ആദ്യ 30 പന്തില്‍ 17 റണ്‍സ്, അടുത്ത 27 പന്തില്‍ 71 റണ്‍സ്! ഡുപ്ലെസി ശരിക്കും ആഘോഷിച്ചു; ഒപ്പം അപൂര്‍വ റെക്കോര്‍ഡും

ബാറ്റ്‌സ്മാനെന്ന നിലയില്‍ ഡുപ്ലെസി കത്തിക്കയറുകയായിരുന്നു. കഴിഞ്ഞ സീസണില്‍ നിര്‍ത്തിയിടത്തു നിന്നാണ് ഇക്കുറി താരം ആരംഭിച്ചത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മുംബൈ: കഴിഞ്ഞ സീസണിലെ ഐപിഎല്‍ ഫൈനലില്‍ സെഞ്ച്വറിയുടെ വക്കിലെത്തിയ ശേഷമാണ് അന്ന് ചെന്നൈ സൂപ്പര്‍ കിങ്‌സ് താരമായിരുന്ന ഫാഫ് ഡുപ്ലെസി തിരികെ കയറിയത്. കരുത്തുറ്റ അര്‍ധ സെഞ്ച്വറിയുമായി ടീമിന് കിരീടം സമ്മാനിച്ചാണ് ഡുപ്ലെസി ചെന്നൈ ടീമിന്റെ പടിയിറങ്ങിയത്. 

ഈ സീസണില്‍ താരത്തെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരാണ് സ്വന്തമാക്കിയത്. പിന്നാലെ കോഹ്‌ലിയുടെ പിന്‍ഗാമിയായി ടീമിന്റെ നായക സ്ഥാനവും 37കാരനായ ദക്ഷിണാഫ്രിക്കയുടെ താരത്തിന് ലഭിച്ചു. ടീം പരാജയപ്പെട്ടെങ്കിലും നായകനായി ഇറങ്ങി ഡുപ്ലെസി ബാറ്റിങ് ശരിക്കും ആഘോഷിക്കുന്ന കാഴ്ചയായിരുന്നു പഞ്ചാബിനെതിരായ പോരാട്ടത്തില്‍ കണ്ടത്. 

ആദ്യ മത്സരത്തില്‍ പഞ്ചാബ് കിങ്‌സിനോട് മികച്ച സ്‌കോര്‍ നേടിയിട്ടും പരാജയപ്പെടാനായിരുന്നു ആര്‍സിബി നായകനായുള്ള അരങ്ങേറ്റത്തില്‍ ഡുപ്ലെസിക്ക് യോഗമുണ്ടായത്. എന്നാല്‍ ബാറ്റ്‌സ്മാനെന്ന നിലയില്‍ ഡുപ്ലെസി കത്തിക്കയറുകയായിരുന്നു. കഴിഞ്ഞ സീസണില്‍ നിര്‍ത്തിയിടത്തു നിന്നാണ് ഇക്കുറി താരം ആരംഭിച്ചത്.

ഓപ്പണറായി ഇറങ്ങിയ ഡുപ്ലെസി 57 പന്തില്‍ മൂന്ന് ഫോറും ഏഴ് പടുകൂറ്റന്‍ സിക്‌സറുകളും സഹിതം 88 റണ്‍സെടുത്ത് 18ാം ഓവറിലാണ് മടങ്ങിയത്. തുടക്കത്തില്‍ താളം കണ്ടെത്താന്‍ വിഷമിച്ച ഡുപ്ലെസി ആദ്യ 30 പന്തില്‍ നിന്ന് നേടിയത് 17 റണ്‍സ് മാത്രമാണ്. പിന്നീട് ട്രാക്കിലായ നായകന്‍ അടുത്ത 27 പന്തില്‍ നിന്ന് അടിച്ചുകൂട്ടിയത് 71 റണ്‍സാണ്!

മികച്ച ബാറ്റിങിനൊപ്പം ഒരു അപൂര്‍വ റെക്കോര്‍ഡും ഡുപ്ലെസി സ്വന്തമാക്കി. ക്യാപ്റ്റനായി അരങ്ങേറി ഏറ്റവും മികച്ച വ്യക്തിഗത സ്‌കോര്‍ നേടുന്ന ആദ്യ  വിദേശ താരമെന്ന അപൂര്‍വ റെക്കോര്‍ഡാണ് ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍ സ്വന്തം പേരില്‍ ചേര്‍ത്തത്. വിന്‍ഡീസ് താരവും മുംബൈ സൂപ്പര്‍ സ്റ്റാറുമായ കെയ്‌റോണ്‍ പൊള്ളാര്‍ഡിന്റെ 83 റണ്‍സെന്ന റെക്കോര്‍ഡാണ് ഡുപ്ലെസി തിരുത്തി എഴുതിയത്. 

ഡുപ്ലെസിയുടെ കൈയുടെ ചൂട് ഏറ്റവും കൂടുതല്‍ അറിഞ്ഞ ടീം കൂടിയാണ് പഞ്ചാബ്. കിങ്‌സിനെതിരെ എട്ടാം അര്‍ധ സെഞ്ച്വറിയാണ് താരം ഇത്തവണ കുറിച്ചത്. പഞ്ചാബിനെതിരെ ഡുപ്ലെസിയുടെ ബാറ്റിങ് ആവേറജ് 60 ആണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com