ത്രില്ലറിൽ 'സൂപ്പർ' ചെന്നൈ; ഡുപ്ലെസിയും മാക്സ്‌വെലും തകർത്തടിച്ചിട്ടും ആർസിബി വീണു

ആർസിബിയുടെ മൂന്നാം തോൽവിയാണിത്. പോയിന്റ് പട്ടികയിൽ ചെന്നൈ മൂന്നാം സ്ഥാനത്തേക്ക് കയറിയപ്പോൾ ബാം​ഗ്ലൂർ ഏഴിൽ
മത്സര ശേഷം ഹസരം​ഗയ്ക്ക് ഹസ്തദാനം ചെയ്യുന്ന ധോനി/ പിടിഐ
മത്സര ശേഷം ഹസരം​ഗയ്ക്ക് ഹസ്തദാനം ചെയ്യുന്ന ധോനി/ പിടിഐ

ബം​ഗളൂരു: ഐപിഎല്ലിൽ റോയൽ‌ ചലഞ്ചേഴ്സ് ബാം​ഗ്ലൂരിനെ വീഴ്ത്തി ചെന്നൈ സൂപ്പർ കിങ്സ് മൂന്നാം വിജയം സ്വന്തമാക്കി. എട്ട് റൺസിനാണ് ബാം​ഗ്ലൂർ പൊരുതി വീണത്. റണ്ണൊഴുക്കു കണ്ട മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 226 റൺസെന്ന കൂറ്റൻ ലക്ഷ്യം ബോർഡിൽ ചേർത്തു. ബാം​ഗ്ലൂരിന്റെ പോരാട്ടം എട്ട് വിക്കറ്റ് നഷ്ടത്തിൽ 218 റൺസിൽ അവസാനിച്ചു. 

ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിയും ​ഗ്ലെൻ മാക്സ്‌വെലും തകർത്തടിച്ചിട്ടും ആർസിബിക്ക് വിജയിക്കാൻ സാധിക്കാതെ പോയി. ആർസിബിയുടെ മൂന്നാം തോൽവിയാണിത്. പോയിന്റ് പട്ടികയിൽ ചെന്നൈ മൂന്നാം സ്ഥാനത്തേക്ക് കയറിയപ്പോൾ ബാം​ഗ്ലൂർ ഏഴിൽ. 

36 പന്തുകൾ നേരിട്ട് 76 റൺസെടുത്ത ഗ്ലെൻ മാക്സ്‍വെലാണ് ബാംഗ്ലൂരിന്റെ ടോപ് സ്കോറർ. ഡുപ്ലെസിയും അർധ സെഞ്ച്വറി നേടി. 33 പന്തുകൾ നേരിട്ട ഫാഫ് ഡ്യുപ്ലേസി 62 റൺസാണു നേടിയത്. മറുപടി ബാറ്റിങ്ങിന്റെ ആദ്യ ഓവറില്‍ തന്നെ ഓപ്പണർ വിരാട് കോഹ്‌ലിയെ നഷ്ടപ്പെട്ടത് ആർസിബിക്കു തിരിച്ചടിയായി. ആറ് റൺസ് മാത്രമാണു കോഹ്‌ലിക്ക് നേടാനായത്. ആകാശ് സിങ്ങിന്റെ പന്തിൽ കോഹ്‌ലി ബൗൾഡായി. സ്കോർ 15 ൽ നിൽക്കെ മഹിപാല്‍ ലോംറോര്‍ പൂജ്യത്തിനു പുറത്തായതും അവർക്ക് തിരിച്ചടിയായി. 

മൂന്നാം വിക്കറ്റിൽ ഡുപ്ലെസിക്ക് കൂട്ടായി മാക്സ്‍വെൽ എത്തിയതോടെ ആർസിബി ട്രാക്കിലായി. ഡുപ്ലെസി 23 പന്തിലും മാക്സ്‍വെൽ 24 പന്തിലും അർധ ശതകത്തിലെത്തി. 8.2 ഓവറിൽ ബാംഗ്ലൂർ നൂറു കടന്നു. സ്കോർ 141 ൽ നിൽക്കെ മഹീഷ് തീക്ഷണയുടെ പന്തിൽ വിക്കറ്റ് കീപ്പർ ധോനി ക്യാച്ചെടുത്ത് മാക്സ്‍വെൽ പുറത്തായി. തൊട്ടുപിന്നാലെ ധോനിയുടെ മറ്റൊരു ക്യാച്ചിൽ ഡുപ്ലെസിയും മടങ്ങി. എട്ട് സിക്സും മൂന്ന് ഫോറും മാക്സ്‍വെൽ പറത്തി. ഡുപ്ലെസി നാല് സിക്സും അഞ്ച് ഫോറും നേടി. 

