തകര്‍ത്തടിച്ച് ടോം ലാതം; ഇന്ത്യ ഉയര്‍ത്തിയ കൂറ്റന്‍ ലക്ഷ്യം അനായാസം മറികടന്ന് ന്യൂസിലന്‍ഡ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th November 2022 03:19 PM  |  

Last Updated: 25th November 2022 03:19 PM  |   A+A-   |  

latham

 

ഓക്‌ലന്‍ഡ്: ന്യൂസിലന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് തോല്‍വി. ഏഴ് വിക്കറ്റിന് കിവികള്‍ വിജയം പിടിച്ചു. ഇന്ത്യ മുന്നില്‍ വച്ച കൂറ്റന്‍ വിജയ ലക്ഷ്യം 47.1 ഓവറില്‍ ന്യൂസിലന്‍ഡ് അടിച്ചെടുത്തു.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 306 റണ്‍സെന്ന മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തി. വിജയം തേടിയിറങ്ങിയ ന്യൂസിലന്‍ഡ് 17 പന്തുകള്‍ ബാക്കി നിര്‍ത്തി മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 309 റണ്‍സ് അടിച്ചാണ് ആവേശ വിജയം സ്വന്തമാക്കിയത്.

സെഞ്ച്വറിയുമായി ടോം ലാതവും അര്‍ധ സെഞ്ച്വറിയുമായി ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസനും പുറത്താകാതെ നിന്നാണ് കിവികളെ വിജയ തീരത്തെത്തിച്ചത്. നാലാം വിക്കറ്റില്‍ പിരിയാതെ ഇരുവരും ചേര്‍ന്ന് 221 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി.

പുറത്താകാതെ 104 പന്തുകള്‍ നേരിട്ട് 145 റണ്‍സാണ് ടോം ലാതം അടിച്ചെടുത്തത്. 19 ഫോറുകളും അഞ്ച് സിക്‌സും സഹിതമാണ് താരത്തിന്റെ മിന്നും ശതകം. കരിയറിലെ ഏറ്റവും മികച്ച ഏകദിന വ്യക്തിഗത സ്‌കോറും താരം സ്വന്തമാക്കി. ഏഴാം ഏകദിന സെഞ്ച്വറി കൂടിയാണ് ലാതം നേടിയത്.

വില്ല്യംസന്‍ 98 പന്തുകള്‍ നേരിട്ട് 94 റണ്‍സെടുത്തു. ഏഴ് ഫോറും ഒരു സിക്‌സും ഉള്‍പ്പെടുന്നതാണ് അര്‍ധ ശതകം. ഓപ്പണര്‍മാരായ ഫിന്‍ അല്ലന്‍ (22), ഡെവോണ്‍ കോണ്‍വെ (24), ഡാരില്‍ മിചല്‍ (11) എന്നിവരാണ് പുറത്തായ കിവി താരങ്ങള്‍. ഇന്ത്യക്കായി ഉമ്രാന്‍ മാലിക് രണ്ടും ശാര്‍ദുല്‍ ഠാക്കൂര്‍ ഒരു വിക്കറ്റും വീഴ്ത്തി.

ഇന്ത്യയെ തുണച്ചത് മൂന്ന് അർധ സെഞ്ച്വറികൾ

നേരത്തെ നായകന്‍ ശിഖര്‍ ധവാന്‍, ഓപ്പണര്‍ ശുഭ്മാന്‍ ഗില്‍, ശ്രേയസ്സ് അയ്യര്‍ എന്നിവരുടെ അര്‍ധ സെഞ്ച്വറികളാണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. ഇന്ത്യയ്ക്കു വേണ്ടി സഞ്ജു സാംസണ്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരും ബാറ്റിങ്ങില്‍ തിളങ്ങി.

ധവാന്‍ 72 ഉം ഗില്‍ 50 ഉം ശ്രേയസ്സ് 80 ഉം റണ്‍സെടുത്തു. ആറാമനായി ഇറങ്ങിയ സഞ്ജു സാംസണ്‍ 38 പന്തില്‍ 36 റണ്‍സെടുത്തു. 16 പന്തില്‍ 37 റണ്‍സെടുത്ത വാഷിങ്ടണ്‍ സുന്ദറിന്റെ തകര്‍പ്പന്‍ ബാറ്റിംഗാണ് ഇന്ത്യന്‍ സ്‌കോര്‍ 300 കടത്തിയത്. മൂന്നു ബൗണ്ടറിയും മൂന്നു സിക്‌സും സഹിതമാണ് സുന്ദര്‍ 37 റണ്‍സെടുത്തത്. ഋഷഭ് പന്ത് 15 ഉം, സൂര്യകുമാര്‍ നാലു റണ്‍സുമെടുത്ത് പുറത്തായി.

ടോസ് നേടിയ ന്യൂസിലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണ്‍ ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഇന്ത്യന്‍ നിരയില്‍ ഉമ്രാന്‍ മാലിക്കും അര്‍ഷ് ദീപ് സിങ്ങും ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ചു. ന്യൂസിലന്‍ഡിനെതിരായ ട്വന്റി 20 പരമ്പര ഇന്ത്യ 10 ന് വിജയിച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

അത് പെനാല്‍റ്റിയല്ല, റൊണാള്‍ഡോ ഒപ്പിച്ചെടുത്തത്‌; വെയ്ന്‍ റൂണി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