മികച്ച തുടക്കം, പിന്നാലെ തുടരെ വിക്കറ്റ് നഷ്ടം; ഒന്നാം ദിനത്തില്‍ ഭേദപ്പെട്ട സ്‌കോറുമായി ന്യൂസിലന്‍ഡ്

ഒന്നാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ ന്യൂസിലന്‍ഡ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 309 റണ്‍സെന്ന നിലയിലാണ്
കോൺവെയും ലാതവും ബാറ്റിങിനിടെ/ എഎഫ്പി
കോൺവെയും ലാതവും ബാറ്റിങിനിടെ/ എഎഫ്പി

കറാച്ചി: പാകിസ്ഥാനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ഒന്നാം ദിനത്തില്‍ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തി ന്യൂസിലന്‍ഡ്. മികച്ച തുടക്കമിട്ട് മുന്നേറിയ കിവികള്‍ക്ക് ഇടവേളയ്ക്ക് ശേഷം തുടരെ വിക്കറ്റുകള്‍ വീണത് തിരിച്ചടിയായി. 

ഒന്നാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ ന്യൂസിലന്‍ഡ് ആറ് വിക്കറ്റ് നഷ്ടത്തില്‍ 309 റണ്‍സെന്ന നിലയിലാണ്. 30 റണ്‍സുമായി ടോം ബ്ലന്‍ഡലും 11 റണ്‍സുമായി ഇഷ് സോധിയുമാണ് കളി നിര്‍ത്തുമ്പോള്‍ ക്രീസില്‍. 

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത കിവികള്‍ മികച്ച തുടക്കമാണ് ഇട്ടത്. സെഞ്ച്വറിയുമായി ഡെവോണ്‍ കോണ്‍വെയും അര്‍ധ സെഞ്ച്വറിയുമായി ടോം ലാതവും ഓപ്പണിങില്‍ തകര്‍പ്പന്‍ ബാറ്റിങ് പുറത്തെടുത്തതോടെ കരുത്തുറ്റ തുടക്കം കിവികള്‍ക്ക് ലഭിച്ചു. ന്യൂസിലന്‍ഡിന്റെ ആദ്യ വിക്കറ്റ് വീഴ്ത്താന്‍ പാകിസ്ഥാന് 134 റണ്‍സ് വരെ കാക്കേണ്ടി വന്നു. രണ്ടാം വിക്കറ്റ് വീണത് 234 റണ്‍സില്‍. 

ഒന്നാം വിക്കറ്റില്‍ ലാതം- കോണ്‍വെ സഖ്യം സെഞ്ച്വറി കൂട്ടുകെട്ടുയര്‍ത്തിയാണ് പിരിഞ്ഞത്. ഓപ്പണിങില്‍ ഇരുവരും ചേര്‍ന്ന് 134 റണ്‍സ് ബോര്‍ഡില്‍ ചേര്‍ത്തു. രണ്ടാം വിക്കറ്റില്‍ കെയ്ന്‍ വില്ല്യംസിനെ കൂട്ടുപിടിച്ചും കോണ്‍വെ സെഞ്ച്വറി കൂട്ട് ഉയര്‍ത്തി. 

191 പന്തുകള്‍ നേരിട്ട് 16 ഫോറുകളും ഒരു സിക്‌സും സഹിതം കോണ്‍വെ 122 റണ്‍സുമായി പുറത്തായി. കരിയറിലെ നാലാം ടെസ്റ്റ് സെഞ്ച്വറിയാണ് കറാച്ചിയില്‍ താരം അടിച്ചെടുത്തത്. 71 റണ്‍സെടുത്ത മറ്റൊരു ഓപ്പണര്‍ ടോ ലാതത്തിന്റെ വിക്കറ്റാണ് കിവീസിന് ആദ്യം നഷ്ടമായത്. 36 റണ്‍സുമായി മുന്‍ ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസന്‍ മികച്ച രീതിയില്‍ മുന്നേറവെ പുറത്തായി. 

സ്‌കോര്‍ 240ല്‍ നില്‍ക്കെ മൂന്നാം വിക്കറ്റായി കെയ്ന്‍ വില്ല്യംസന്‍ മടങ്ങിയതിന് പിന്നാലെ തുടരെ വിക്കറ്റുകള്‍ വീണത് അവരുടെ മികച്ച സ്‌കോര്‍ നേടാനുള്ള അവസരം തടഞ്ഞു. പിന്നീടെത്തിയ ഹെന്റി നിക്കോള്‍സും പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും വിജയിച്ചില്ല. പിന്നാലെ വന്ന ഡാരില്‍ മിച്ചല്‍ (മൂന്ന്), മിച്ചല്‍ ബ്രെയ്‌സ്‌വെല്‍ (പൂജ്യം) എന്നിവരും ക്ഷണത്തില്‍ മടങ്ങിയതോടെ കിവികളുടെ സ്‌കോറിങിന് തിരിച്ചടിയായി. പിന്നീട് ക്രീസില്‍ ഒന്നിച്ച ടോം ബ്ലെന്‍ഡല്‍, ഇഷ് സോധി എന്നിവര്‍ കൂടുതല്‍ നഷ്ടങ്ങളില്ലാതെ ഒന്നാം ദിനം അവസാനിപ്പിച്ചു. 

പാക് നിരയില്‍ ആഘ സല്‍മാന്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. നസീം ഷാ രണ്ട് വീതം വിക്കറ്റുകളും സ്വന്തമാക്കി. അബ്രര്‍ അഹമ്മദ് ഒരു വിക്കറ്റെടുത്തു. മൂന്ന് ടെസ്റ്റുകളുള്ള പരമ്പരയിലെ ആദ്യ പോരാട്ടം സമനിലയില്‍ അവസാനിച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com