‍വര്‍വുഡിനെ പുറത്താക്കി ഇംഗ്ലണ്ട്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ലണ്ടന്‍: ആഷസ് പരമ്പരയിലേറ്റ തോല്‍വിക്ക് പിന്നാലെ ക്രിസ് സില്‍വര്‍വുഡിനെ പുറത്താക്കി ഇംഗ്ലണ്ട്. അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ 0-4നാണ് ഇംഗ്ലണ്ട് തോറ്റത്. 

കഴിഞ്ഞ ദിവസം ഇംഗ്ലണ്ട് ടീം ഡയറക്ടര്‍ ആഷ്‌ലി ഗില്‍സിനേയും പുറത്താക്കിയിരുന്നു. ഇംഗ്ലണ്ട് മുന്‍ നായകന്‍ ആന്‍ഡ്രൂ സ്‌ട്രോസ് ആണ് ആഷ്‌ലിക്ക് പകരം ഇംഗ്ലണ്ട് ടീം ഡയറക്ടര്‍ സ്ഥാനത്തേക്ക് തല്‍കാലത്തേക്ക് നിയമിതനായിരിക്കുന്നത്. 

ഇനി വരുന്ന ഇംഗ്ലണ്ടിന്റെ വെസ്റ്റ് ഇന്‍ഡീസിന് എതിരായ പരമ്പരയിലേക്കായി ഇടക്കാല പരിശീലകനെ നിയമിക്കും. 2015 ലോകകപ്പില്‍ നിന്ന് നേരത്തെ പുറത്തായതിന് ശേഷം വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ആധിപത്യം ഉറപ്പിച്ചായിരുന്നു ഇംഗ്ലണ്ടിന്റെ പോക്ക്. എന്നാല്‍ ടെസ്റ്റില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ആശാവഹമായ കണക്കുകളല്ല ഇംഗ്ലണ്ടിന്റേത്. 

ഓസ്‌ട്രേലിയയില്‍ ജയം തൊടാതെ 15ാം ടെസ്റ്റ് 

ആഷസിലെ ഹൊബാര്‍ട്ട് ടെസ്റ്റില്‍ ഇംഗ്ലണ്ട് തോറ്റതോടെ ഓസ്‌ട്രേലിയയില്‍ ജയം തൊടാനാവാത്ത തുടര്‍ച്ചയായ 15ാം ടെസ്റ്റായി അത് മാറി. ക്രിസ് സില്‍വര്‍വുഡിന്റെ സമയത്താണ് ഇംഗ്ലണ്ട് ടീമില്‍ റെസ്റ്റ് ആന്‍ഡ് റൊട്ടേഷന്‍ പോളിസി കൊണ്ടുവന്നത്. ഇത് ഏറെ വിവാദത്തിനും ഇടയാക്കി. 

കഴിഞ്ഞ വര്‍ഷം ന്യൂസിലാന്‍ഡിനും ഇന്ത്യക്കും എതിരായ ടെസ്റ്റില്‍ ഇംഗ്ലണ്ടിന് തിരിച്ചടി നേരിട്ടിരുന്നു. ആഷസ് പരമ്പരയിലും നാണംകെട്ടതോടെ ജോ റൂട്ടിന്റെ നായക സ്ഥാനവും ചോദ്യം ചെയ്യപ്പെടുകയാണ്. ബെന്‍ സ്റ്റോക്ക്‌സിനെയാണ് പകരം നായക സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com