'ഭാഗ്യമഴ'; ആഷസ് കിരീടം ചൂടി ഓസ്‌ട്രേലിയ

പരമ്പരയില്‍ ഇനി ഒരു മത്സരം മാത്രം ബാക്കി നില്‍ക്കെ, ആഷസില്‍35 -ാം കിരീട നേട്ടത്തിനാണ് ആന്‍ഡ്രൂ മക്ക്‌ഡോണാള്‍ഡും സംഘവും ഒരുങ്ങുന്നത്.
മത്സരത്തിനിടെ ഓസിസ് ടീമംഗങ്ങള്‍/ ട്വിറ്റര്‍
മത്സരത്തിനിടെ ഓസിസ് ടീമംഗങ്ങള്‍/ ട്വിറ്റര്‍

മാഞ്ചസ്റ്റര്‍: ആഷസ് കീരീടം തിരിച്ചുപിടിക്കാനുള്ള ഇംഗ്ലണ്ടിന്റെ മോഹം മഴ തകര്‍ത്തു. ടെസ്റ്റിന്റെ അവസാനദിവസം തിമിര്‍ത്തുപെയ്ത മഴ കളിമുടക്കിയതോടെയാണ് ആഷസ് ടെസ്റ്റ് പരമ്പരയിലെ നാലാം ടെസ്റ്റ് സമനിലയില്‍ അവസാനിച്ചത്. ഒന്നാം ഇന്നിങ്‌സില്‍ 275 റണ്‍സിന്റെ ലീഡ് വഴങ്ങിയ ഓസ്‌ട്രേലിയ രണ്ടാം ഇന്നിങ്‌സില്‍ 5ന് 214 എന്ന നിലയിലായിരുന്നു. എന്നാല്‍ മഴയെത്തുടര്‍ന്ന് അവസാനദിനം ഒരു പന്തുപോലും എറിയാതെ മത്സരം ഉപേക്ഷിക്കുകയായിരുന്നു.

പരമ്പരയില്‍ 2-1ന് മുന്നിലുള്ള ഓസ്‌ട്രേലിയ കിരീടം നിലനിര്‍ത്തുകയും ചെയ്തു. ഓവലില്‍ നടക്കുന്ന അവസാന ടെസ്റ്റില്‍ വിജയിച്ചാല്‍ ഇംഗ്ലണ്ടിന് ഈ പരമ്പരയില്‍ സമനില നേടാന്‍ കഴിയും. പരമ്പരയില്‍ ഇനി ഒരു മത്സരം മാത്രം ബാക്കി നില്‍ക്കെ, ആഷസ് ടെസ്റ്റ് പരമ്പരയില്‍ 35 -ാം കിരീട നേട്ടത്തിനാണ് ആന്‍ഡ്രൂ മക്ക്‌ഡോണാള്‍ഡും സംഘവും ഒരുങ്ങുന്നത്.


നാലാം ദിനം തുടക്കത്തിലെ തകര്‍ച്ച നേരിട്ട ഓസീസിന് 111 റണ്‍സ് നേടിയ മാര്‍നസ് ലബുഷെയ്‌ന്റെ ഇന്നിംഗ്‌സാണ് പൊരുതാവുന്ന സ്‌കോറിലെത്തിയത്.  ഈ ഇന്നിങ്‌സ് ഓസീസിന്റെ കിരീട നേട്ടത്തില്‍ നിര്‍ണായകമാവുകയും ചെയ്തു.പത്ത് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടുന്നതായിരുന്നു ലബുഷൈന്റെ ഇന്നിങ്‌സ്. 107 പന്തില്‍ 31 റണ്‍സുമായി മിച്ചല്‍ മാര്‍ഷും 15 പന്തില്‍ 3 റണ്‍സുമായി കാമറൂണ്‍ ഗ്രീനും ക്രീസില്‍ നില്‍ക്കേ മഴയെത്തിയതോടെ നാലാംദിനം കളി 5 വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സ് എന്ന നിലയില്‍ അവസാനിപ്പിക്കുകയായിരുന്നു.

ഓസ്ട്രേലിയ ഒന്നാം ഇന്നിങ്‌സില്‍ 317 റണ്‍സിന് പുറത്തായിരുന്നു. ഇംഗ്ലണ്ട് ഒന്നാം ഇന്നിങ്സില്‍ 592 റണ്‍സെന്ന കൂറ്റന്‍ സ്‌കോറാണ് നേടിയത്. സാക് ക്രൗളിയുടെ (189) തകര്‍പ്പന്‍ ബാറ്റിങ്ങിന് പുറമേ മൊയീന്‍ അലി, ജോ റൂട്ട്, ബെന്‍ സ്റ്റോക്സ്, ജോണി ബെയര്‍സ്റ്റോ, ഹാരി ബ്രൂക്ക് എന്നിവരുടെ അര്‍ധ സെഞ്ച്വറി പ്രകടനങ്ങളാണ് ശക്തമായ നിലയിലേക്ക് ഇംഗ്ലണ്ടിനെ നയിച്ചത്. പുറത്താകാതെ നിന്ന ബെയര്‍സ്റ്റോക്ക് ഒരു റണ്ണിന് സെഞ്ച്വറി നഷ്ടമായി.

വെടിക്കെട്ട് ബാറ്റിങ്ങാണ് ബെയര്‍സ്റ്റോ പുറത്തെടുത്തത്. 81 പന്തില്‍ 99 റണ്‍സ് എടുത്ത ബെയര്‍സ്റ്റോ നാല് പന്താണ് നിലംതൊടാതെ അതിര്‍ത്തി കടത്തിയത്. 10 ഫോറുകളും ഇന്നിംഗ്സിന് ചാരുത നല്‍കി. വാലറ്റത്തെ കൂട്ടുപിടിച്ചാണ് ബെയര്‍സ്റ്റോ കത്തിക്കയറിയത്.

രണ്ടാം ദിനത്തിലെ താരമായ ക്രൗളി 182 പന്തില്‍ 21 ഫോറും 3 സിക്സറും സഹിതമാണ് 189 റണ്‍സ് അടിച്ചത്. തകര്‍ത്തടിച്ച ഓപ്പണര്‍ സാക് ക്രൗളിയാണ് രണ്ടാംദിനം ദിനം ഇംഗ്ലണ്ടിന്റേതാക്കിയത്. ഒരു റണ്ണിനു പുറത്തായ ബെന്‍ ഡുക്കറ്റിനു ശേഷമെത്തിയ മൊയിന്‍ അലി (54), ജോ റൂട്ട് (84) എന്നിവര്‍ക്കൊപ്പം മികച്ച കൂട്ടുകെട്ടുകള്‍ സൃഷ്ടിക്കാന്‍ സാക് ക്രൗളിക്കു സാധിച്ചു. പിന്നാലെ ഹാരി ബ്രൂക് (61), ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്സ് (51) എന്നിവരും അര്‍ധ ശതകം നേടി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com