അര്‍ധ സെഞ്ച്വറിയുമായി പൂജാരയും പന്തും മടങ്ങി; ഇന്ത്യയുടെ ലീഡ് 300 കടന്നു

നാലാം ദിനം രണ്ടാം ഇന്നിങ്‌സ് തുടങ്ങിയ ഇന്ത്യക്ക് ആദ്യ സെഷനില്‍ തന്നെ മികച്ച പ്രതിരോധം തീര്‍ത്ത ചേതേശ്വര്‍ പൂജാരയെ നഷ്ടമായി
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ബിര്‍മിങ്ഹാം: ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റില്‍ ഇന്ത്യന്‍ ലീഡ് 300 കടന്നു. രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടരുന്ന ഇന്ത്യ നിലവില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സെന്ന നിലയില്‍. രണ്ടാം ഇന്നിങ്‌സില്‍ ചേതേശ്വര്‍ പൂജാരയ്ക്ക് പിന്നാലെ ഋഷഭ് പന്തും അര്‍ധ സെഞ്ച്വറി നേടി. ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 416 റണ്‍സെടുത്തപ്പോള്‍ ഇംഗ്ലണ്ടിന്റെ പോരാട്ടം 284 റണ്‍സില്‍ അവസാനിച്ചു. നിലവില്‍ ഇന്ത്യക്ക് 333 റണ്‍സ് ലീഡ്. 

132 റണ്‍സ് ഒന്നാം ഇന്നിങ്‌സ് ലീഡുമായാണ് ഇന്ത്യ മൂന്നാം ദിനം ബാറ്റിങ് തുടങ്ങിയത്. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം കളി അവസാനിപ്പിച്ചു. ശുഭ്മാന്‍ ഗില്‍ (4), ഹനുമ വിഹാരി (11), വിരാട് കോഹ്‌ലി (20) എന്നിവരെയാണ് ഇന്ത്യക്ക് മൂന്നാം ദിനം നഷ്ടമായത്. 

നാലാം ദിനം രണ്ടാം ഇന്നിങ്‌സ് തുടങ്ങിയ ഇന്ത്യക്ക് ആദ്യ സെഷനില്‍ തന്നെ മികച്ച പ്രതിരോധം തീര്‍ത്ത ചേതേശ്വര്‍ പൂജാരയെ നഷ്ടമായി. 168 പന്തുകള്‍ നേരിട്ട പൂജാര എട്ട് ഫോറുകള്‍ സഹിതം 66 റണ്‍സുമായി മടങ്ങി. ബ്രോഡിന്റെ പന്തില്‍ ലീസിന് ക്യാച്ച് നല്‍കിയാണ് പൂജാര മടങ്ങിയത്. 

ഒന്നാം ഇന്നിങ്‌സില്‍ സെഞ്ച്വറി നേടിയ പന്ത് രണ്ടാം ഇന്നിങ്‌സില്‍ 86 പന്തില്‍ 57 റണ്‍സ് എടുത്തു. എട്ട് ഫോറുകളും താരം നേടി. ശ്രേയസ് അയ്യര്‍ 19 റണ്‍സുമായി പുറത്തായി. 7 റണ്‍സുമായി രവീന്ദ്ര ജഡേജയും റണ്ണൊന്നുമെടുക്കാതെ ശാര്‍ദുല്‍ ഠാക്കൂറും ക്രീസില്‍.

ജോണി ബെയര്‍സ്‌റ്റോ നടത്തിയ ഒറ്റയാള്‍ പോരാട്ടത്തിന്റെ ബലത്തിലാണ് ഇംഗ്ലണ്ട് 284 റണ്‍സെടുത്തത്.106 റണ്‍സ് നേടിയ ബെയര്‍സ്‌റ്റോ മുഹമ്മദ് ഷമിയുടെ പന്തില്‍ പുറത്തായി. നാല് വിക്കറ്റെടുത്ത മുഹമ്മദ് സിറാജാണ് ഇന്ത്യന്‍ ബൗളിങ്ങില്‍ തിളങ്ങിയത്. 

5 വിക്കറ്റിന് 84 എന്ന സ്‌കോറില്‍ മൂന്നാം ദിവസത്തെ ബാറ്റിങ്ങ് ആരംഭിച്ച ഇംഗ്ലണ്ട് ബെയര്‍സ്‌റ്റോയുടെ മികവില്‍ പൊരുതിനോക്കിയെങ്കിലും ഇന്ത്യ ലീഡ് സ്വന്തമാക്കുകയായിരുന്നു. 

ഇന്ത്യക്കായി ക്യാപ്റ്റന്‍ ജസ്പ്രിത് ബുമ്‌റ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ശാര്‍ദുല്‍ ഠാക്കൂര്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ സ്വന്തമാക്കി.

നേരത്തെ ഒന്നാം ഇന്നിങ്‌സില്‍ ഋഷഭ് പന്ത് (146), രവീന്ദ്ര ജഡേജ (104) എന്നിവരുടെ സെഞ്ച്വറികളുടെ കരുത്തിലാണ് ഇന്ത്യ മികച്ച സ്‌കോര്‍ സ്വന്തമാക്കിയത്. ബുമ്‌റയുടെ അവസാന ഘട്ടത്തിലെ വെടിക്കെട്ടും നിര്‍ണായകമായി. താരം 16 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സും സഹിതം 31 റണ്‍സ് വാരി.

ഈ വാർത്ത കൂടി വായിക്കാം  

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com