ആദ്യ പന്തിൽ തന്നെ റിവ്യു പാഴാക്കി, വാർണറുടെ ക്യാച്ചും വിട്ടു; പൊളിഞ്ഞ പാക് നീക്കങ്ങൾ

ഒന്നാം ഓവറിലെ ആദ്യ പന്തിൽ തന്നെ റിവ്യൂവിനു പോയി തുടക്കം തന്നെ പണി കിട്ടിയ പാക് ടീമിന്റെ ദുരിതം അവിടെയും തീർന്നില്ല
ചിത്രം: പിടിഐ
ചിത്രം: പിടിഐ

ബം​ഗളൂരു: ഇന്ത്യയോടേറ്റ കനത്ത തോൽവിയിൽ നിന്നു തിരിച്ചെത്താനുള്ള പ്രതീക്ഷയിലാണ് പാകിസ്ഥാൻ ഓസ്ട്രേലിയക്കെതിരായ പോരിനിറങ്ങിയത്. ടോസ് നേടി ആദ്യം ബൗൾ ചെയ്യാനുള്ള തീരുമാനം മുതൽ അവരുടെ കൈയിൽ നിന്നു കാര്യങ്ങൾ കൈവിടുന്ന കാഴ്ചയായിരുന്നു. 

ഒന്നാം ഓവറിലെ ആദ്യ പന്തിൽ തന്നെ റിവ്യൂവിനു പോയി തുടക്കം തന്നെ പണി കിട്ടിയ പാക് ടീമിന്റെ ദുരിതം അവിടെയും തീർന്നില്ല. തൊട്ടുപിന്നാലെ ഡേവിഡ് വാർണർ നൽകിയ അനായാസ ക്യാച്ച് കൈവിട്ട് ഉസാമ മിർ പരിഹാസ്യ കഥാപാത്രമായി. അപ്പോൾ പത്ത് റൺസ് മാത്രമായിരുന്നു വാർണർ നേടിയത്. താരത്തെ തുടക്കത്തിൽ മടക്കാനുള്ള അവസരം നഷ്ടമായി. പാക് ടീമിന്റെ അന്തകനായി വാർണർ മാറുകയും ചെയ്തു. 

ആദ്യ പന്തിൽ വാർണർക്കെതിരെ ഷഹീൻ അഫ്രീദി എറിഞ്ഞ പന്തിലാണ് അവർ റിവ്യു പോയത്. പന്ത് വാർണറുടെ പാഡിൽ കൊണ്ടതിനെ തുടർന്നായിരുന്നു പാക് താരങ്ങളുടെ അപ്പീൽ. അംപയർ പക്ഷേ അനുവദിച്ചില്ല. അഫ്രീദിയുടെ നിർബന്ധത്തിനു വഴങ്ങി നായകൻ ബാബർ‌ അസം റിവ്യു പോയി. ചില താരങ്ങൾ റിവ്യു വേണ്ടതില്ലെന്നു ബാബറിനെ ഉപദേശിക്കുന്നുണ്ടായിരുന്നു. എന്നാൽ ബാബർ അതു കൂട്ടാകാതെ തീരുമാനത്തിൽ ഉറച്ചു നിന്നു. 

റീപ്ലേയിൽ അഫ്രീദിയുടെ പന്ത് വാർണറുടെ ബാറ്റിന്റെ എഡ്ജിൽ തട്ടിയ ശേഷമാണ് പാഡിൽ കൊണ്ടതെന്നു വ്യക്തമായി. ആദ്യ പന്തിൽ തന്നെ ഒരു ഡിആർസ് അവസരവും അവർക്ക് നഷ്ടമായി. 

അഫ്രീദി എറിഞ്ഞ അഞ്ചാം ഓവറിലെ രണ്ടാം പന്തിലാണ് വാർണറെ പുറത്താക്കാനുള്ള അവസരം കന്നി ലോകകപ്പ് കളിക്കാനിറങ്ങിയ മിർ കളഞ്ഞു കുളിച്ചത്. താരം ഉയർത്തിയടിച്ച പന്ത് അനായാസം കൈപ്പിടിയിലൊതുക്കാമായിരുന്നു. എന്നാൽ മിർ അതുകൈവിട്ടു‌. അപ്പോൾ പത്ത് റൺസ് മാത്രമാണ് വാർണർ നേടിയത്. ജീവൻ കിട്ടിയ വാർണർ പിന്നെ തിരിഞ്ഞു നോക്കിയില്ല. തലങ്ങും വിലങ്ങും പ്രഹരിച്ച് വാർണർ പാക് ടീമിനെ വശം കെടുത്തി. ആ കൈവിട്ട അവസരത്തെ പാക് ടീമിനു സ്വയം പഴിക്കാം. 

നായകൻ ബാബറും പന്തെറിഞ്ഞ അഫ്രീദിയും ഞെട്ടലോടെയാണ് ഇതു കണ്ടു നിന്നത്. പിന്നാലെ ഉസാമ മിറിനെതിരെ സാമൂഹിക മാധ്യമങ്ങളിൽ വൻ വിമർശനമാണ് ഉയർന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com