ലോകകപ്പ് പ്രധാനപ്പെട്ടതാണ്, എന്നാല്‍ അതിലും വലുതാണ് ബുമ്രയുടെ കരിയര്‍, അതില്‍ റിസ്‌ക് എടുക്കില്ല: രോഹിത് ശര്‍മ

ലോകകപ്പ് പ്രധാനപ്പെട്ടതാണ് എങ്കിലും ബുമ്രയുടെ കരിയറാണ് വലുതെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ
രോഹിത് ശര്‍മ, ബുമ്ര/ഫോട്ടോ: എഎഫ്പി
രോഹിത് ശര്‍മ, ബുമ്ര/ഫോട്ടോ: എഎഫ്പി

മെല്‍ബണ്‍: ലോകകപ്പ് പ്രധാനപ്പെട്ടതാണ് എങ്കിലും ബുമ്രയുടെ കരിയറാണ് വലുതെന്ന് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ട്വന്റി20 ലോകകപ്പിന് മുന്‍പായി മാധ്യമങ്ങളുടെ മുന്‍പിലേക്ക് വന്നപ്പോഴാണ് ബുമ്രയുടെ പരിക്കിനെ കുറിച്ച് രോഹിത് സംസാരിച്ചത്. 

ക്വാളിറ്റി കളിക്കാരനാണ് ബുമ്ര. ഇക്കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം വളരെ നന്നായാണ് കളിച്ചത്. നിര്‍ഭാഗ്യവശാല്‍ പരിക്കിലേക്ക് വീണു. അതില്‍ നമുക്കൊന്നും ചെയ്യാനില്ല. ബുമ്രയുടെ പരിക്കിനെ കുറിച്ച് ഒരുപാട് വിദഗ്ധരുമായി ഞങ്ങള്‍ സംസാരിച്ചു. എന്നാല്‍ പോസിറ്റീവായ പ്രതികരണം ലഭിച്ചില്ല. ലോകകപ്പ് വളരെ പ്രധാനപ്പെട്ടതാണ്. എന്നാല്‍ ഞങ്ങളെ സംബന്ധിച്ച് ബുമ്രയുടെ കരിയറിനാണ് വലിയ പ്രാധാന്യം കൊടുക്കുന്നത്, രോഹിത് പറഞ്ഞു. 

ഇപ്പോള്‍ ഞങ്ങള്‍ റിസ്‌ക് എടുക്കുന്നില്ല

28 വയസ് മാത്രമാണ് ബുമ്രയുടെ പ്രായം. ഇനിയും ഒരുപാട് മത്സരങ്ങള്‍ കളിക്കാന്‍ ബുമ്രയ്ക്ക് കഴിയും. അതിനാല്‍ ഇപ്പോള്‍ ഞങ്ങള്‍ റിസ്‌ക് എടുക്കുന്നില്ല. ഞങ്ങള്‍ സംസാരിച്ച വിദഗ്ധരും അതാണ് നിര്‍ദേശിച്ചത്. എന്നാല്‍ ബുമ്രയുടെ അസാന്നിധ്യം ഞങ്ങള്‍ക്ക് തിരിച്ചടിയാണ് എന്നും രോഹിത് സമ്മതിച്ചു. 

മുഹമ്മദ് ഷമിയാണ് ബുമ്രയുടെ പകരക്കാരനായി ഓസ്‌ട്രേലിയയിലുള്ള ഇന്ത്യന്‍ ടീമിനൊപ്പം ചേര്‍ന്നത്. മുഹമ്മദ് സിറാജ്, ശാര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ ഇന്ത്യയുടെ റിസര്‍വ് ലിസ്റ്റിലും ഉള്‍പ്പെട്ടു. ഇരുവരും അടുത്ത ദിവസങ്ങളില്‍ തന്നെ ഓസ്‌ട്രേലിയയിലേക്ക് പറക്കും. 

രവീന്ദ്ര ജഡേജ, ബുമ്ര എന്നീ രണ്ട് താരങ്ങളെയാണ് പരിക്കിനെ തുടര്‍ന്ന് ഇന്ത്യക്ക് ലോകകപ്പില്‍ നഷ്ടമാവുന്നത്. ബുമ്രയുടെ പകരക്കാരനായി ടീമിലേക്ക് എത്താന്‍ സാധ്യതയുണ്ടായിരുന്ന ദീപക് ചഹറിനും സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ പരമ്പരയ്ക്ക് ഇടയില്‍ പരിക്കേറ്റു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com