'പൂജാരയേക്കാള്‍ മികച്ച ടെസ്റ്റ് ബാറ്റര്‍ ഈ ടീമിലുണ്ടോ, ഒരു കാരണവുമില്ലാതെ തഴഞ്ഞു'- വിമര്‍ശിച്ച് ഹര്‍ഭജന്‍

മൂന്ന് ദിവസത്തിനിടെ ഒരിക്കല്‍ പോലും ഇന്ത്യക്ക് കളിയില്‍ നേട്ടമുണ്ടാക്കാനായില്ലെന്നും ഹര്‍ഭജന്‍ വ്യക്തമാക്കി
ചിത്രം: ഫെയ്‌സ്‌ബുക്ക്
ചിത്രം: ഫെയ്‌സ്‌ബുക്ക്

സെഞ്ചൂറിയന്‍: ഒന്നാം ടെസ്റ്റില്‍ ഇന്ത്യ ഇന്നിങ്‌സിനും 32 റണ്‍സിനും ദക്ഷിണാഫ്രിക്കയോടു തോറ്റതിനു പിന്നാലെ ടെസ്റ്റ് സ്‌പെഷലിസ്റ്റുകളായ ചേതേശ്വര്‍ പൂജാര, അജിന്‍ക്യ രഹാനെ എന്നിവരെ ഒഴിവാക്കിയത് വീണ്ടും വലിയ ചര്‍ച്ചയായി. ഇരുവരുടേയും അഭാവം ടീമിന്റെ പ്രകടനത്തില്‍ നിഴലിച്ചതായി മുന്‍ ഇന്ത്യന്‍ താരവും ഇതിഹാസ സ്പിന്നറുമായ ഹര്‍ഭജന്‍ സിങ്. 

പൂജാരയേക്കാള്‍ മികച്ചൊരു ടെസ്റ്റ് ബാറ്റര്‍ നിലവില്‍ ഇന്ത്യന്‍ ടീമില്‍ ഇല്ലെന്നു ഹര്‍ഭജന്‍ തുറന്നടിച്ചു. രഹാനെ, പൂജാര എന്നിവരെ ഒരു കാരണവുമില്ലാതെയാണ് ടീമില്‍ നിന്നു ഒഴിവാക്കിയതെന്നും ഹര്‍ഭജന്‍ പറയുന്നു. 

'അജിന്‍ക്യ രഹാനെയെ ടീമില്‍ ഉള്‍പ്പെടുത്തിയില്ല. ചേതേശ്വര്‍ പൂജാരയെ ഒരു കാരണവുമില്ലാതെ പുറത്താക്കി. ലോകത്തെ ഒട്ടുമിക്ക പിച്ചുകളിലും റണ്‍സ് അടിച്ചുകൂട്ടിയ രണ്ട് താരങ്ങളാണ് ഇരുവരും. റെക്കോര്‍ഡ് പരിശോധിച്ചാല്‍ കോഹ്‌ലി നല്‍കിയ സംഭാവനയുടെ അതേ അളവില്‍ ടീമിനു നേട്ടങ്ങള്‍ സമ്മാനിച്ച താരമാണ് പൂജാര. നിലവില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പൂജാരയേക്കാള്‍ മികച്ച ഒരു ബാറ്റര്‍ നമുക്കില്ല. എന്നിട്ടും അദ്ദേഹത്തെ ഒഴിവാക്കിയതിന്റെ യുക്തിയാണ് എനിക്കു മനസിലാകാത്തത്. പതിയെ ഇന്നിങ്‌സ് കെട്ടിപ്പടുക്കുന്ന താരമാണ് പൂജാര. പക്ഷേ അദ്ദേഹം ടീമിനെ സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ തോളിലേറ്റാന്‍ കെല്‍പ്പുള്ള, അതു തെളിയിച്ച താരമാണ്. പൂജാരയുടെ ബലത്തിലാണ് ഇന്ത്യ, ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും ടെസ്റ്റ് പരമ്പര സ്വന്തമാക്കിയത്'- ഹര്‍ഭജന്‍ പറഞ്ഞു. 

മൂന്ന് ദിവസത്തിനിടെ ഒരിക്കല്‍ പോലും ഇന്ത്യക്ക് കളിയില്‍ നേട്ടമുണ്ടാക്കാനായില്ലെന്നും ഹര്‍ഭജന്‍ വ്യക്തമാക്കി. ഒന്നാം ഇന്നിങ്‌സില്‍ രാഹുലും രണ്ടാം ഇന്നിങ്‌സില്‍ കോഹ്‌ലിയും നല്‍കിയ സംഭാവന മാറ്റി നിര്‍ത്തിയാല്‍ മറ്റൊന്നും അവകാശപ്പെടാന്‍ ഇല്ല. ആദ്യ ഇന്നിങ്‌സിലെ ഇന്ത്യയുടെ ബാറ്റിങില്‍ തന്നെ കളിയുടെ ഫലം നിര്‍ണയിക്കപ്പെട്ടിരുന്നുവെന്നും ഭാജി കൂട്ടിച്ചേര്‍ത്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com