അവസാന ഓവര്‍വരെ ത്രില്ലര്‍; ആറ് റണ്‍സിന് ഓസ്‌ട്രേലിയയെ തകര്‍ത്തു

അവസാന ഓവറില്‍ അര്‍ഷ്ദീപ് സിങ്ങിന്റെ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യക്ക് വിജയമൊരുക്കിയത്.
ഇന്ത്യന്‍ ടീമിന്റെ വിജയാഹ്ലാദം
ഇന്ത്യന്‍ ടീമിന്റെ വിജയാഹ്ലാദം

ബംഗളൂരു: ഓസ്ട്രേലിയക്കെതിരായ അഞ്ചാം ട്വന്റി 20യില്‍ ഇന്ത്യക്ക് ആവേശജയം. അവസാന ഓവറില്‍ അര്‍ഷ്ദീപ് സിങ്ങിന്റെ തകര്‍പ്പന്‍ പ്രകടനമാണ് ഇന്ത്യക്ക് വിജയമൊരുക്കിയത്. 161 റണ്ണായിരുന്നു ഓസീസിന്റെ ലക്ഷ്യം. അവസാന ഓവറില്‍ മൂന്ന് വിക്കറ്റ് ശേഷിക്കെ പത്ത് റണ്ണും. എന്നാല്‍ അര്‍ഷ്ദീപ് വെറും മൂന്ന് റണ്ണാണ് വിട്ടുകൊടുത്തത്. ക്യാപ്റ്റന്‍ മാത്യു വെയ്ഡിന്റെ വിക്കറ്റും വീഴ്ത്തി. ഇന്ത്യക്ക് ആറ് ജയം. ഇതോടെ പരമ്പര 4-1 ന് ഇന്ത്യന്‍ യുവനിര സ്വന്തമാക്കി. 

ഓസ്ട്രേലിയന്‍ ബൗളര്‍മാര്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തപ്പോള്‍ നിശ്ചിത ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍  160 റണ്ണാണ് ഇന്ത്യക്ക് നേടാനായത്. 37 പന്തില്‍ 53 റണ്ണെടുത്ത ശ്രേയസ് അയ്യരാണ് ഇന്ത്യയുടെ ടോപ്‌സ്്‌കോറര്‍. മറുപടിക്കെത്തിയ ഓസീസിന് ട്രവിസ് ഹെഡ് (18 പന്തില്‍ 28) മികച്ച തുടക്കം നല്‍കി. എന്നാല്‍ സ്പിന്നര്‍മാരായ രവി ബിഷ്ണോയിയും അക്ഷര്‍ പട്ടേലുമെത്തിയതോടെ റണ്‍നിരക്ക് താഴ്ന്നു. 36 പന്തില്‍ 54 റണ്ണെടുത്ത ബെന്‍ മക്ഡെര്‍മോട്ടിലായിരുന്നു പ്രതീക്ഷ. അഞ്ച് സിക്സര്‍ പറത്തിയ മക്ഡെര്‍മോട്ടിനെ പതിനഞ്ചാം ഓവറില്‍ അര്‍ഷ്ദീപ് പുറത്താക്കിയതോടെ ഇന്ത്യ കളിയില്‍ തിരിച്ചെത്തി. 

ക്യാപ്റ്റന്‍ വെയ്ഡ്(22) നാല് ഫോറുമായി ഓസീസിനെ ജയത്തിന് അരികെയെത്തിച്ചതാണ്. എന്നാല്‍ അവസാന ഓവറില്‍ അര്‍ഷ്ദീപിന് മുന്നില്‍ ഒന്നും ചെയ്യാനായില്ല. മൂന്ന് വിക്കറ്റെടുത്ത മുകേഷ് കുമാറും ഇന്ത്യന്‍ ബൗളര്‍മാരില്‍ തിളങ്ങി. ടോസ് നേടിയ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ മാത്യു വെയ്ഡ് ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു. ഓപ്പണര്‍മാര്‍ക്ക് പ്രതീക്ഷിച്ച തുടക്കം നല്‍കാനായില്ല. 9.1 ഓവറില്‍ 55 റണ്‍സ് എടുക്കുന്നതിനിടെ നാല് വിക്കറ്റുകള്‍ നഷ്ടമായത് ഇന്ത്യക്ക് തിരിച്ചടിയായിരുന്നു. തുടക്കത്തില്‍ വമ്പനടിക്ക് ശ്രമിച്ച യശസ്വി ജയ്സ്വാളിനെയാണ് ഇന്ത്യക്ക് നഷ്ടമായത്. സ്‌കോര്‍ 33 ല്‍ നില്‍ക്കെയാണ് 15 പന്തില്‍ നിന്ന് 21 റണ്‍സെടുത്ത് താരം പുറത്താകുന്നത്. പിന്നീട് ഋതുരാജ്(10), സൂര്യകുമാര്‍(5), റിങ്കു സിങ്(6), എന്നിവരും പുറത്തായി.

പിന്നീട് ജിതേഷ് ശര്‍മ്മയും ശ്രേയസ് അയ്യരും സ്‌കോര്‍ 97 ല്‍ എത്തിച്ചു. 16 പന്തില്‍ നിന്ന് 24 റണ്‍സെടുത്ത താരത്തെ ആരോണ്‍ ഹാര്‍ഡി പുറത്താക്കി. പിന്നീടെത്തിയ അക്ഷര്‍ പട്ടേല്‍21 പന്തില്‍ നിന്ന് 31 റണ്‍സ് നേടി ചെറുത്തു നില്‍പ് നടത്തിയത് ഇന്ത്യയെ വന്‍ തകര്‍ച്ചയില്‍ നിന്ന് കരകയറ്റി. സ്‌കോര്‍ 143 ല്‍ നില്‍ക്കെ അക്ഷര്‍ പട്ടേല്‍ പുറത്തായി. തൊട്ടടുത്ത ഓവറില്‍ ശ്രേയസും മടങ്ങി. പിന്നീടെത്തിയ ബിഷ്ണോയിയും അര്‍ഷദീപും രണ്ട് റണ്‍സ് വീതം നേടി സ്‌കോര്‍ 160 ല്‍ എത്തിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com