ഫോട്ടോ: പിടിഐ
ഫോട്ടോ: പിടിഐ

കോട്ടകെട്ടി റൂട്ട്, ബെയര്‍സ്‌റ്റോ; 150 റണ്‍സ് കൂട്ടുകെട്ട്; ഇന്ത്യ- ഇംഗ്ലണ്ട് പോര് ആവേശാന്ത്യത്തിലേക്ക്

പിരിയത്താ നാലാം വിക്കറ്റില്‍ ജോ റൂട്ടും ജോണി ബെയര്‍സ്‌റ്റോയും ചേര്‍ന്നാണ് പോരാട്ടം ഇന്ത്യന്‍ ക്യാമ്പിലേക്ക് നയിക്കുന്നത്

ബിര്‍മിങ്ഹാം: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ചാം ക്രിക്കറ്റ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. ഒരു ദിവസവും ഏഴ് വിക്കറ്റും കൈയിലിരിക്കേ ഇംഗ്ലണ്ടിന് ജയിക്കാന്‍ വേണ്ടത് 119 റണ്‍സ് കൂടി. നാലാം ദിനം കളി അവസാനിക്കുമ്പോള്‍ 378 റണ്‍സ് ലക്ഷ്യത്തിലേക്ക് ബാറ്റേന്തുന്ന അവര്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 259 റണ്‍സെന്ന ശക്തമായ നിലയില്‍. 

പിരിയത്താ നാലാം വിക്കറ്റില്‍ ജോ റൂട്ടും ജോണി ബെയര്‍സ്‌റ്റോയും ചേര്‍ന്നാണ് പോരാട്ടം ഇന്ത്യന്‍ ക്യാമ്പിലേക്ക് നയിക്കുന്നത്. ഇരുവരും ചേര്‍ന്ന് സ്‌കോര്‍ ബോര്‍ഡില്‍ 150 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 

റൂട്ട് 112 പന്തില്‍ ഒന്‍പത് ഫോറുകള്‍ സഹിതം 76 റണ്‍സുമായും ബെയര്‍സ്‌റ്റോ 87 പന്തില്‍ എട്ട് ഫോറുകളും ഒരു സിക്‌സും സഹിതം 72 റണ്‍സുമായും ക്രീസില്‍ നില്‍ക്കുന്നു. ഇന്ന് തുടക്കം തന്നെ ഇരുവരേയും മടക്കിയാല്‍ ഒരുപക്ഷേ ഇന്ത്യക്ക് ജയ സാധ്യതയുണ്ട്. ഇന്ന് ജയിച്ചാല്‍ അഞ്ച് മത്സരങ്ങളുടെ പരമ്പര ഇംഗ്ലണ്ടിന് 2-2ന് സമനിലയില്‍ അവസാനിപ്പിക്കാനുള്ള അവസരവും മുന്നിലുണ്ട്. ബെന്‍ സ്റ്റോക്‌സ് ബാറ്റിങിന് ഇറങ്ങാനുണ്ട് എന്നതും ഇംഗ്ലണ്ടിനെ സംബന്ധിച്ച് ആശ്വാസമുള്ള കാര്യമാണ്. 

നേരത്തെ രണ്ടാം ഇന്നിങ്‌സ് തുടങ്ങിയ ഇംഗ്ലണ്ടിനായി അലക്‌സ് ലീസും സാക് ക്രൗളിയും ചേര്‍ന്ന മികച്ച തുടക്കമാണ് നല്‍കിയത്. ഇരുവരും ചേര്‍ന്ന് സെഞ്ച്വറി കൂട്ടുകെട്ടുയര്‍ത്തി. എന്നാല്‍ പിന്നീട് തുടരെ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യ മത്സരത്തിലേക്ക് തിരിച്ചെത്തി. 

അലക്‌സ് ലീസ് 56 റണ്‍സെടുത്ത് മടങ്ങി. സാക് ക്രൗളി 46 റണ്‍സ് കണ്ടെത്തി. മൂന്നാമനായി ക്രീസിലെത്തിയ ഒലി പോപ് സംപുജ്യനായി കൂടാരം കയറി. ഒപ്പണിങ് വിക്കറ്റില്‍ ലീസ് ക്രൗളി സഖ്യം 107 റണ്‍സെടുത്തു. ക്യാപ്റ്റന്‍ ബുമ്രയാണ് ക്രൗളിയെ പുറത്താക്കി ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. ചായ്ക്ക് പിരിഞ്ഞ് മത്സരം തുടങ്ങിയതിന് പിന്നാലെ ഒലി പോപിനെയും ബുമ്ര തന്നെ മടക്കി. അലക്‌സ് ലീസിനെ മുഹമ്മദ് സിറാജ് ജഡേജ സഖ്യം റണ്ണൗട്ടാക്കി. 

