ബോള്‍ട്ടിന്റെ പ്രഹരം, ചഹലിന്റെ മാന്ത്രികത; ഹൈദരാബാദിനെ തകര്‍ത്ത് റോയല്‍സായി രാജസ്ഥാന്‍

ആദ്യ ഓവറിന്റെ മൂന്നാം പന്തില്‍ തന്നെ ഓപ്പണര്‍ അഭിഷേക് ശര്‍മയെ പൂജ്യത്തിന് നഷ്ടമായ ഹൈദരാബാദിന് ബോര്‍ഡില്‍ റണ്ണെത്തും മുന്‍പ് രാഹുല്‍ ത്രിപാഠിയേയും നഷ്ടമായി
വിക്കറ്റ് നേട്ടം സഹ താരങ്ങൾക്കൊപ്പം ആഘോഷിക്കുന്ന ചഹൽ/ പിടിഐ
വിക്കറ്റ് നേട്ടം സഹ താരങ്ങൾക്കൊപ്പം ആഘോഷിക്കുന്ന ചഹൽ/ പിടിഐ

ഹൈദരാബാദ്: സണ്‍റൈസേഴ്‌സിനെതിരെ തകര്‍പ്പന്‍ ജയത്തോടെ രാജസ്ഥാന്‍ റോയല്‍സ് ഐപിഎല്ലില്‍ മികച്ച തുടക്കമിട്ടു. എവേ പോരാട്ടത്തില്‍ രാജസ്ഥാന്‍ 72 റണ്‍സിന്റെ വിജയം സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ ബോര്‍ഡില്‍ ചേര്‍ത്തത് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യം. ഹൈദരബാദിന്റെ പോരാട്ടം എട്ട് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സില്‍ അവസാനിച്ചു. 

വിജയം തേടിയിറങ്ങിയ ഹൈദരാഹബാദിന് തൊട്ടതെല്ലാം പിഴച്ചു. ആറാമനായി ക്രീസിലെത്തിയ അബ്ദുല്‍ സമദിനും ഒന്‍പതാമനായി എത്തിയ ഉമ്രാന്‍ മാലിക്കിനും ഹൈദരാബാദ് നന്ദി പറയും. ഇരുവരും ചേര്‍ന്നുള്ള വെടിക്കെട്ടാണ് സ്‌കോര്‍ 100 കടത്തിയതും തോല്‍വി ഭാരം ഈ നിലയ്ക്ക് കുറച്ചതും. 

അബ്ദുല്‍ സമദാണ് ടീമിന്റെ ടോപ് സ്‌കോറര്‍. താരം 32 പന്തില്‍ ഒരു സിക്‌സും രണ്ട് ഫോറും സഹിതം 32 റണ്‍സ് കണ്ടെത്തി. ഉമ്രാന്‍ മാലിക് എട്ട് പന്തില്‍ രണ്ട് സിക്‌സും ഒരു ഫോറും സഹിതം 19 റണ്‍സ് വാരി. ഇരുവരും പുറത്താകാതെ നിന്നു. 

ആദ്യ ഓവറിന്റെ മൂന്നാം പന്തില്‍ തന്നെ ഓപ്പണര്‍ അഭിഷേക് ശര്‍മയെ പൂജ്യത്തിന് നഷ്ടമായ ഹൈദരാബാദിന് ബോര്‍ഡില്‍ റണ്ണെത്തും മുന്‍പ് രാഹുല്‍ ത്രിപാഠിയേയും നഷ്ടമായി. താരവും പൂജ്യത്തിന് പുറത്തായി. ആദ്യ ഓവറില്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി ട്രെന്‍ഡ് ബോള്‍ട്ടാണ് കൂട്ടത്തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്. പിന്നീട് ബാറ്റര്‍മാരുടെ ഘോഷയാത്രയായിരുന്നു. നാലോവറില്‍ വെറും 17 റണ്‍സ് മാത്രം വഴങ്ങി യുസ്‌വേന്ദ്ര ചഹല്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തി ബോള്‍ട്ട് തുടങ്ങി വച്ച തകര്‍ച്ച പൂര്‍ണമാക്കി. 

