ഇന്ത്യയുടെ ആദ്യവിക്കറ്റ് വീണു; ദക്ഷിണാഫ്രിയ്‌ക്കെതിരെ വിജയലക്ഷ്യം 297; സെഞ്ചുറി നേടി ഡ്യൂസനും ബാവുമയും

ദക്ഷിണാഫ്രിയ്‌ക്കെതിരെ 297 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് ഒരുവിക്കറ്റ് നഷ്ടമായി.  
ദക്ഷിണാഫ്രിക്കയുടെ വിക്കറ്റ് വീഴ്ത്തിയ ഇന്ത്യയുടെ ആഹ്ലാദം
ദക്ഷിണാഫ്രിക്കയുടെ വിക്കറ്റ് വീഴ്ത്തിയ ഇന്ത്യയുടെ ആഹ്ലാദം

പാള്‍: ദക്ഷിണാഫ്രിയ്‌ക്കെതിരെ 297 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യയ്ക്ക് ഒരുവിക്കറ്റ് നഷ്ടമായി.  17 ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ 87/1 എന്ന നിലയിലാണ്. കെഎല്‍ രാഹുലാണ് ഔട്ടായത്. 17 ബോളില്‍ നിന്ന് 12 റണ്‍സാണ് രാഹുലിന്റെ സമ്പാദ്യം. ശിഖര്‍ ധവാനും വീരാട് കൊഹ് ലിയുമാണ് ക്രീസില്‍.

സെഞ്ചുറികളുമായി ക്യാപ്റ്റന്‍ തെംബ ബാവുമയും റാസ്സി വാന്‍ഡര്‍ തകര്‍ത്തടിച്ചതോടെയാണ് ദക്ഷിണാഫ്രിയ്ക്ക് മികച്ച സ്‌കോര്‍ കണ്ടെത്താനായത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക നിശ്ചിത 50 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 296 റണ്‍സ്. 68 റണ്‍സിനിടെ മൂന്നു വിക്കറ്റ് പിഴുത് മികച്ച തുടക്കമിട്ട ഇന്ത്യയ്ക്ക്, നാലാം വിക്കറ്റില്‍ ഇരട്ടസെഞ്ചുറി കൂട്ടുകെട്ടുമായി മിന്നിയ വാന്‍ഡര്‍ ദസ്സന്‍ – ബാവുമ കൂട്ടുകെട്ടാണ് തിരിച്ചടിയായത്. ഇരുവരും സെഞ്ചുറിയും നേടി. 184 പന്തുകള്‍ നീണ്ട കൂട്ടുകെട്ടില്‍ ഇരുവരും പടുത്തുയര്‍ത്തിയത് 204 റണ്‍സ്. പാളില്‍ ഇതിനു മുന്‍പു നടന്ന 13 ഏകദിനങ്ങളില്‍ വിജയകരമായി പിന്തുടര്‍ന്ന ഉയര്‍ന്ന വിജയലക്ഷ്യം 248 റണ്‍സ് മാത്രമാണ്. 

129 റണ്‍സെടുത്ത റാസ്സി വാന്‍ഡര്‍ ദസ്സനാണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോറര്‍. ആക്രമിച്ചു കളിച്ച വാന്‍ഡര്‍ ദസ്സന്‍ 96 പന്തില്‍ ഒന്‍പതു ഫോറും നാലു സിക്‌സും സഹിതമാണ് 129 റണ്‍സെടുത്തത്. ഏകദിനത്തില്‍ ദസ്സന്റെ ഉയര്‍ന്ന സ്‌കോറാണിത്. തെംബ ബാവുമ 110 റണ്‍സെടുത്ത് പുറത്തായി. 143 പന്തില്‍ എട്ടു ഫോറുകള്‍ സഹിതമാണ് ബാവുമ 110 റണ്‍സെടുത്തത്. ഏകദിനത്തില്‍ ഇരുവരുടെയും രണ്ടാം സെഞ്ചുറിയാണിത്. മത്സരത്തിന്റെ 18–ാം ഓവറില്‍ എയ്ഡന്‍ മര്‍ക്രം പുറത്തായതിനു പിന്നാലെ ക്രീസില്‍ ഒരുമിച്ച ഇരുവരും 49–ാം ഓവറിലാണ് പിരിയുന്നത്. അതിനിടെ നേരിട്ടത് 184 പന്തുകള്‍! അടിച്ചുകൂട്ടിയത് 204 റണ്‍സും.

ഓപ്പണര്‍മാരായ ക്വിന്റന്‍ ഡികോക്ക് (41 പന്തില്‍ 27), ജന്നേമന്‍ മലാന്‍ (10 പന്തില്‍ ആറ്), എയ്ഡന്‍ മര്‍ക്രം (11 പന്തില്‍ നാല്) എന്നിവരാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ പുറത്തായത്. ഇന്ത്യയ്ക്ക് ലഭിച്ച നാലു വിക്കറ്റുകളില്‍ രണ്ടെണ്ണം ജസ്പ്രീത് ബുമ്രയുംഒരു വിക്കറ്റ് രവിചന്ദ്രന്‍ അശ്വിനും സ്വന്തമാക്കി. ഒരെണ്ണം അരങ്ങേറ്റ മത്സരം കളിക്കുന്ന ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യരുടെ വക റണ്ണൗട്ടാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com