'പിഎസ്ജി താര വിപണിയെ അട്ടിമറിക്കുന്നു'- പരാതിയുമായി ലാ ലിഗ

ലാ ലിഗ വമ്പന്‍മാരായ ബാഴ്‌സലോണയില്‍ നിന്നാണ് ഇതിഹാസ താരങ്ങളായ ലയണല്‍ മെസിയേയും നെയ്മര്‍ ജൂനിയറിനേയും പിഎസ്ജി തങ്ങളുടെ തട്ടകത്തില്‍ എത്തിച്ചത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മാഡ്രിഡ്: ഫ്രഞ്ച് ലീഗ് വണ്‍ ചാമ്പ്യന്‍മാരായ പാരിസ് സെന്റ് ജെര്‍മെയ്‌നെതിരെ (പിഎസ്ജി) യൂറോപ്യന്‍ കമ്മീഷനില്‍ പരാതി നല്‍കി സ്പാനിഷ് ഫുട്‌ബോള്‍ ലീഗായ ലാ ലിഗ അധികൃതര്‍. താരങ്ങളുടേയും കോച്ചുമാരേയും ടീമിലെത്തിക്കുന്നതിന്റെ ഭാഗമായി പിഎസ്ജി വിപണിയില്‍ തെറ്റായ ഇടപെടലുകള്‍ നടത്തിയെന്ന് പരാതിയില്‍ പറയുന്നു. 

2011 മുതല്‍ ഖത്തര്‍ സ്‌പോര്‍ട്‌സ് ഇന്‍വെസ്റ്റ്‌മെന്റ്‌സാണ് പിഎസ്ജിയുടെ ഉടമകള്‍. ഇതിനു ശേഷം വമ്പന്‍ താരങ്ങളേയും കോച്ചുമാരേയും ടീമിലെത്തിക്കാന്‍ പിഎസ്ജിക്ക് സാധിച്ചുവെന്നും ഇത് വിപണിയിലെ അമിത ഇടപെടല്‍ കാരണമാണെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. 

ഖത്തര്‍ ആസ്ഥാനമായ സ്ഥാപനമായതിനാല്‍ അവര്‍ക്ക് സ്വന്തം രാജ്യത്തു നിന്നുള്ള വിദേശ സബ്‌സിഡികള്‍ പിഎസ്ജിക്ക് ലഭ്യമാക്കാന്‍ സാധിക്കുന്നുണ്ട്. ഈ പണം അമിതമായി ട്രാന്‍സ്ഫര്‍മാര്‍ക്കറ്റില്‍ ഇറക്കാന്‍ അവര്‍ക്കു കഴിയുന്നു. ഈ പ്രവണത വിവിധ ദേശീയ, യൂറോപ്യന്‍ യൂണിയന്‍ വിപണികളെ വികലമായ അവസ്ഥയിലേക്ക് എത്തിച്ചതായും ലാ ലിഗ ആരോപിക്കുന്നു. 

യൂറോപ്യന്‍ യൂണിയനു കീഴിലുള്ള രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് മറ്റ് വിദേശ രാജ്യങ്ങള്‍ നല്‍കുന്ന സാമ്പത്തിക സംഭാവനകള്‍ പരിശോധനയ്ക്ക് വിധേയമാക്കാന്‍ യൂറോപ്യന്‍ കമ്മീഷനു അധികാരമുണ്ട്. വിപണിയിലെ അനാവാശ്യ പ്രവണതകള്‍ തടയുക ലക്ഷ്യമിട്ടാണ് കമ്മീഷന്‍ ഈ നിയന്ത്രണം കൊണ്ടു വന്നത്.  

താര കൈമാറ്റ വിപണിയില്‍, ഇല്ലാത്ത നിബന്ധനകള്‍ കൊണ്ടു വന്നു പിഎസ്ജി സൂപ്പര്‍ താരങ്ങളെ സ്വന്തമാക്കുന്നു. മറ്റ് വിപണികളെ ഇത്തരം നീക്കങ്ങള്‍ വല്ലാതെ ആശയക്കുഴപ്പത്തിലാക്കുന്നു. വിപണി മൂല്യങ്ങള്‍ക്ക് ആനുപാതികമല്ലാത്ത സ്‌പോണ്‍സര്‍ഷിപ്പ് വരുമാനവും പിഎസ്ജി ഇത്തരം നീക്കങ്ങളിലൂടെ നേടുന്നു. 

മറ്റ് ക്ലബുകളുടെ റിക്രൂട്ട്‌മെന്റുകള്‍ പിഎസ്ജിയുടെ അമിത വരുമാനം സ്വാധീനിക്കുന്നു. ഇത്തരത്തിലുള്ള അസന്തുലിതാവസ്ഥ പരിഹരിക്കാന്‍ യൂറോപ്യന്‍ കമ്മീഷന്‍ ഉചിതമായ നടപടികള്‍ സ്വീകരിക്കണമെന്നും പരാതിയില്‍ ലാ ലിഗ വ്യക്തമാക്കി. 

ലാ ലിഗ വമ്പന്‍മാരായ ബാഴ്‌സലോണയില്‍ നിന്നാണ് ഇതിഹാസ താരങ്ങളായ ലയണല്‍ മെസിയേയും നെയ്മര്‍ ജൂനിയറിനേയും പിഎസ്ജി തങ്ങളുടെ തട്ടകത്തില്‍ എത്തിച്ചത്. അതിനു തൊട്ടു മുന്‍പാണ് മൊണാക്കോയില്‍ നിന്നു ഫ്രഞ്ച് സൂപ്പര്‍ താരം താരം കിലിയന്‍ എംബാപ്പെയേയും അവര്‍ ടീമിലെത്തിച്ചത്. ഈ മൂന്ന് സൂപ്പര്‍ താരങ്ങളുടേയും ടീമിലേക്കുള്ള വരവ് റെക്കോര്‍ഡ് തുകകള്‍ക്കായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com