2036ലെ ഒളിംപിക്‌സ് ആതിഥേയത്വത്തിനു ഇന്ത്യയും; ഗുജറാത്തില്‍ ഒരുക്കങ്ങള്‍, വേദിയൊരുക്കാന്‍ 600 ഏക്കര്‍ ഭൂമി? 

2029ലെ യൂത്ത് ഒളിംപിക്‌സിനു ആദ്യം ആതിഥേയത്വം വഹിക്കുക. പിന്നീട് 2036ല്‍ ഒളിംപിക്‌സ് ആതിഥേയത്വവും. ഇതാണ് മോദി മുന്നോട്ടു വച്ചത്
ചിത്രം: ട്വിറ്റർ
ചിത്രം: ട്വിറ്റർ

അഹമ്മദാബാദ്: 2036ലെ ഒളിംപിക്‌സിനു ആതിഥേയത്വം വഹിക്കാനുള്ള ഒരുക്കങ്ങള്‍ ഇന്ത്യ ഊര്‍ജിതമാക്കി ഇന്ത്യ. മുംബൈയില്‍ കഴിഞ്ഞ ദിവസം അന്താരാഷ്ട്ര ഒളിംപിക് കമ്മിറ്റി സെഷന്‍ ഉദ്ഘാടനം ചെയ്യവേ ഇന്ത്യയുടെ ഒളിംപിക്‌സ് ആതിഥേയത്വമെന്ന ലക്ഷ്യത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ചിരുന്നു. 2036ലെ ആതിഥേയത്വം 140 കോടി ജനതയുടെ സ്വപ്നമാണെന്നു മോദി വ്യക്തമാക്കി.  

2029ലെ യൂത്ത് ഒളിംപിക്‌സിനു ആദ്യം ആതിഥേയത്വം വഹിക്കുക. പിന്നീട് 2036ല്‍ ഒളിംപിക്‌സ് ആതിഥേയത്വവും. ഇതാണ് മോദി മുന്നോട്ടു വച്ചത്. അടുത്ത വര്‍ഷം പാരിസിലാണ് ഒളിംപിക്‌സ്. 28ല്‍ ബ്രിസ്‌ബെയ്‌നാണ് വേദി. ഇന്ത്യക്കൊപ്പം 2036ലെ വേദിക്കായി രംഗത്തുള്ള പോളണ്ട്, മെക്‌സിക്കോ രാജ്യങ്ങളാണ്. കടുത്ത മത്സരമാണ് ഈ രണ്ട് രാജ്യങ്ങളില്‍ നിന്നു വേദി സംബന്ധിച്ചു ഇന്ത്യ നേരിടുന്നത്. മൂന്ന് വര്‍ഷത്തിനുള്ളില്‍ ഇക്കാര്യത്തില്‍ തീരുമാനം ഉണ്ടാകും. 

അതിനിടെ 2036ല്‍ ആതിഥേയത്വം വഹിക്കുന്നതുമായി ബന്ധപ്പെട്ട് ഗുജറാത്തില്‍ ഒരുക്കങ്ങള്‍ തകൃതിയായി നടക്കുന്നതിന്റെ വാര്‍ത്തകളും ഇപ്പോള്‍ വരുന്നുണ്ട്. അഹമ്മദാബാദ് പ്രധാന വേദിയായി ബിഡ് സമര്‍പ്പിക്കാനാണ് ഇന്ത്യയുടെ നീക്കം. കേന്ദ്ര സര്‍ക്കാര്‍  ഗുജറാത്ത് സര്‍ക്കാരിനു വേദിയുടെ നിര്‍മാണത്തിനു അനുമതി നല്‍കിയതായും റിപ്പോര്‍ട്ടുകളുണ്ട്. 600 ഏക്കറോളം ഭൂമി ഇതിനായി കണ്ടെത്തിയതായും ഇവിടെ നിര്‍മാണങ്ങള്‍ ആരംഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. 

അഹമ്മദാബാദിനും ഗാന്ധി നഗറിനും ഇടയിലുള്ള നാല് സ്ഥലങ്ങളാണ് ഇപ്പോള്‍ വേദികള്‍ക്കായി കണ്ടെത്തിയിരിക്കുന്നത്. ഇതു സംബന്ധിച്ചു ഗുജറാത്ത് സര്‍ക്കാര്‍ ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. എന്നാല്‍ ഇവിടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തകൃതിയായി നടക്കുന്നതായാണ് വിവരം. ഇതിനായി ഗുജറാത്ത് ഒളിംപിക്‌സ് പ്ലാനിങ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ കോര്‍പറേഷന്‍ ലിമിറ്റഡ് എന്ന പേരില്‍ പ്രത്യേക സമിതിയും രൂപീകരിച്ചിട്ടുണ്ട്. 

സംസ്ഥാനത്തെ 33 കായിക കേന്ദ്രങ്ങളെ ഇതിനു കീഴില്‍ കൊണ്ടു വന്നാണ് പ്രവര്‍ത്തനം ആരംഭിച്ചിട്ടുള്ളത്. ശിവ്‌രാജ്പുര്‍, സൂറത്ത് കടല്‍ തീരമടക്കമുള്ളവ വാട്ടര്‍ സ്‌പോര്‍ട്‌സ് മത്സരങ്ങള്‍ക്കുള്ള വേദിയാക്കാനും ആലോചനകളുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com