ഒരറ്റത്ത് മായങ്ക് അഗര്‍വാള്‍ പിടിച്ചു നില്‍ക്കുമെന്ന് തോന്നിച്ചെങ്കിലും താരത്തിനും അധികം ആയുസുണ്ടായില്ല. 23 പന്തില്‍ മൂന്ന് ഫോറുകള്‍ സഹിതം 27 റണ്‍സെടുത്ത് മടങ്ങി. ഹാരി ബ്രൂക് (13), വാഷിങ്ടന്‍ സുന്ദര്‍ (1), ഗ്ലെന്‍ ഫിലിപ്‌സ് (8), ആദില്‍ റഷീദ് (18), ഭുവനേശ്വര്‍ കുമാര്‍ (6) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. 

രാജസ്ഥാനായി ജേസന്‍ ഹോള്‍ഡര്‍, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി. മലയാളി താരം കെഎം ആസിഫ് രാജസ്ഥാന് വേണ്ടി കളിക്കാനിറങ്ങി. താരം വിക്കറ്റ് വീഴ്ത്തിയില്ലെങ്കിലും മൂന്നോവറില്‍ 15 റണ്‍സ് മാത്രമാണ് വഴങ്ങിയത്. 

അതേസമയം നവ്ദീപ് സെയ്‌നിയെ ഇംപാക്ട് പ്ലയറായി കളത്തിറക്കിയ രാജസ്ഥാന്‍ പരീക്ഷണം മാത്രം പാളി. രണ്ടോവറില്‍ താരം വഴങ്ങിയത് 34 റണ്‍സ്. വിക്കറ്റൊന്നും വീഴ്ത്താനും സാധിച്ചില്ല. 

നേരത്തെ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ഓപ്പണര്‍മാരായ ജോസ് ബട്‌ലര്‍, യശസ്വി ജയ്‌സ്വാള്‍ എന്നിവരുടെ തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറിയുടെ മികവിലാണ് രാജസ്ഥാന്‍ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 203 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്തത്. 

ടോസ് നേടി ഹൈദരാബാദ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ബാറ്റിങിനിറങ്ങിയ രാജസ്ഥാന് സ്‌ഫോടനാത്മക തുടക്കമാണ് ഓപ്പണര്‍മാര്‍ നല്‍കിയത്. തുടക്കം മുതല്‍ ആക്രമിച്ചു കളിച്ച ഇരുവരും അതിവേഗം സ്‌കോര്‍ ഉയര്‍ത്തി. ബട്‌ലര്‍ പുറത്തായതിന് ശേഷം എത്തിയ സഞ്ജു സാംസണ്‍ തുടക്കത്തിലെ വേഗം കുറയാതെ ബാറ്റ് വീശിയതോടെ സ്‌കോര്‍ കുതിച്ചുയര്‍ന്നു.

സഞ്ജു 32 പന്തില്‍ നാല് സിക്‌സുകളും മൂന്ന് ഫോറും സഹിതം 55 റണ്‍സെടുത്ത് ടോപ് സ്‌കോററായി. ബട്‌ലര്‍ 37 പന്തില്‍ ഒന്‍പത് ഫോറുകള്‍ സഹിതം 54 റണ്‍സും യശസ്വി 22 പന്തില്‍ മൂന്ന് സിക്‌സും ഏഴ് ഫോറും സഹിതം 54 റണ്‍സും സ്വന്തമാക്കി.

പിന്നീടെത്തിയവരില്‍ ഷിമ്രോണ്‍ ഹെറ്റ്‌മെയര്‍ 16 പന്തില്‍ ഒരോ സിക്‌സും ഫോറും സഹിതം 22 റണ്‍സുമായി പുറത്താകാതെ നിന്ന് സ്‌കോര്‍ 200 കടത്തി. ഹെറ്റ്‌മെയര്‍ക്കൊപ്പം ഇന്നിങ്‌സ് അവസാനിക്കുമ്പോള്‍ ഒരു റണ്ണുമായി അശ്വിനായിരുന്നു ക്രീസില്‍. ദേവ്ദത്ത് പടിക്കല്‍ രണ്ട് റണ്ണും റിയാന്‍ പരാഗ് ഏഴ് റണ്‍സും എടുത്തു മടങ്ങി. 

ഹൈദരാബാദിനായി ഫസ്‌ലാഖ് ഫാറൂഖി, ടി നടരാജന്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി. ഉമ്രാന്‍ മാലിക് ഒരു വിക്കറ്റെടുത്തു.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com