തുടക്കത്തിലെ ഞെട്ടിച്ച് കാനഡ; പിന്നാലെ തുടരെ നാലുഗോളുകള്‍, ക്രൊയേഷ്യന്‍ വീര്യം

ഫിഫ ലോകകപ്പില്‍ പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ സജീവമാക്കി ക്രൊയേഷ്യ
ഗോളടിച്ചതിനെ തുടര്‍ന്ന് ക്രൊയേഷ്യന്‍ താരം ക്രമാരിച്ചിന്റെ ആഹ്ലാദ പ്രകടനം, എപി
ഗോളടിച്ചതിനെ തുടര്‍ന്ന് ക്രൊയേഷ്യന്‍ താരം ക്രമാരിച്ചിന്റെ ആഹ്ലാദ പ്രകടനം, എപി

ദോഹ: ഫിഫ ലോകകപ്പില്‍ പ്രീ ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ സജീവമാക്കി ക്രൊയേഷ്യ. എഫ് ഗ്രൂപ്പില്‍ കാനഡയെ ഒന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് ക്രൊയേഷ്യ കീഴടക്കിയത്. മത്സരത്തിന്റെ രണ്ടാം മിനിറ്റില്‍ അല്‍ഫോന്‍സോ ഡേവിസിലൂടെ കാനഡ മുന്നിലെത്തിയപ്പോള്‍ നാലു ഗോളുകള്‍ തിരിച്ചടിച്ചാണ് ക്രൊയേഷ്യ മറുപടി നല്‍കിയത്. ആന്ദ്രേജ് ക്രമാരിച് (36, 70), മാര്‍കോ ലിവാജ (44), ലവ്‌റോ മാജര്‍ (94) എന്നിവരാണ് ക്രൊയേഷ്യയ്ക്കായി ഗോളുകള്‍ നേടിയത്. 

ഇതോടെ രണ്ടു കളികളില്‍ നിന്ന് നാലുപോയന്റുമായി ഒന്നാം സ്ഥാനത്താണ് ക്രൊയേഷ്യ.ആദ്യ മത്സരത്തില്‍ മൊറോക്കോയോട് ഗോള്‍ രഹിത സമനില ക്രൊയേഷ്യ വഴങ്ങിയിരുന്നു.ഡിസംബര്‍ ഒന്നിനു ബല്‍ജിയത്തെ തോല്‍പിച്ചാല്‍ ക്രൊയേഷ്യയ്ക്ക് അനായാസം അടുത്ത റൗണ്ടിലെത്താം. രണ്ടാം കളിയും തോറ്റ കാനഡ ഗ്രൂപ്പിലെ അവസാന സ്ഥാനക്കാരാണ്. 

തേജോണ്‍ ബുചാനന്‍ പെനല്‍റ്റി ഏരിയയിലേക്ക് ക്രൊയേഷ്യ താരങ്ങളായ ലോവ്‌റന്‍, ജുറാനോവിച്ച് എന്നിവര്‍ക്കിടയിലൂടെ നല്‍കിയ ക്രോസിലായിരുന്നു കാനഡയുടെ ലോകകപ്പിലെ ആദ്യ ഗോള്‍ പിറന്നത്. അല്‍ഫോന്‍സോ ഡേവിസിന്റെ ഹെഡര്‍ ക്രൊയേഷ്യ ഗോള്‍ കീപ്പര്‍ ലിവാകോവിച്ചിനെ മറികടന്ന് വലയിലെത്തുകയായിരുന്നു. ലോകകപ്പില്‍ കാനഡയുടെ ആദ്യ ഗോളാണിത്. 

36-ാം മിനിറ്റില്‍ ക്രൊയേഷ്യ മറുപടി നല്‍കി. കാനഡയുടെ പെനാല്‍റ്റി ഏരിയയുടെ ഇടതു മൂലയിലൂടെ ഇവാന്‍ പെരിസിച്ചിന്റെ മുന്നേറ്റത്തില്‍ ആന്ദ്രേജ് ക്രമാരിചിന് പാസ് നല്‍കി. ആത്മവിശ്വാസത്തോടെ ക്രമാരിച് പന്ത് വലയിലെത്തിച്ചു.സമനില ഗോള്‍ നേടി എട്ടു മിനിറ്റുകള്‍ക്കുള്ളില്‍ ക്രൊയേഷ്യ രണ്ടാമത്തെ ഗോള്‍ നേടി ലീഡുയര്‍ത്തി. 

കാനഡയുടെ പെനാല്‍റ്റി ഏരിയയില്‍ പന്തു ലഭിച്ച ജുറാനോവിച് പ്രതിരോധ താരങ്ങളെ കടന്ന് ലിവാജയ്ക്കു പാസ് നല്‍കി. ലിവാജയിലൂടെ ക്രൊയേഷ്യ മുന്നിലെത്തി.രണ്ടാം പകുതിയില്‍ 70-ാം മിനിറ്റില്‍ ക്രമാരിച്ച് ക്രൊയേഷ്യയ്ക്കു വേണ്ടി താരത്തിന്റെ രണ്ടാം ഗോളും കണ്ടെത്തി. പെനല്‍റ്റി ഏരിയയില്‍നിന്ന് ഇവാന്‍ പെരിസിച്ചിന്റെ പാസില്‍ ക്രമാരിച്ചിന്റെ ഗോളെത്തി. പോസ്റ്റിലേക്ക് ലോ ഷോട്ട് പായിച്ചാണ് ക്രമാരിച്ച് ലക്ഷ്യം കണ്ടത്. പെരിസിച്ചിന് മത്സരത്തിലെ രണ്ടാം അസിസ്റ്റ്.

കാനഡ പ്രതിരോധ താരം കമാല്‍ മില്ലറുടെ പിഴവു മുതലെടുത്താണ് ക്രൊയേഷ്യ നാലാം ഗോള്‍ ഉറപ്പിച്ചത്. പന്തുമായി കാനഡ ഗോള്‍ മുഖത്തേക്കു കുതിച്ച ഒര്‍സിച് പെനല്‍റ്റി ഏരിയയില്‍വച്ച് മാജെറിനു പാസ് നല്‍കി. അനായാസമായി മാജെര്‍ സ്‌കോര്‍ ചെയ്തതോടെ ക്രൊയേഷ്യയ്ക്കു നാലാം ഗോള്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com