ക്യാപ്റ്റന്‍സി ഒഴിഞ്ഞത് കോഹ്‌ലിയുടെ സമര്‍ഥമായ തീരുമാനം, അതിപ്പോള്‍ ഗുണം ചെയ്യും: രവി ശാസ്ത്രി 

ക്യാപ്റ്റന്‍ സ്ഥാനം ഉപേക്ഷിക്കാന്‍ വിരാട് കോഹ്‌ലി എടുത്തത് സമര്‍ഥമായ തീരുമാനമെന്ന് ഇന്ത്യയുടെ മുന്‍ പരിശീലകന്‍ രവി ശാസ്ത്രി
വിരാട് കോഹ്‌ലി, രവി ശാസ്ത്രി/ഫയല്‍ ചിത്രം
വിരാട് കോഹ്‌ലി, രവി ശാസ്ത്രി/ഫയല്‍ ചിത്രം

മുംബൈ: ക്യാപ്റ്റന്‍ സ്ഥാനം ഉപേക്ഷിക്കാന്‍ വിരാട് കോഹ്‌ലി എടുത്തത് സമര്‍ഥമായ തീരുമാനമെന്ന് ഇന്ത്യയുടെ മുന്‍ പരിശീലകന്‍ രവി ശാസ്ത്രി. ഈ ഐപിഎല്‍ സീസണില്‍ കുടുതല്‍ നന്നായി കളിക്കാന്‍ ഇത് കോഹ്‌ലിക്ക് വഴിയൊരുക്കുമെന്ന് രവി ശാസ്ത്രി പറഞ്ഞു. 

ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്നത് നിര്‍ഭാഗ്യം എന്ന് തോന്നിച്ചെങ്കിലും അത് ഭാഗ്യമായി വരികയാണ്. ക്യാപ്റ്റന്‍സി നല്‍കിയിരുന്ന സമ്മര്‍ദം കോഹ് ലിയുടെ ചുമലില്‍ നിന്ന് ഒഴിഞ്ഞു കഴിഞ്ഞു. ക്യാപ്റ്റന്‍ എന്ന നിലയില്‍ ഉണ്ടായിരുന്ന പ്രതീക്ഷയുടെ ഭാരവും ഇപ്പോഴില്ല. ഗ്രൗണ്ടിലേക്ക് ഇറങ്ങി കോഹ് ലിക്ക് സ്വതന്ത്രമായി ഇനി കളിക്കാം. അത് തന്നെയാവും കോഹ് ലി ചെയ്യുക എന്നാണ് ഞാന്‍ പ്രതീക്ഷിക്കുന്നത്, രവി ശാസ്ത്രി പറഞ്ഞു. 

ക്യാപ്റ്റന്‍സി ഒഴിയാനെടുത്തത് സമര്‍ഥമായ തീരുമാനമാണ്. ടെസ്റ്റ് ക്യാപ്റ്റനായി കോഹ് ലിക്ക് തുടരാമായിരുന്നു എന്ന അഭിപ്രായമാണ് എനിക്ക് ഇപ്പോഴും. പക്ഷേ അത് കോഹ് ലിയുടെ വ്യക്തിപരമായ ഇഷ്ടമാണ്. സ്വന്തം പ്രകടനത്തില്‍ ആശങ്കപ്പെടാതിരിക്കുക എന്നതാണ് കോഹ് ലി ഇനി ചെയ്യേണ്ടത്. 

ഇനി കോഹ്‌ലി സ്വയം ആസ്വദിച്ച് കളിക്കുകയാണ് ചെയ്യേണ്ടത്

ലോക ക്രിക്കറ്റില്‍ വേണ്ടത്രയും നന്നായി കോഹ്‌ലി കളിച്ചു കഴിഞ്ഞു. ഇനി സ്വയം ആസ്വദിച്ച് കളിക്കുകയാണ് ചെയ്യേണ്ടത്. അവിടെ പോയി സ്വയം മറന്ന് അസ്വദിച്ച് കളിക്കാന്‍ സ്വയം പറയുകയാണ് വേണ്ടത്. മൂന്ന് ഫോര്‍മാറ്റിലും ക്യാപ്റ്റനായിരിക്കുക ചെറിയ കാര്യമല്ല. പ്രത്യേകിച്ചും ഇന്ത്യന്‍ ക്യാപ്റ്റനായിരിക്കുക. ലോകത്തിലെ ഏറ്റവും പ്രാധാന്യമുള്ള ജോലിയാണ് അതെന്നും ശാസ്ത്രി പറഞ്ഞു. 

മറ്റൊരു ക്യാപ്റ്റന്‍ നേരിടുന്നതിനേക്കാള്‍ കൂടുതല്‍ സമ്മര്‍ദം ഒരു ഇന്ത്യന്‍ ക്യാപ്റ്റന്‍ നേരിടണം. കാരണം കോടിക്കണക്കിന് ജനങ്ങളുടെ പ്രതീക്ഷയാണ് മുന്‍പിലുള്ളത്. കോഹ് ലിയെ പോലെ വലിയൊരു നിലവാരം സൃഷ്ടിച്ച് വെച്ചിരിക്കുമ്പോള്‍ അത് വെച്ചാവും ആരാധകരുടെ പ്രതീക്ഷ. എല്ലാ കളിയും ജയിക്കും എന്നാവും പ്രതീക്ഷ. എന്നാല്‍ ഏതൊരു മികച്ച ടീമിനും മോശം സമയമുണ്ടാവുമെന്നും ശാസ്ത്രി ചൂണ്ടിക്കാണിക്കുന്നു. 

കോഹ്‌ലിക്ക് ഓപ്പണറാവാം

ക്യാപ്റ്റനായി ബാംഗ്ലൂരിന് കോഹ് ലിയെ ഉപയോഗിക്കാനാവുമോ എന്ന ചോദ്യത്തിനും ശാസ്ത്രി മറുപടി നല്‍കുന്നു. ടീമിന്റെ ബാലന്‍സ് നോക്കിയാവും അത് തീരുമാനിക്കേണ്ടത്. ബാംഗ്ലൂരിന്റെ മധ്യനിര എങ്ങനെയെന്ന് എനിക്ക് അറിയില്ല. മധ്യനിര ശക്തമാണ് എങ്കില്‍ കോഹ് ലി ഓപ്പണറാവുന്നതില്‍ പ്രശ്‌നമില്ലെന്നും അദ്ദേഹം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com