ജെറാർഡും സൗദിയിൽ; അൽ ഇത്തിഫാഖിന്റെ പുതിയ പരിശീലകൻ

ലിവർപൂളിന്റെ ഇതിഹാസ താരമായ ജെറാർഡ് വിരമിച്ച ശേഷം പരിശീലക കുപ്പായത്തിലേക്ക് മാറി. ഇം​ഗ്ലീഷ്, ലിവർപൂൾ ടീമുകളുടെ മധ്യനിരയിലെ നിർണായക സാന്നിധ്യമായിരുന്നു ജെറാർഡ്
ചിത്രം: ട്വിറ്റര്‍
ചിത്രം: ട്വിറ്റര്‍

റിയാദ്: ഖത്തർ ലോകകപ്പിനിടെ സൗദി പ്രൊ ലീ​ഗിലേക്കുള്ള ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കൂടുമാറ്റം പലരും പരിഹാസ മട്ടിലാണ് എടുത്തത്. എന്നാൽ മാസങ്ങൾ മാത്രം ഇപ്പുറത്ത് നിൽക്കുമ്പോൾ അതൊരു ഒഴുക്കായി മാറുകയാണെന്ന സത്യത്തിനു മുന്നിലാണ് ഇപ്പോൾ ഫുട്ബോൾ ലോകം. പ്രത്യേകിച്ച് യൂറോപ്. ആ പട്ടികയിലേക്ക് പുതിയ പേര് എഴുതി ചേർത്തിരിക്കുകയാണ് മുൻ ഇം​ഗ്ലണ്ട് നായകൻ സ്റ്റീവൻ ജെറാർഡ്. സൗദി പ്രൊ ലീ​ഗിലെ മുൻ ചാമ്പ്യൻമാരായ അൽ ഇത്തിഫാഖ് തങ്ങളുടെ പുതിയ പരിശീലകനായി ജെറാർഡിനെ നിയമിച്ചു. 

ക്രിസ്റ്റ്യാനോയ്ക്ക് പിന്നാലെ കരിം ബെൻസിമ, എൻ​ഗോളോ കാന്റെ, റൂബൻ നെവസ്, കലിദു കൗലിബാലി, ഹകിം സിയച്, എഡ്വേർഡ് മെൻഡി തുടങ്ങിയവരെല്ലാം വിവിധ ടീമുകളിലേക്ക് സമീപ ദിവസങ്ങളിലാണ് എത്തിയത്. ആ വഴിക്കാണ് ഇപ്പോൾ ഇം​​ഗ്ലീഷ് മുൻ നായകനും. 

കഴിഞ്ഞ ദിവസമാണ് 43കാരൻ ടീമിന്റെ പുതിയ കോച്ചാകുമെന്ന് അൽ ഇത്തിഫാഖ് പ്രഖ്യാപിച്ചത്. കഴിഞ്ഞ ജൂണിൽ ജെറാർഡിനെ എത്തിക്കാൻ ക്ലബ് ശ്രമിച്ചിരുന്നു. എന്നാൽ ഇത്തവണ അദ്ദേഹം കാരാറിലൊപ്പിടാൻ ഒരുക്കമായി. 

ലിവർപൂളിന്റെ ഇതിഹാസ താരമായ ജെറാർഡ് വിരമിച്ച ശേഷം പരിശീലക കുപ്പായത്തിലേക്ക് മാറി. ഇം​ഗ്ലീഷ്, ലിവർപൂൾ ടീമുകളുടെ മധ്യനിരയിലെ നിർണായക സാന്നിധ്യമായിരുന്നു ജെറാർഡ്. ലിവർപൂൾ യൂത്ത് ലീ​ഗ് കോച്ചായാണ് തന്റെ രണ്ടാം കരിയറിന് മുൻ ഇം​ഗ്ലീഷ് നായകൻ തുടക്കമിട്ടത്. പിന്നാലെ സ്കോട്ടിഷ് ടീം റെയ്ഞ്ചേഴ്സ് പരിശീലകനാകുകയും ടീമിന് സ്കോട്ടിഷ് പ്രീമീയർ ലീ​ഗ് കിരീടവും സമ്മാനിച്ചതോടെ അദ്ദേഹത്തിന്റെ മൂല്യം ഉയർന്നു. പിന്നാലെ ഇം​ഗ്ലീഷ് പ്രീമിയർ ലീ​ഗിൽ ആസ്റ്റൺ വില്ലയുടെ കോച്ചായി. എന്നാൽ പ്രതീക്ഷിച്ച രീതിയിൽ കാര്യങ്ങൾ നടന്നില്ല. ക്ലബ് ജെറാർഡിനെ പുറത്താക്കി. അതിനു ശേഷം മറ്റൊരു ടീമിന്റേയും സ്ഥാനം ജെറാർഡ് ഏറ്റെടുത്തിരുന്നില്ല. 

സൗദി പ്രൊ ലീ​ഗിൽ രണ്ട് തവണ കിരീടം നേടിയ ടീമാണ് അൽ ഇത്തിഫാഖ്. കഴിഞ്ഞ സീസണിൽ ടീമിനു മികവ് പുലർത്താനായില്ല. ഏഴാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com