ട്വന്റി–20 പരമ്പരയും തൂത്തുവാരി ഇന്ത്യ; വിൻഡീസിനെ തകർത്തത് 17 റൺസിന്

സൂര്യകുമാർ യാദവിന്റെ വെടിക്കെട്ട്‌ ബാറ്റിങ്ങാണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോർ സമ്മാനിച്ചത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

കൊൽക്കത്ത: വെസ്റ്റിൻഡീസിനെതിരായ ട്വന്റി–20 ക്രിക്കറ്റ് പരമ്പരയും ഇന്ത്യ തൂത്തുവാരി. പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ 17 റണ്‍സിനായിരുന്നു ഇന്ത്യന്‍ വിജയം. ഇന്ത്യ മുന്നോട്ടുവെച്ച 185 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന വെസ്റ്റിന്‍ഡീസിന് ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.

പരമ്പരയിലെ തുടര്‍ച്ചയായ മൂന്നാം മത്സരത്തിലും അര്‍ധ സെഞ്ചുറി നേടിയ നിക്കോളാസ് പുരനാണ് വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍. 47 പന്തുകള്‍ നേരിട്ട പുരൻ ഒരു സിക്‌സും എട്ട് ഫോറുമടക്കം 61 റണ്‍സെടുത്തു. റൊമാരിയോ ഷെപ്പേഡ് 29 റൺസ് (21 പന്തില്‍ ഒരു ഫോറും 3 സിക്സും അടക്കം), റോവ്മാൻ പവൽ 25 റൺസ്  (14 പന്തിൽ 2 വീതം ഫോറും സിക്സും) എന്നിവർക്ക് മാത്രമാണ് പുരന് അൽപമെങ്കിലും പിന്തുണ നൽകാനായുള്ളൂ. 
 
4 ഓവറിൽ 22 റൺസിനു 3 വിക്കറ്റ് വീഴ്ത്തിയ ഹർഷൽ പട്ടേലാണ് ഇന്ത്യൻ ബോളർമാരിൽ തിളങ്ങിയത്. ദീപക് ചാഹർ, ശാർദൂൽ ഠാക്കൂർ, വെങ്കിടേഷ് അയ്യർ എന്നിവർ 2 വിക്കറ്റ് വീതം വീഴ്ത്തി. ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറിയ ആവേശ് ഖാന് വിക്കറ്റൊന്നും ലഭിച്ചില്ല. ആദ്യം ബാറ്റു ചെയ്ത ഇന്ത്യയ്ക്ക് സൂര്യകുമാർ യാദവിന്റെ വെടിക്കെട്ട്‌ ബാറ്റിങ്ങാണ് മികച്ച സ്‌കോർ സമ്മാനിച്ചത്. സൂര്യകുമാർ 31 പന്തിൽ 65  (ഒരു ഫോറും 7 സിക്സും അടക്കം) റണ്ണെടുത്തു. 

ഇന്ത്യൻ ടീം ട്രോഫിയുമായി/ ട്വിറ്റർ ചിത്രം
ഇന്ത്യൻ ടീം ട്രോഫിയുമായി/ ട്വിറ്റർ ചിത്രം

19 പന്തിൽ 35 റൺസെടുത്ത് പുറത്താകാതെ നിന്ന വെങ്കിടേഷ് അയ്യർ ( 4 ഫോറും 2 സിക്സും അടക്കം) മികച്ച പിന്തുണ നൽകി. ഇഷൻ കിഷൻ (31 പന്തിൽ 5 ഫോർ അടക്കം 34), ശ്രേയസ് അയ്യർ (16 പന്തിൽ 4 ഫോർ അടക്കം 25) എന്നിവരും ഇന്ത്യയ്ക്കായി തിളങ്ങി. ഓപ്പണറായി രാജ്യാന്തര അരങ്ങേറ്റം കുറിച്ച ഋതുരാജ് ഗെയ്‌ക്വാദ് (8 പന്തിൽ ഒരു ഫോർ അടക്കം 4), 4–ാം നമ്പറിൽ ഇറങ്ങിയ ക്യാപ്റ്റൻ രോഹിത് ശർമ (15 പന്തിൽ 7) എന്നിവർ നിരാശപ്പെടുത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com