ദിനേഷ് കാർത്തിക്ക് മധ്യനിരയിൽ തിളങ്ങിയെങ്കിലും (14 പന്തിൽ 28), ഷഹബാസ് അഹമ്മദ് (10 പന്തിൽ 12) നിരാശപ്പെടുത്തി. കാർത്തിക് മൂന്ന് ഫോറും ഒരു സിക്സും പറത്തി. ഇംപാക്ട് പ്ലെയറായി ഇറങ്ങിയ സുയാഷ് പ്രഭുദേശായി അവസാന പന്തുകളിൽ പൊരുതി നോക്കിയെങ്കിലും ബാംഗ്ലൂരിന്റെ പോരാട്ടം 218ൽ റൺ‌സിൽ അവസാനിച്ചു. 

ചെന്നൈയ്ക്കായി തുഷാർ ദേശ്‍പാണ്ഡെ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. മ‌തീഷ പതിരണ രണ്ട് വിക്കറ്റുകൾ വീഴ്ത്തി. ആകാശ് സിങ്, മഹീഷ് തീക്ഷണ, മൊയീൻ അലി എന്നിവർ ഓരോ വിക്കറ്റ് വീഴ്ത്തി. 

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 226 റൺസ് ബോർഡിൽ ചേർത്തു. ഡെവോൺ കോൺവെ 45 പന്തുകളില്‍ നിന്ന് 83 റൺസെടുത്തു. ആറ് വീതം സിക്സുകളും ഫോറുകളുമാണ് കോൺവെ അതിർത്തി കടത്തിയത്. ഇന്ത്യൻ ഓൾ റൗണ്ടർ ശിവം ഡുബെ 27 പന്തിൽ 52 റൺസെടുത്തു പുറത്തായി. അഞ്ച് ഫോറും രണ്ട് സിക്സും പറത്തി ഡുബെ വെടിക്കെട്ട് തീർത്തു. ബാറ്റിങ്ങിന്റെ തുടക്കത്തിൽ തന്നെ ചെന്നൈയ്ക്ക് ഋതുരാജ് ഗെയ്ക്‌വാദിനെ നഷ്ടമായി. ആറ് പന്തുകൾ നേരിട്ട് മൂന്ന് റൺസ് മാത്രം നേടിയ ഗെയ്‌ക്‌വാദ് മുഹമ്മദ് സിറാജിന്റെ പന്തിലാണു പുറത്തായത്.

തുടർന്ന് ഓപ്പണർ കോൺവെയോടൊപ്പം വെറ്ററൻ താരം അജിൻക്യ രഹാനെ ചേർന്നതോടെ ചെന്നൈ സ്കോർ കുതിച്ചുയർന്നു. സ്കോർ 90ൽ നിൽക്കെ രഹാനെ വീണു. 20 പന്തിൽ 37 റൺസെടുത്ത രഹാനെ വാനിന്ദു ഹസരംഗയുടെ പന്തിൽ ബൗൾഡായി. രഹാനെ രണ്ട് സിക്സും മൂന്ന് ഫോറും പറത്തി. പിന്നീട് ശിവം ഡുബെയെ കൂട്ടുപിടിച്ച് കോൺവെ ബാറ്റിങ് തുടർന്നതോടെ ചെന്നൈ 14.3 ഓവറുകളിൽ 150 പിന്നിട്ടു.

ഹർഷൽ പട്ടേലിന്റെ പന്തില്‍ ബൗൾഡായാണു കോൺവെ പുറത്തായത്. അർധ സെഞ്ച്വറി നേട്ടത്തിനു പിന്നാലെ വെയ്ൻ പാർനെലിന്റെ പന്തിൽ മുഹമ്മദ് സിറാജ് ക്യാച്ചെടുത്ത് ശിവം ഡുബെയും മടങ്ങി. അമ്പാട്ടി റായിഡുവിന് തിളങ്ങാൻ സാധിച്ചില്ല. ആറ് പന്തിൽ 14 റൺസാണു താരം നേടിയത്. മൊയീൻ അലി (എട്ട് പന്തില്‍ 18) അവസാന പന്തുകളിൽ ബൗണ്ടറികള്‍ കണ്ടെത്തിയതോടെ ചെന്നൈ സ്കോർ 200 കടന്നു. രവീന്ദ്ര ജഡേജ എട്ട് പന്തിൽ പത്ത് റൺസുമായി മടങ്ങി. 

ബാംഗ്ലൂരിനായി മുഹമ്മദ് സിറാജ്, വെയ്ന്‍ പാര്‍നെല്‍, വിജയ്കുമാര്‍ വൈശാഖ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, വാനിന്ദു ഹസരംഗ, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീഴ്ത്തി. നാലോവറില്‍ 62 റണ്‍സ് വഴങ്ങി വിജയ്കുമാര്‍ വൈശാഖ് ധാരാളിയായി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com