പ്രീക്വാര്‍ട്ടറിലും ക്വാര്‍ട്ടറിലും സെമിയിലും ഗോള്‍; അത്ഭുത മനുഷ്യന്‍ മത്തേയൂസിന്റെ നേട്ടവും കടപുഴക്കും 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 14th December 2022 07:39 AM  |  

Last Updated: 14th December 2022 07:39 AM  |   A+A-   |  

messi68

ഫോട്ടോ: എഎഫ്പി

 

ദോഹ: ഏറ്റവും കൂടുതല്‍ ലോകകപ്പ് മത്സരങ്ങള്‍ എന്ന റെക്കോര്‍ഡില്‍ ജര്‍മന്‍ ഇതിഹാസം ലോതര്‍ മത്തേയൂസിനൊപ്പമെത്തി മെസി. ക്രൊയേഷ്യക്കെതിരെ സെമി ഫൈനലിന് ഇറങ്ങിയതോടെ ലോകകപ്പിലെ മെസിയുടെ 25ാം മത്സരമായിരുന്നു ഇത്. ഫൈനലില്‍ മെസി ഇറങ്ങുന്നതോടെ ഏറ്റവും കൂടുതല്‍ ലോകകപ്പ് മത്സരങ്ങള്‍ കളിച്ച താരം എന്ന റെക്കോര്‍ഡ് മെസിയുടെ പേരിലേക്ക് വരും. 

2006 ലോകകപ്പിലാണ് മെസി ആദ്യം കളിച്ചത്. ഖത്തറിലേത് മെസിയുടെ അഞ്ചാം ലോകകപ്പ്. അഞ്ച് ലോകകപ്പുകളിലായാണ് മതേയൂസും കളിച്ചത്. 1982 മുതല്‍ 1998 വരെ. 24 ലോകകപ്പ് മത്സരങ്ങള്‍ കളിച്ച ജര്‍മന്‍ താരം മിറോസ്ലാവ് ക്ലോസെയാണ് മെസിക്കും മതേയൂസിനും പിന്നിലുള്ളത്. 

ഒരു ലോകകപ്പിലെ പ്രീക്വാര്‍ട്ടറിലും ക്വാര്‍ട്ടറിലും സെമി ഫൈനലിലും ഗോള്‍ നേടുന്ന ആറാമത്തെ മാത്രം താരവുമായും മെസി മാറി. അര്‍ജന്റീനക്കായി ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരം എന്ന നേട്ടം ബാറ്റിസ്റ്റിയൂട്ടയെ മറികടന്ന് മെസി സ്വന്തമാക്കി. ലോകകപ്പിലെ ഗോള്‍ വേട്ടയില്‍ ആറാം സ്ഥാനത്താണ് മെസി ഇപ്പോള്‍. 

12 ഗോളുമായി പെലെ, 13 വട്ടം വല കുലുക്കിയ ഫോന്റെയ്ന്‍, 14 ഗോളുകള്‍ നേടിയ ഗെര്‍ഡ് മുള്ളര്‍, 15 വട്ടം വല കുലുക്കിയ ബ്രസീലിന്റെ റൊണാള്‍ഡോ, 16 ഗോളുകളുമായി ജര്‍മനിയുടെ മിറോസ്ലാ ക്ലോസെ എന്നിവരാണ് മെസിക്ക് മുന്‍പിലുള്ളത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

മെസിയെ തടയാനാവാതെ വീണ് ക്രൊയേഷ്യ, ഒരു ജയം അകലെ കിരീടം!

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