ചെല്‍സിയുടെ വില 22,670 കോടി; സ്വന്തമാക്കാന്‍ സ്വിസ്, അമേരിക്കന്‍ വമ്പന്മാര്‍ മത്സരത്തിന്‌

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് ചെല്‍സിയെ വില്‍ക്കാന്‍ ശ്രമിക്കുന്ന ഉടമ അബ്രാമോവിച്ചിന് 22,670 കോടി രൂപയുടെ ഓഫര്‍ ലഭിച്ചതായി സൂച
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ക്ലബ് ചെല്‍സിയെ വില്‍ക്കാന്‍ ശ്രമിക്കുന്ന ഉടമ അബ്രാമോവിച്ചിന് 22,670 കോടി രൂപയുടെ ഓഫര്‍ ലഭിച്ചതായി സൂചന. സ്വിറ്റ്‌സര്‍ലന്‍ഡ് ശതകോടീശ്വരന്‍ ഹന്‍സ്യോര്‍ഗ് വിസ് ആണ് 300 കോടി ഡോളറിന്റെ ഓഫര്‍ ചെല്‍സിക്കായി മുന്‍പില്‍ വെച്ചത്. 

സ്വിസ് ശതകോടീശ്വരനൊപ്പം അമേരിക്കന്‍ നിക്ഷേപകന്‍ ടോഡ് ബൊയലിയും ചാമ്പ്യന്‍സ് ലീഗ് ചാമ്പ്യന്മാരെ സ്വന്തമാക്കാനായി എത്തിയിട്ടുണ്ട്. ആരാവും ചെല്‍സിയുടെ പുതിയ ഉടമ എന്നറിയാനുള്ള ആകാംക്ഷയിലാണ് ഫുട്‌ബോള്‍ ലോകം. 

യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തിന് പിന്നാലെ അബ്രാമോവിച്ചിന്റെ സ്വത്തുകള്‍ കണ്ടുകെട്ടണം എന്ന ആവശ്യം ഉയര്‍ന്നതോടെയാണ് അബ്രാമോവിച്ച് ചെല്‍സി വില്‍ക്കാന്‍ ശ്രമിക്കുന്നത്. സ്വത്തുകള്‍ കണ്ടുകെട്ടണം എന്ന് ലേബര്‍ പാര്‍ട്ടി എംപി ആവശ്യപ്പെട്ടതിന് പിന്നാലെ ചെല്‍സിയുടെ നടത്തിപ്പ് അവകാശം അബ്രാമോവിച്ച് ക്ലബിന്റെ ചാരിറ്റി സൊസൈറ്റിക്ക് കൈമാറി. 

തുക യുക്രൈന്‍, റഷ്യ രാജ്യങ്ങളില്‍ യുദ്ധത്തിന്റെ ഇരകള്‍ക്ക്‌

ചാരിറ്റി സൊസൈറ്റിക്ക് നടത്തിപ്പ് അവകാശം കൈമാറി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെയാണ് ക്ലബ് വില്‍ക്കുമെന്ന പ്രഖ്യാപനം അബ്രാമോവിച്ചില്‍ നിന്ന് വന്നത്. ചെല്‍സി ക്ലബിനെ വില്‍ക്കുന്നതില്‍ നിന്ന് ലഭിക്കുന്ന തുക യുദ്ധത്തിന്റെ ഇരകള്‍ക്ക് നല്‍കുമെന്നും അബ്രാമോവിച്ച് വ്യക്തമാക്കി. 

യുക്രൈനിലേയും റഷ്യയിലേയും യുദ്ധത്തിന്റെ ഇരകള്‍ക്ക് ഇത് ഈ തുക നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 2003ലാണ് അബ്രാമോവിച്ച് ചെല്‍സി സ്വന്തമാക്കുന്നത്. അബ്രാമോവിച്ചിന്റെ ഉടമസ്ഥതയ്ക്ക് കീഴില്‍ 19 പ്രധാന കിരീടങ്ങളില്‍ ചെല്‍സി മുത്തമിട്ടു. രണ്ട് ചാമ്പ്യന്‍സ് ലീഗ് കിരീടവും അഞ്ച് പ്രീമിയര്‍ ലീഗും ഇതില്‍ ഉള്‍പ്പെടുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com