മികച്ച ഫോം, പരമ്പരയുടെ താരം; പുതിയ റെക്കോര്‍ഡിട്ട് ഭുവനേശ്വര്‍ കുമാര്‍

നാല് ഇന്നിങ്‌സുകളില്‍ നിന്നായി ആറ് വിക്കറ്റുകളാണ് താരം പരമ്പരയില്‍ വീഴ്ത്തിയത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പര 2-2ന് സമനിലയില്‍ അവസാനിച്ചെങ്കിലും ഇന്ത്യക്കായി മികച്ച രീതിയില്‍ പന്തെറിയാന്‍ പേസര്‍ ഭുവനേശ്വര്‍ കുമാറിന് സാധിച്ചു. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യന്‍ തോറ്റെങ്കിലും ഭുവി മികവോടെ പന്തെറിഞ്ഞു. 

നാല് ഇന്നിങ്‌സുകളില്‍ നിന്നായി ആറ് വിക്കറ്റുകളാണ് താരം പരമ്പരയില്‍ വീഴ്ത്തിയത്. റണ്‍സ് വിട്ടുകൊടുക്കുന്നതിലും പിശുക്കു കാണിച്ചു. പരമ്പരയുടെ താരമായി മാറാനും ഭുവനേശ്വറിന് ഈ പ്രകടനത്തിന്റെ പിന്‍ബലത്തില്‍ സാധിച്ചു. 

ഇപ്പോഴിതാ മാന്‍ ഓഫ് ദി സീരീസ് പുരസ്‌കാര നേട്ടത്തിലൂടെ ഒരു അപൂര്‍വ റെക്കോര്‍ഡും ഭുവി സ്വന്തമാക്കിയിരിക്കുകയാണ്. ഏറ്റവും കൂടുതല്‍ മാന്‍ ഓഫ് ദി സീരീസ് പുരസ്‌കാരങ്ങള്‍ നേടുന്ന ഇന്ത്യന്‍ പേസര്‍മാരില്‍ ഒന്നാം സ്ഥാനം ഇനി ഭുവനേശ്വറിന് സ്വന്തം. 

64 ടി20 മത്സരങ്ങളില്‍ കളിച്ചിട്ടുള്ള താരത്തിന്റെ കരിയറിലെ നാലാം മാന്‍ ഓഫ് ദി സീരീസ് പുരസ്‌കാരമാണിത്. സഹീര്‍ ഖാന്‍, ഇഷാന്ത് ശര്‍മ എന്നിവരുടെ റെക്കോര്‍ഡാണ് ഭുവനേശ്വര്‍ പിന്തള്ളിയത്. ഇരുവരും മൂന്ന് വീതം തവണയാണ് പരമ്പരയുടെ താരമായി മാറിയത്. ഈ റെക്കോര്‍ഡാണ് ഭുവി തിരുത്തിയത്. 

2013ല്‍ ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ് ടീമുകള്‍ പങ്കെടുത്ത ത്രിരാഷ്ട്ര പരമ്പരയിലാണ് ആദ്യമായി ഭുവി പരമ്പരയുടെ താരമായത്. പിന്നീട് 2014ല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ലോര്‍ഡ്‌സില്‍ 84 റണ്‍സിന് ആറ് വിക്കറ്റ് വീഴ്ത്തിയതടക്കമുള്ള മികച്ച പ്രകടനങ്ങള്‍ നടത്തി മികച്ച താരമായി. 2018ല്‍ ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിലും അഞ്ച് വിക്കറ്റടക്കമുള്ള നേട്ടങ്ങളുമായി പരമ്പരയുടെ താരമായി മാറി. 

വരാനിരിക്കുന്ന അയര്‍ലന്‍ഡിനെതിരായ ടി20 പരമ്പരയിലും താരം മികച്ച പ്രകടനം പുറത്തെടുക്കുമെന്നാണ് പ്രതീക്ഷ. പരമ്പരയില്‍ ഹര്‍ദിക് പാണ്ഡ്യ ഇന്ത്യയെ നയിക്കുമ്പോള്‍ വൈസ് ക്യാപ്റ്റനായി ഭുവനേശ്വര്‍ പേസ് നിരയ്ക്ക് നേതൃത്വം നല്‍കും.

ഈ വാര്‍ത്ത കൂടി വായിക്കാം

‘സഞ്ജു ഉൾപ്പെടെയുള്ളവർ നമുക്കുണ്ട്; ഋഷഭ് പന്ത് ലോകകപ്പ് കളിക്കുമെന്ന് ഒരു ഉറപ്പുമില്ല‘
 
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com