കരുത്തരുടെ പോരില്‍ ബാംഗ്ലൂരിനെ വീഴ്ത്തി; വിജയവഴിയില്‍ തിരിച്ചെത്തി കൊല്‍ക്കത്ത

നാലു മത്സരങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടതിന് ശേഷമാണ് കൊല്‍ക്കത്ത വീണ്ടും വിജയം കൈപ്പിടിയിലൊതുക്കിയത്
പിടിഐ ചിത്രം
പിടിഐ ചിത്രം

ബംഗലൂരു: ഐപിഎല്ലില്‍ വിജയവഴിയില്‍ തിരിച്ചെത്തി കൊല്‍ക്കത്ത നൈറ്റ്‌റൈഡ്‌ഴ്‌സ്. കരുത്തരുടെ പോരാട്ടത്തില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ 21 റണ്‍സിനാണ് കൊല്‍ക്കത്ത പരാജയപ്പെടുത്തിയത്. 201 റണ്‍സ് വിജയലക്ഷ്യം തേടി ബാറ്റു ചെയ്ത ബാംഗ്ലൂരിന് നിശ്ചിത 20 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. 

നാലു മത്സരങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടതിന് ശേഷമാണ് കൊല്‍ക്കത്ത വീണ്ടും വിജയം കൈപ്പിടിയിലൊതുക്കിയത്. സ്പിന്നര്‍മാരുടെ മികച്ച പ്രകടനമാണ് കൊല്‍ക്കത്തയുടെ വിജയത്തില്‍ നിര്‍ണായകമായത്. ഈ സീസണിലെ കൊല്‍ക്കത്തയുടെ മൂന്നാം ജയമാണിത്. വിജയത്തോടെ പോയിന്റ് പട്ടികയില്‍ മുംബൈയെ പിന്തള്ളി കൊല്‍ക്കത്ത ഏഴാം സ്ഥാനത്തെത്തി. 

കൊല്‍ക്കത്തയ്‌ക്കെതിരെ വിജയം തേടിയിറങ്ങിയ റോയല്‍ ചലഞ്ചേഴ്‌സിന് വേണ്ടി വിരാട് കോഹ്‌ലിയും ഹാഫ് ഡുപ്ലസിയും തകര്‍പ്പന്‍ തുടക്കമാണ് നല്‍കിയത്. ഇരുവരും ചേര്‍ന്ന് രണ്ടോവറില്‍ 30 റണ്‍സ് അടിച്ചെടുത്തു. എന്നാല്‍ മൂന്നാം ഓവറില്‍ 17 റണ്‍സെടുത്ത ഡുപ്ലെസിയെ പുറത്താക്കി കൊല്‍ക്കത്തയുടെ ഇംപാക്ട് പ്ലെയര്‍ സുയാഷ് ശര്‍മ റോയല്‍ ചലഞ്ചേഴ്‌സിന്റെ കുതിപ്പു തടഞ്ഞു. 

പിന്നീടിറങ്ങിയ ഷഹ്ബാസ് അഹമ്മദ്(2), ഗ്ലെന്‍ മാക്സ്‌വെല്‍ (5) എന്നിവര്‍ ക്ഷണത്തില്‍ പുറത്തായതോടെ ബാംഗ്ലൂര്‍ പ്രതിരോധത്തിലായി. തുടര്‍ന്ന് മഹിപാല്‍ ലൊംറോറില്‍ മികച്ച കൂട്ടാളിയെ കണ്ടെത്തിയ കോഹ്‌ലി ഇന്നിംഗ്‌സ് മുന്നോട്ടു കൊണ്ടുപോയി. 

ഇരുവരും ചേര്‍ന്ന് സ്‌കോര്‍ 100-കടത്തി. ടീം സ്‌കോര്‍ 113 -ല്‍ നില്‍ക്കേ മഹിപാല്‍ ലൊംറോറിനെ പുറത്താക്കി വരുണ്‍ ചക്രവര്‍ത്തി കൊല്‍ക്കത്തയ്ക്ക് ബ്രേക്ക് ത്രൂ സമ്മാനിച്ചു. 18 പന്തില്‍ നിന്ന് 34 റണ്‍സാണ് ലൊംറോർ എടുത്തത്. ഇതിനു പിന്നാലെ കോഹ് ലിയും പുറത്തായി. ആറു ഫോറുകളുടെ അകമ്പടിയിൽ 37 പന്തിൽ 54 റൺസാണ് കോഹ് ലി നേടിയത്. പിന്നീട് 18 പന്തിൽ 22 റൺസെടുത്ത ദിനേഷ് കാർത്തിക് മാത്രമാണ് അല്പമെങ്കിലും പൊരുതി നോക്കിയത്. 

ആദ്യം ബാറ്റു ചെയ്ത് കൊൽക്കത്ത നിശ്ചിത 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സെടുത്തു. ഓപ്പണര്‍ ജേസണ്‍ റോയിയുടെ അർധസെഞ്ച്വറിയാണ് കൊൽക്കത്തയ്ക്ക് മികച്ച സ്കോർ സമ്മാനിച്ചത്. റോയ്  29 പന്തില്‍ നിന്ന് 56 റണ്‍സെടുത്തു. ഓപ്പണര്‍ ജഗദീശൻ 27 റൺസെടുത്ത് പുറത്തായി.

നായകൻ നിതീഷ് റാണ   21 പന്തില്‍ നിന്ന് 48 റണ്‍സും, വെങ്കിടേഷ് അയ്യർ 26 പന്തില്‍ നിന്ന് 31 റണ്‍സുമെടുത്തു. അവസാന ഓവറുകളിൽ റിങ്കു സിങ്ങിന്റേയും ഡേവിഡ് വീസേയുടേയും വെടിക്കെട്ട് പ്രകടനമാണ് കൊല്‍ക്കത്തയെ 200-ലെത്തിച്ചത്. റിങ്കു സിങ്ങ് 10 പന്തില്‍ നിന്ന് 18 റണ്‍സെടുത്തപ്പോള്‍ വീസെ 3 പന്തില്‍ നിന്ന് 12 റണ്‍സെടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com