96 മിനിറ്റും വിയർത്ത് ഇന്ത്യ; വിയറ്റ്‌നാമിനോട് ദയനീയ തോൽവി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th September 2022 09:23 PM  |  

Last Updated: 27th September 2022 09:24 PM  |   A+A-   |  

india

ഫോട്ടോ: ട്വിറ്റർ

 

ഹോ ചി മിൻ സിറ്റി: വിയറ്റ്‌നാമിനെതിരായ സൗഹൃദ ഫുട്‌ബോൾ മത്സരത്തിൽ ഇന്ത്യയ്ക്ക് ദയനീയ തോൽവി. എതിരില്ലാത്ത മൂന്ന് ഗോളിനാണ് വിയറ്റ്നാം ഇന്ത്യയെ തകർത്തത്. മത്സരത്തിലുടനീളം വിയറ്റ്നാമിന്റെ സർവാധിപത്യമാണ് കണ്ടത്.

മലയാളി താരങ്ങളായ ആഷിഖ് കുരുണിയനും സഹൽ അബ്ദുൾ സമദും ആദ്യ ഇലവനിൽ ഇടം നേടി. മറ്റൊരു മലയാളി താരമായ രാഹുൽ കെപി പകരക്കാരനായും ഗ്രൗണ്ടിലിറങ്ങി. കഴിഞ്ഞ ദിവസം റാങ്കിങ്ങിൽ പിന്നിലുള്ള സിം​ഗപ്പുരുമായി ഇന്ത്യ സമനിലയിൽ പിരിഞ്ഞിരുന്നു. പിന്നാലെയാണ് നിരാശപ്പെടുത്തുന്ന ഈ തോൽവി.

വിയറ്റ്‌നാമിനായി ഫാൻ വാൻ ഡുക്, എൻഗുയെൻ വാൻ ടോവാൻ, എൻഗുയെൻ വാൻ ക്യുയത്ത് എന്നിവരാണ് വല ചലിപ്പിച്ചത്. 

കളി തുടങ്ങി പത്താം മിനിറ്റിൽ തന്നെ തന്നെ വാൻ ഡുക്ക് വിയറ്റ്നാമിനെ മുന്നിൽ എത്തിച്ചു. കോർണർ കിക്കിൽ നിന്ന് പന്ത് സ്വീകരിച്ച വാൻ ഡുക്ക് മികച്ച ഒരു വോളിയിലൂടെ പന്ത് വലയിലാക്കി. 

രണ്ടാം പകുതിയിൽ വിയറ്റ്നാം തുടരെ ആക്രമണങ്ങൾ നടത്തി. രണ്ടാം പകുതി തുടങ്ങി നാല് മിനിറ്റ് പിന്നിട്ടപ്പോൾ വിയറ്റ്‌നാം വീണ്ടും ഇന്ത്യയെ ഞെട്ടിച്ചു. ഇത്തവണ വാൻ ടോവാനാണ് സ്കോറർ. 

ഉയർന്നു വന്ന പാസ് സ്വീകരിച്ച ടോവൻ പ്രതിരോധ താരം അൻവർ അലിയെ കബിളിപ്പിച്ച് വലയിലെത്തിച്ചു. ഗോൾ കീപ്പർ ഗുർപ്രീത് സിങ് സന്ധുവിന് ഒന്നും ചെയ്യാൻ സാധിച്ചില്ല. പിന്നീട് 70ാം മിനിറ്റിൽ വാൻ ക്യുയത്ത് മൂന്നാം ​ഗോളും സമ്മാനിച്ചു. 

​ഗോൾ കീപ്പർ ഗുർപ്രീതിന്റെ ചില ജാ​ഗ്രതകളാണ് തോൽവി ഭാരം കുറച്ചത്. താരത്തിന്റെ നിർണായക സേവുകളാണ് വലിയ പരാജയത്തിൽ നിന്ന് രക്ഷിച്ചത്.  

ഈ വാർത്ത കൂടി വായിക്കൂ 

'ലോകകപ്പില്‍ ഫ്രാന്‍സ്-ബ്രസീല്‍ ഫൈനല്‍'; ഗൂഗിളിന് പിണഞ്ഞത് വമ്പന്‍ അബദ്ധം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