വെസ്റ്റിന്‍ഡീസ് പരമ്പര: മലയാളി താരം മിഥുന്‍ ഇന്ത്യന്‍ റിസര്‍വ് ടീമില്‍

നാലു വര്‍ഷമായി ആഭ്യന്തരക്രിക്കറ്റിലെ കേരള ടീമിലെ സ്ഥിരാംഗമാണ്  മിഥുന്‍
മിഥുൻ/ ഫെയ്സ്ബുക്ക് ചിത്രം
മിഥുൻ/ ഫെയ്സ്ബുക്ക് ചിത്രം

തിരുവനന്തപുരം: വെസ്റ്റിന്‍ഡീസിനെതിരായ ഏകദിന, ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമില്‍ മലയാളി ബൗളര്‍ എസ് മിഥുനെ ഉള്‍പ്പെടുത്തി. ആലപ്പുഴ കായംകുളം സ്വദേശിയാണ്. ഏഴംഗ റിസര്‍വ് ടീമിലാണ് മിഥുനെ ഉള്‍പ്പെടുത്തിയിട്ടുള്ളത്. 

നാലു വര്‍ഷമായി ആഭ്യന്തരക്രിക്കറ്റിലെ കേരള ടീമിലെ സ്ഥിരാംഗമാണ് ലെഗ് സ്പിന്നറായ മിഥുന്‍. കഴിഞ്ഞ വര്‍ഷം സയിദ് മുഷ്താഖ് അലി ട്രോഫി ട്വന്റി 20 ടൂര്‍ണമെന്റില്‍ 5 മത്സരങ്ങളില്‍ നിന്ന് ഒമ്പതു വിക്കറ്റ് നേടി.

ഈ ടൂര്‍ണമെന്റില്‍ കേരളത്തിന് വേണ്ടി ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന താവുമായി മിഥുന്‍ മാറിയിരുന്നു. ഈ പ്രകടനമാണ് റിസര്‍വ് ടീമിലേക്ക് വഴിതുറന്നത്. ഏകദിന, ട്വന്റി 20 പരമ്പരയ്ക്കുള്ള ടീിമനെ ബിസിസിഐ നേരത്തെ പ്രഖ്യാപിച്ചിരുന്നെങ്കിലും കോവിഡ് ഭീതിയുടെ പശ്ചാത്തലത്തിലാണ് റിസര്‍വ് താരങ്ങളെയും ഉള്‍പ്പെടുത്തിയിട്ടുള്ളത്.

മുൻ രഞ്ജി താരവും ജൂനിയർ ഇന്ത്യൻ ക്രിക്കറ്റ് താരവുമായിരുന്ന എം സുരേഷ്കുമാറിന് ശേഷം ആലപ്പുഴയിൽ നിന്നും ഇന്ത്യൻ ടീമിന് വേണ്ടി ബൗൾ ചെയ്യാൻ അവസരം ലഭിക്കുന്ന താരം ആണ് എസ് മിഥുൻ എന്ന് ആലപ്പുഴ ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ്  എഎം നൗഫൽ പറഞ്ഞു.

തമിഴ്‌നാട് താരങ്ങളായ ഷാരൂഖ് ഖാന്‍, സായ് കിഷോര്‍ എന്നിവരെയും സ്റ്റാൻഡ് ബൈ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.  ആഭ്യന്തര ക്രിക്കറ്റില്‍ മികവു തെളിയിച്ച ഷാരൂഖ് ഖാനെ ഇത്തവണ വിന്‍ഡീസ് പര്യടനത്തിനുള്ള ടീമില്‍ ഉള്‍പ്പെടുത്തതാതിരുന്നത് ഒരു വിഭാഗം ആരാധകര്‍ ചോദ്യം ചെയ്തിരുന്നു.  ഇടം കൈയന്‍ സ്പിന്നറായ സായ് കിഷോറിന്റെ സേവനം നെറ്റ്‌സില്‍ക്കൂടി ഉപയോഗിക്കാനാണ് ബിസിസിഐ ലക്ഷ്യമിടുന്നത്. ഫെബ്രുവരി ആറ് മുതലാണ് ഇന്ത്യ- വെസ്റ്റ് ഇന്‍ഡീസ് പരമ്പര ആരംഭിക്കുക.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com