നിലവില്‍ 7 റണ്‍സുമായി ജോ റൂട്ടും 7 റണ്‍സുമായി ജോണി ബെയര്‍സ്‌റ്റോയുമാണ് ക്രീസില്‍. 

രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയുടെ പോരാട്ടം 245 റണ്‍സില്‍ അവസാനിച്ചു. ഇതോടെ ഇന്ത്യക്ക് 377 റണ്‍സ് ലീഡായി. ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 416 റണ്‍സാണ് കണ്ടെത്തിയത്. ഇംഗ്ലണ്ട് 284 റണ്‍സും എടുത്തു. 

രണ്ടാം ഇന്നിങ്‌സില്‍ ചേതേശ്വര്‍ പൂജാരയ്ക്ക് പിന്നാലെ ഋഷഭ് പന്തും അര്‍ധ സെഞ്ച്വറി നേടി. 132 റണ്‍സ് ഒന്നാം ഇന്നിങ്‌സ് ലീഡുമായാണ് ഇന്ത്യ മൂന്നാം ദിനം ബാറ്റിങ് തുടങ്ങിയത്. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സെന്ന നിലയില്‍ മൂന്നാം ദിനം കളി അവസാനിപ്പിച്ചു. ശുഭ്മാന്‍ ഗില്‍ (4), ഹനുമ വിഹാരി (11), വിരാട് കോഹ്‌ലി (20) എന്നിവരെയാണ് ഇന്ത്യക്ക് മൂന്നാം ദിനം നഷ്ടമായത്. 

നാലാം ദിനം രണ്ടാം ഇന്നിങ്‌സ് തുടങ്ങിയ ഇന്ത്യക്ക് ആദ്യ സെഷനില്‍ തന്നെ മികച്ച പ്രതിരോധം തീര്‍ത്ത ചേതേശ്വര്‍ പൂജാരയെ നഷ്ടമായി. 168 പന്തുകള്‍ നേരിട്ട പൂജാര എട്ട് ഫോറുകള്‍ സഹിതം 66 റണ്‍സുമായി മടങ്ങി. ബ്രോഡിന്റെ പന്തില്‍ ലീസിന് ക്യാച്ച് നല്‍കിയാണ് പൂജാര മടങ്ങിയത്. 

ഒന്നാം ഇന്നിങ്‌സില്‍ സെഞ്ച്വറി നേടിയ പന്ത് രണ്ടാം ഇന്നിങ്‌സില്‍ 86 പന്തില്‍ 57 റണ്‍സ് എടുത്തു മടങ്ങി. എട്ട് ഫോറുകളും താരം നേടി. ശ്രേയസ് അയ്യര്‍ 19 റണ്‍സുമായി പുറത്തായി. 

രവീന്ദ്ര ജഡേജ (23), ശാര്‍ദുല്‍ ഠാക്കൂര്‍ (4), മുഹമ്മദ് ഷമി (13), ജസ്പ്രിത് ബുമ്ര (7) എന്നിവരാണ് ഔട്ടായ മറ്റുള്ളവര്‍. മുഹമ്മദ് സിറാജ് രണ്ട് റണ്ണുമായി പുറത്താകാതെ നിന്നു.

ഇംഗ്ലണ്ടിനായി ക്യാപ്റ്റന്‍ ബെന്‍ സ്‌റ്റോക്‌സ് നാല് വിക്കറ്റുകള്‍ നേടി. സ്റ്റുവര്‍ട്ട് ബ്രോഡ്, മാത്യു പോട്‌സ് എന്നിവര്‍ രണ്ട് വിക്കറ്റുകള്‍ നേടി. ജെയിംസ് ആന്‍ഡേഴ്‌സന്‍, ജാക്ക് ലീഷ് എന്നിവര്‍ ഓരോ വിക്കറ്റുകള്‍ നേടി.

ഈ വാർത്ത കൂടി വായിക്കാം  

സമകാലിക മലയാളം ഇപ്പോൾ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com