'അന്ന് നിങ്ങള്‍ നന്നായി കളിച്ചില്ല'; ഐസിസി ഇതിഹാസ താരങ്ങളുടെ പട്ടികയിലെത്തിയ സേവാഗിന് ഗാംഗുലിയുടെ കത്ത്

കരിയറിന്റെ തുടക്കകാലത്ത് മിഡില്‍ ഓര്‍ഡര്‍ ബാറ്ററായിരുന്ന സേവാഗ് പിന്നീടാണ് ഓപ്പണറുടെ റോളിലേക്കെത്തിയത്
സൗരവ് ഗാംഗുലി/പിടിഐ
സൗരവ് ഗാംഗുലി/പിടിഐ

ന്യൂഡല്‍ഹി: ഐസിസി ഹാള്‍ ഓഫ് ഫെയിമില്‍ ഇടം കണ്ടെത്തിയ വിരേന്ദര്‍ സേവാഗിന് തുറന്ന കത്തുമായി മുന്‍ നായകന്‍ സൗരവ് ഗാംഗുലി. 2011 ലോകകപ്പിലെ ഇന്ത്യന്‍ ജയത്തില്‍ സേവാഗിന്റെ പങ്ക് നിര്‍ണായകമായിരുന്നു. 14 വര്‍ഷത്തെ അന്താരാഷ്ട്ര കരിയറില്‍ 17,000 ലധികം റണ്‍സാണ് സേവാഗ് നേടിയിട്ടുള്ളത്. ഏകദിനത്തിന് പുറമെ ടെകസ്റ്റ് ക്രിക്കറ്റിലും സേവാഗ് ഓപ്പണറായി എത്തി. തന്റെ ആക്രമണോത്സുക ബാറ്റിങ് ശൈലി താരം ടെസ്റ്റിലും കൊണ്ടുവന്നു. 

കരിയറിന്റെ തുടക്കകാലത്ത് മിഡില്‍ ഓര്‍ഡര്‍ ബാറ്ററായിരുന്ന സേവാഗ് പിന്നീടാണ് ഓപ്പണറുടെ റോളിലേക്കെത്തിയത്. ഗാംഗുലിയുടെ ക്യാപറ്റന്‍സിക്ക് കീഴിലായിരുന്നു ഇത്. ടെസറ്റില്‍ 49 മത്സരങ്ങളും ഏകദിനത്തില്‍ 118 മത്സരങ്ങളം സേവാഗ് കളിച്ചപ്പോള്‍ അതിലേറെയും ഗാംഗുലിയുടെ  ക്യാപ്റ്റന്‍സിയിലായിരുന്നു. 

ഇപ്പോള്‍ സേവാഗ് ഐസിസിയുടെ ഇതിഹാസ താരങ്ങളുടെ പട്ടികയിലേക്കെത്തിയപ്പോള്‍ താരത്തിന് ആശംസകള്‍ നേര്‍ത്ത് കത്തയച്ചിരിക്കുകയാണ് ഗാംഗുലി.  ലക്ഷക്കണക്കിന് ആരാധകരെ പോലെ തനിക്കും നിങ്ങള്‍ ക്രിക്കറ്റ് ഇതിഹാസമാണെന്ന് ഗാംഗുലി കുറിച്ചു.  നിങ്ങള്‍ ബാറ്റിങ് ശൈലികൊണ്ട്  ഒരു സ്‌പെഷല്‍ പ്ലെയറായി. ടെസ്റ്റ് ക്രിക്കറ്റിലെ ബാറ്റിങ് തത്വങ്ങളെല്ലാം നിങ്ങള്‍ മാറ്റിമറിച്ചു. നിങ്ങളുടെ കഴിവ് സ്‌പെഷലാണ്,വേഗത്തില്‍ നിങ്ങള്‍ റണ്‍സ് സ്‌കോര്‍ ചെയ്യുന്നു. ഗാംഗുലി കത്തില്‍ പറയുന്നു. 

''നിങ്ങള്‍ അപൂര്‍വ താരമായിരുന്നു, സുനില്‍ ഗാവസ്‌കറിനു ശേഷമുള്ള ഏറ്റവും മികച്ച ഓപ്പണിംഗ് ബാറ്റ്സ്മാന്‍ നിങ്ങളായിരിക്കും. നിങ്ങള്‍ കളിക്കുന്ന രീതിയും ഗെയിമിനെ സമീപിച്ച രീതിയുമാണ് നിങ്ങളെ വ്യത്യസ്തനാക്കിയത്. ഭയമില്ലാതെ തികച്ചും വ്യത്യസ്തവും പുതുമയുള്ളതുമായ രീതിയില്‍ നിങ്ങള്‍ ഇന്നിങ്‌സ് തുടങ്ങുന്നു''. ഗാംഗുലി പറഞ്ഞു. 

സേവാഗ് ആദ്യമായി ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിച്ചപ്പോള്‍ പന്തുകളെ ബൗണ്ടറി പായിക്കുന്ന രീതിയെ കുറിച്ച് ധാരാളം ചര്‍ച്ചകള്‍ നടന്നത് ഓര്‍ക്കുന്നതായും ഗാംഗുലി പറഞ്ഞു. ''അങ്ങിനെയാണ് ഞാന്‍ നിങ്ങളെ കുറിച്ച് ആദ്യമായി കേട്ടത്. നിങ്ങള്‍ വളരെ മികച്ച താരരമാണ് സെലക്ടര്‍മാര്‍ ഞങ്ങളെ അറിയിച്ചു. അതുകൊണ്ട് തന്നെ നേരത്തെ തന്നെ നിങ്ങള്‍ അന്താരാഷ്ട്ര മത്സരങ്ങളില്‍ എത്തി, എന്നാല്‍ തുടക്കത്തില്‍ നിങ്ങള്‍ നന്നായി കളിച്ചില്ല. നിങ്ങള്‍ വേണ്ടത്ര റണ്‍സ് നേടിയില്ല. എന്നാല്‍ ഒന്നര വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയപ്പോള്‍ നിങ്ങള്‍ തീര്‍ത്തും വ്യത്യസ്തനായ താരമായിരുന്നു.'' ഗാംഗുലി കത്തില്‍ പറഞ്ഞു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com