'അശ്വിനെ ഒഴിവാക്കിയതിന്റെ യുക്തി എന്താണ്? എനിക്ക് മനസിലായിട്ടില്ല'- തുറന്നടിച്ച് സച്ചിൻ

ലോകത്തിലെ ഒന്നാം നമ്പർ ബൗളറായ ആർ അശ്വിനെ ഒഴിവാക്കിയതിന്റെ യുക്തി എന്താണെന്ന് സച്ചിൻ ചോദിക്കുന്നു
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

മുംബൈ: ഓസ്ട്രേലിയക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ ഇന്ത്യ ദയനീയ പരാജയമാണ് ഏറ്റുവാങ്ങിയത്. പിന്നാലെ ടീം സെലക്ഷനെയടക്കം വിമർശിച്ച് ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കർ രം​ഗത്തെത്തി. ഓസ്ട്രേലിയയെ അഭിനന്ദിച്ചും ആർ അശ്വിനെ പ്ലെയിങ് ഇലവനിൽ ഉൾപ്പെടുത്താതും ചൂണ്ടിക്കാട്ടി അദ്ദേഹം ട്വിറ്ററിൽ കുറിപ്പിട്ടു.

ലോകത്തിലെ ഒന്നാം നമ്പർ ബൗളറായ ആർ അശ്വിനെ ഒഴിവാക്കിയതിന്റെ യുക്തി എന്താണെന്ന് സച്ചിൻ ചോദിക്കുന്നു. മത്സരത്തിൽ 209 റൺസിന്റെ തോൽവിയാണ് ഇന്ത്യക്ക് നേരിടേണ്ടി വന്നത്. 

'ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ വിജയിച്ച ഓസ്ട്രേലിയൻ ടീമിന് എന്റെ അഭിനന്ദനങ്ങൾ. ആദ്യ ദിനത്തിൽ തന്നെ മികച്ച ബാറ്റിങിലൂടെ സ്റ്റീവ് സ്മിത്തും ട്രാവിസ് ഹെഡ്ഡും ചേർന്നു വിജയത്തിന്റെ അടിത്തറ ഇട്ടുകഴിഞ്ഞിരുന്നു. ഇന്ത്യക്ക് ആദ്യ ഇന്നിങ്സിൽ വലിയ സ്കോർ നേടേണ്ട സ്ഥിതിയായിരുന്നു. എന്നാൽ ഇന്ത്യക്ക് അതു നേടാൻ കഴിഞ്ഞില്ല. ഇന്ത്യക്ക് സന്തോഷിക്കാൻ ചില നിമിഷങ്ങൾ ഉണ്ടായിരുന്നു.' 

'എന്നാൽ എനിക്ക് ഇപ്പോഴും മനസിലാകാത്ത കാര്യം അശ്വിനെ പ്ലെയിങ് ഇലവനിൽ നിന്നു ഒഴിവാക്കിയതിന്റെ യുക്തിയാണ്. നിലവിൽ ടെസ്റ്റ് ബൗളർമാരിൽ ഒന്നാം സ്ഥാനത്തുള്ള ബൗളറാണ് അശ്വിൻ. പ്രതിഭയുള്ള സ്പിന്നർമാർ പന്ത് കുത്തിത്തിരിയുന്ന പിച്ചിൽ മാത്രമല്ല മികവ് കാണിക്കുക. പന്ത് വായുവിൽ തിരിച്ചും പിച്ചിന്റെ ബൗൺസ് മുതലെടുത്തും വേ​ഗതയിൽ വ്യതിയാനം വരുത്തിയും വിക്കറ്റെടുക്കാൻ ശ്രമിക്കും.' 

ഇടം കൈയൻമാർക്കെതിരെ മികച്ച റെക്കോർഡുള്ള ആളാണ് അശ്വിൻ. ഇക്കാര്യവും സച്ചിൻ പരോക്ഷമായി സൂചിപ്പിക്കുന്നുണ്ട്. 

'ഓസ്ട്രേലിയയുടെ ഏറ്റവും മികച്ച എട്ട് ബാറ്റർമാരിൽ അഞ്ച് പേരും ഇടം കൈയൻമാരാണ്. ഇക്കാര്യം ഇന്ത്യ മറക്കരുതായിരുന്നു'- സച്ചിൻ ട്വീറ്റ് ചെയ്തു. 

ടോസ് നേടി ബൗളിങ് തിരഞ്ഞെടുത്ത ഇന്ത്യയുടെ തീരുമാനം മുതൽ പിഴവ് സംഭവിച്ചു. മത്സരത്തിന്റെ ചില സെഷനിൽ മാത്രം നേരിയ ആധിപത്യം പുലർത്തിയതൊഴിച്ചാൽ ഒരു കാര്യവും ഇന്ത്യയുടെ വഴിക്കു വന്നില്ല. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com