ദ്രാവിഡിനേയും ഗാംഗുലിയേയുമല്ല, സച്ചിന്‍ ആരാധിച്ചത് ലക്ഷ്മണിനെ!

ഒരു ഓസ്‌ട്രേലിയന്‍ പര്യടന കാലത്താണ് സച്ചിന്‍ ഇക്കാര്യം പറയുന്നതെന്ന് പ്രസാദ് പുസ്തകത്തില്‍ വ്യക്തമാക്കുന്നു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മുംബൈ: സച്ചിന്‍ ടെണ്ടുല്‍ക്കറുടെ സമകാലികരായിരുന്നു ഇതിഹാസങ്ങളായ ദ്രാവിഡ്, ഗാംഗുലി, വിവിഎസ് ലക്ഷ്മണ്‍. ഒരു കാലത്ത് ഇന്ത്യയുടെ ഫാബുലസ് ഫോര്‍ എന്നും ഈ സംഘം അറിയപ്പെട്ടു. ഈ മൂന്ന് പേരില്‍ സച്ചിന്‍ ഏറ്റവും അധികം ഇഷ്ടപ്പെട്ട ബാറ്റര്‍ ആരായിരിക്കും? ഈ മൂന്ന് പേരില്‍ വിവിഎസ് ലക്ഷ്മണായിരുന്നു സച്ചിന്റെ ഇഷ്ട ബാറ്റര്‍. ബോറിയ മജുംദാര്‍ എഴുതിയ 'സച്ചിന്‍ @ 50 സെലിബ്രേറ്റിങ് മാസ്‌ട്രോ' എന്ന പുസ്തകത്തില്‍ മുന്‍ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ എംഎസ്‌കെ പ്രസാദാണ് ഇക്കാര്യം പറയുന്നത്. 

ഒരു ഓസ്‌ട്രേലിയന്‍ പര്യടന കാലത്താണ് സച്ചിന്‍ ഇക്കാര്യം പറയുന്നതെന്ന് പ്രസാദ് പുസ്തകത്തില്‍ വ്യക്തമാക്കുന്നു. സച്ചിന്‍ അന്ന് ടീമിന്റെ ക്യാപ്റ്റനായിരുന്നു. ദ്രാവിഡ്, ഗാംഗുലി, എംഎസ്‌കെ പ്രസാദ്, വിവിഎസ് ലക്ഷ്മണ്‍ അടക്കമുള്ളവര്‍ ടീമിലുണ്ട്. 

സച്ചിന്‍ ലക്ഷ്മണിന്റെ മുഖത്ത് നോക്കി തന്നെ ഇക്കാര്യം പറയുന്നുണ്ടെന്ന് പ്രസാദ് വ്യക്തമാക്കുന്നു. നിങ്ങളാണ് എന്റെ ഏറ്റവും ഇഷ്ടപ്പെട്ട ബാറ്റര്‍ എന്നു പറയുമ്പോള്‍ സച്ചിന്‍ തന്നെ കളിയാക്കുകയാണെന്ന ധാരണയിലായിരുന്നു ലക്ഷ്മണ്‍. അതു കേട്ട് അദ്ദേഹം പുഞ്ചിരിയോടെ ഇരിക്കുകയായിരുന്നു. എന്നാല്‍ സച്ചിന് അതു കളിയായി പറഞ്ഞതായിരുന്നില്ല. 

'നിങ്ങള്‍ പൊട്ടിച്ചിരിക്കില്ലെങ്കില്‍ ഞാനൊരു കാര്യം പറയാം. നിങ്ങളാണ് എന്റെ ഏറ്റവും പ്രിയപ്പെട്ട ക്രിക്കറ്റ് താരം. സവിശേഷമായ കഴിവുകളാല്‍ അനുഗ്രഹിക്കപ്പെട്ട താരമാണ് താങ്കള്‍. ഒരു പന്തിന്റെ ഗതി എന്നേക്കാള്‍ ഒരു സെക്കന്‍ഡ് മുന്‍പേ എങ്കിലും തിരിച്ചറിയാന്‍ നിങ്ങള്‍ക്ക് സാധിക്കുന്നു. നിങ്ങള്‍ക്ക് പോലും മനസിലാക്കാന്‍ സാധിക്കാത്ത അസാധാരണമായ സിദ്ധികള്‍ ദൈവം നിങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്.' 

ദൈവം തനിക്ക് പിരിമിതമായ കഴിവുകളാണ് നല്‍കിയതെന്നും അതുവച്ച് താന്‍ പരമാവധി നേടാന്‍ പരിശ്രമിച്ചതാണെന്നും സച്ചിന്‍ സ്വയം വിലയിരുത്തുന്നു. നാല് ഗിയറുകളാണ് എന്റെ ബാറ്റിങിന്റെ കാതല്‍. പ്രതിരോധം, പന്ത് ഉയര്‍ത്തി അടിക്കുക, പുഷ് ചെയ്യുക, ഡ്രൈവ് ചെയ്യുക. 

'സാഹചര്യങ്ങള്‍ മനസിലാക്കുകയും യുക്തി ഉപയോഗിക്കുകയും അതിനനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ആളാണ് ഞാന്‍. നിങ്ങള്‍ക്ക് വളരെയധികം കഴിവുണ്ടെങ്കില്‍ നിങ്ങള്‍ നാലാം ഗിയറില്‍ തന്നെ നേരിട്ട് ബാറ്റ് ചെയ്യാന്‍ സാധിക്കും. പന്ത് വളരെ നേരത്തെ കാണും, സഹചര്യങ്ങളെക്കുറിച്ച് ആശങ്കയുണ്ടാകില്ല. ചിലപ്പോള്‍ വിജയിക്കും ചിലപ്പോള്‍ പരാജയപ്പെടും. ആദ്യത്തെ മൂന്ന് ഗിയറുടെ മൂല്യം തിരിച്ചറിയുന്ന ദിവസം നിങ്ങള്‍ ഇതിഹാസമായി മാറും'- സച്ചിന്‍ പറയുന്നു. 

പുസ്തകത്തില്‍ എംഎസ്‌കെ പ്രസാദിന് പുറമെ സച്ചിന്റെ ഭാര്യ അഞ്ജലി, അജിത് ടെണ്ടുല്‍ക്കര്‍, സുനില്‍ ഗാവസ്‌കര്‍, സൗരവ് ഗാംഗുലി, ഹര്‍ഭജന്‍ സിങ്, രോഹിത് ശര്‍മ തുടങ്ങിയവരും സച്ചിന്‍ അനുഭവങ്ങള്‍ പങ്കിടുന്നുണ്ട്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com