അവസാനനിമിഷം ലോക ചെസ് ഒളിമ്പ്യാഡില്‍ നിന്ന് പാകിസ്ഥാന്‍ പിന്‍മാറി

ഒളിമ്പ്യാഡിന്റെ ഭാഗമായി കശ്മീരിലൂടെ ദീപശിഖാ റാലി നടത്തിയതില്‍ പ്രതിഷേധിച്ചാണ് പിന്‍മാറ്റമെന്ന് പാകിസ്ഥാന്‍ വിദേശകാര്യ വക്താവ് അസിം ഇഫ്തിഖര്‍ പറഞ്ഞു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


ചെന്നൈ: 44ാമത് ലോക ചെസ് ഒളിമ്പ്യാഡില്‍ നിന്ന് പാകിസ്ഥാന്‍ അവസാന നിമിഷം പിന്‍മാറി. ടീം ഇന്ത്യയിലെത്തിയതിന് ശേഷമാണ് ടൂര്‍ണമെന്റില്‍ നിന്ന് വിട്ടുനില്‍ക്കാനുള്ള തീരുമാനം. ഒളിമ്പ്യാഡിന്റെ ഭാഗമായി കശ്മീരിലൂടെ ദീപശിഖാ റാലി നടത്തിയതില്‍ പ്രതിഷേധിച്ചാണ് പിന്‍മാറ്റമെന്ന് പാകിസ്ഥാന്‍ വിദേശകാര്യ വക്താവ് അസിം ഇഫ്തിഖര്‍ പറഞ്ഞു.'ഈ അഭിമാനകരമായ അന്താരാഷ്ട്ര കായികമേളയെ രാഷ്ട്രീയവത്കരിക്കാന്‍ ഇന്ത്യ തെരഞ്ഞെടുത്തു'-അദ്ദേഹം പറഞ്ഞു.

ടീം ഇന്ത്യയിലെത്തിയതിന് ശേഷവും ചെസ് ഒളിമ്പ്യാഡില്‍ പങ്കെടുക്കേണ്ടതില്ലെന്ന് പാകിസ്ഥാന്‍ തീരുമാനിച്ചത് ആശ്ചര്യകരമാണെന്ന്
ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അഭിപ്രായപ്പെട്ടു.

2019ല്‍ ഡല്‍ഹിയില്‍ നടന്ന ലോക ഷൂട്ടിങ് ചാമ്പ്യന്‍ഷിപ്പിന് പാകിസ്ഥാന്‍ അപേക്ഷ നല്‍കിയിരുന്നെങ്കിലും പങ്കെടുത്തില്ല. ഇന്ത്യ വിസ നിഷേധിച്ചതാണ് കാരണം എന്നായിരുന്നു വിശദീകരണം. എന്നാല്‍, 2018-ല്‍ ഒഡീഷയില്‍ നടന്ന ഹോക്കി ലോകകപ്പിലും കഴിഞ്ഞവര്‍ഷം നടന്ന ജൂനിയര്‍ ലോകകപ്പിലും പാകിസ്ഥാന്‍ പങ്കെടുത്തിരുന്നു.ഓപ്പണ്‍, വനിതാ വിഭാഗങ്ങളിലെ അഞ്ചുപേര്‍വീതമുള്ള ടീമുകളും മൂന്ന് ഒഫീഷ്യല്‍സുമായി 13 അംഗ സംഘത്തെയാണ് പാകിസ്ഥാന്‍ ചെസ് ഒളിമ്പ്യാഡിന് തെരഞ്ഞെടുത്തിരുന്നു. കഴിഞ്ഞമാസം പാക് ദേശീയ കിരീടം ചൂടിയ ആമിര്‍ കരിമിയാണ് ഓപ്പണ്‍ വിഭാഗത്തിന്റെ ക്യാപ്റ്റന്‍.

ചെന്നൈ നെഹ്റു സ്റ്റേഡിയത്തില്‍ വൈകിട്ട് ആറിന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും. മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ മുഖ്യാതിഥിയാകും. മത്സരങ്ങള്‍ നാളെമുതല്‍ ആഗസ്ത് 10 വരെ മഹാബലിപുരത്ത് നടക്കും. ആദ്യ റൗണ്ട് മത്സരം നാളെ പകല്‍ മൂന്നിന് മഹാബലിപുരത്തുള്ള ഫോര്‍ പോയിന്റ് ഷെറാട്ടണ്‍ ഹോട്ടലില്‍ ആരംഭിക്കും. ഓപ്പണ്‍, വനിതാ വിഭാഗങ്ങളിലാണ് മത്സരം. ഓപ്പണില്‍ 188 ടീമുകളും വനിതകളില്‍ 162 ടീമുകളും അണിനിരക്കും. ആതിഥേയരായതിനാല്‍ ഇന്ത്യ രണ്ട് വിഭാഗത്തിലും മൂന്ന് ടീമുകളെവീതം ഇറക്കുന്നു. ഒരു ടീമില്‍ അഞ്ച് കളിക്കാരാണുള്ളത്. ഒരു റൗണ്ടില്‍ രണ്ട് ടീമുകളിലെ നാല് കളിക്കാര്‍വീതം പരസ്പരം ഏറ്റുമുട്ടും. കൂടുതല്‍ മത്സരം ജയിക്കുന്ന ടീം വിജയിയാകും. ആകെ 11 റൗണ്ട് മത്സരമാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com