രണ്ടാം ഇന്നിങ്സിലും സെഞ്ച്വറി അടിച്ച് ഖവാജ; കളി ഓസീസ് വരുതിയിൽ; ഇം​ഗ്ലണ്ടിന് ജയിക്കാൻ 388 റൺസ്

രണ്ടാം ഇന്നിങ്സിലും സെഞ്ച്വറി അടിച്ച് ഖവാജ; കളി ഓസീസ് വരുതിയിൽ; ഇം​ഗ്ലണ്ടിന് ജയിക്കാൻ 388 റൺസ്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

സിഡ്‌നി: ഇം​ഗ്ലണ്ടിനെതിരായ നാലാം ആഷസ് ടെസ്റ്റിലും ഓസീസ് ആധിപത്യം. രണ്ടാം ഇന്നിങ്‌സിൽ ആറിന് 265 റൺസെന്ന നിലയിൽ ഡിക്ലയർ ചെയ്ത ഓസീസ് ഇംഗ്ലീഷ് ബാറ്റർമാർക്ക് മുന്നിൽ വെച്ചത് 388 റൺസ് വിജയ ലക്ഷ്യം. നാലാം ദിനം കളി അവസാനിച്ചപ്പോൾ വിക്കറ്റ് നഷ്ടമില്ലാതെ 30 റൺസെന്ന നിലയിലാണ് ഇം​ഗ്ലണ്ട്. ഒന്നാം ഇന്നിങ്സിൽ ഓസ്ട്രേലിയ എട്ടിന് 416 റൺസെന്ന നിലയിൽ ഇന്നിങ്സ് ഡിക്ലയർ ചെയ്തിരുന്നു. ഇം​ഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്സ് 294 റൺസിൽ അവസാനിച്ചു. 

അവസാന ദിനത്തിൽ പത്ത് വിക്കറ്റുകൾ ശേഷിക്കെ ഇം​ഗ്ലണ്ടിന് വിജയത്തിലെത്താൻ 358 റൺസ് കൂടി വേണം. എട്ട് റൺസുമായി ഹസീബ് ഹമീദും 22 റൺസുമായി സാക്ക് ക്രൗളിയുമാണ് ക്രീസിൽ. ഈ ആഷസ് പരമ്പരയിൽ ഇംഗ്ലീഷ് ഓപ്പണർമാരുടെ ഏറ്റവും ഉയർന്ന കൂട്ടുകെട്ട് കൂടിയാണിത്. 

നേരത്തെ ഒന്നാം ഇന്നിങ്സിൽ സെഞ്ച്വറിയുമായി ഓസീസ് ഇന്നിങ്സിന്റെ നെടുംതൂണായി നിന്ന ഉസ്മാൻ ഖവാജ രണ്ടാം ഇന്നിങ്സിലും ശതകം പിന്നിട്ട് ടീമിന്റെ നട്ടെല്ലായി നിന്നു. രണ്ടാം ഇന്നിങ്‌സിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 86 റൺസെന്ന നിലയിൽ പതറിയ ഓസീസിനെ ഭേദപ്പെട്ട സ്‌കോറിലേക്കെത്തിച്ചത് അഞ്ചാം വിക്കറ്റിൽ ഒന്നിച്ച ഖവാജ - കാമറൂൺ ഗ്രീൻ സഖ്യമാണ്. 179 റൺസ് കൂട്ടിച്ചേർത്ത ഈ സഖ്യം പിരിഞ്ഞ ശേഷം അധികം വൈകാതെ ഓസീസ് ഇന്നിങ്‌സ് ഡിക്ലയർ ചെയ്തു. 

ഗ്രീൻ 122 പന്തുകൾ നേരിട്ട് ഒരു സിക്‌സും ഏഴ് ഫോറുമടക്കം 74 റൺസെടുത്തു മടങ്ങി. ഖവാജ 138 പന്തിൽ നിന്ന് രണ്ട് സിക്സും 10 ഫോറുമടക്കം 101 റൺസ് നേടി പുറത്താകാതെ നിന്നു. ഒന്നാം ഇന്നിങ്സിൽ 137 റൺസാണ് ഖവാജ അടിച്ചെടുത്തത്. മാർക്കസ് ഹാരിസ് (27), ഡേവിഡ് വാർണർ (3), മാർനസ് ലബുഷെയ്ൻ (29), സ്റ്റീവ് സ്മിത്ത് (23), അലക്‌സ് കാരി (0) എന്നിവരാണ് രണ്ടാം ഇന്നിങ്സിൽ പുറത്തായ മറ്റ് താരങ്ങൾ. 

ഇംഗ്ലണ്ടിനായി ജാക്ക് ലീച്ച് നാല് വിക്കറ്റുകൾ വീഴ്ത്തി. മാർക്ക് വുഡ് രണ്ട് വിക്കറ്റെടുത്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com