ഗില്‍ രക്ഷകനാവുമോ?, സെഞ്ച്വറി മികവോടെ ഒറ്റയാള്‍ പോരാട്ടം; ബംഗ്ലാദേശിനെതിരെ ഇന്ത്യ പൊരുതുന്നു

ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന്റെ കരുത്തില്‍ ഇന്ത്യ പൊരുതുന്നു
ശുഭ്മാൻ ഗിൽ, IMAGE CREDIT/ BCCI
ശുഭ്മാൻ ഗിൽ, IMAGE CREDIT/ BCCI

കൊളംബോ: ഏഷ്യാ കപ്പില്‍ ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ ഓപ്പണര്‍ ശുഭ്മാന്‍ ഗില്ലിന്റെ കരുത്തില്‍ ഇന്ത്യ പൊരുതുന്നു. തുടക്കം മുതല്‍ തന്നെ മറുവശത്ത് വിക്കറ്റുകള്‍ ഓരോന്നായി വീഴുമ്പോഴും പിടിച്ചുനിന്ന ശുഭ്മാന്‍ ഗില്‍ സെഞ്ച്വറി മികവോടെ പുറത്താകെ നില്‍ക്കുന്നത് ഇന്ത്യന്‍ ക്യാമ്പിന് പ്രതീക്ഷ നല്‍കുകയാണ്. നിലവില്‍ 125 പന്തില്‍ 112 റണ്‍സ് എന്ന നിലയിലാണ് ഗില്‍. എട്ട് ബൗണ്ടറികളുടെയും ആറ് സിക്‌സുകളുടെയും അകമ്പടിയോടെ ഇന്നിംഗ്‌സ് മുന്നോട്ടു കൊണ്ടുപോകുകയാണ് യുവതാരം. 

കഴിഞ്ഞ കളികളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ സ്‌കോര്‍ ബോര്‍ഡ് തുറക്കുന്നതിന് മുന്‍പ് തന്നെ പുറത്തായത് ഇന്ത്യന്‍ ക്യാമ്പിനെ ഞെട്ടിച്ചു. തന്‍സിം ഹസന്‍ സാക്കിബ് ആണ് രോഹിത്തിന്റെ വിക്കറ്റ് നേടിയത്. 

പ്രമുഖ താരങ്ങള്‍ക്ക് വിശ്രമം നല്‍കിയതിനാല്‍ കളിക്കാന്‍ അവസരം ലഭിച്ച തിലക് വര്‍മ്മയ്ക്ക് അത് മുതലാക്കാന്‍ സാധിച്ചില്ല. അഞ്ചു റണ്‍സ് മാത്രമാണ് തിലക് വര്‍മയുടെ സമ്പാദ്യം.തന്‍സിം ഹസന് തന്നെയാണ് തിലക് വര്‍മ്മയുടെ വിക്കറ്റ്. തുടര്‍ന്ന് കെ എല്‍ രാഹുലും ഗില്ലും ക്രീസില്‍ ഒരുമിച്ചപ്പോള്‍ സ്‌കോര്‍ ബോര്‍ഡ് ചലിക്കുമെന്ന് കരുതിയെങ്കിലും, ആ ആത്മവിശ്വാസവും അധികം നേരം നിലനിന്നില്ല. 39 പന്തില്‍ 19 റണ്‍സില്‍ നില്‍ക്കേ, കെ എല്‍ രാഹുലും കൂടാരം കയറി.  പിന്നീട് വന്ന സൂര്യകുമാര്‍ യാദവിനും അവസരം മുതലാക്കാനായില്ല. 34 പന്തില്‍ 26 റണ്‍സ് ആണ് സൂര്യകുമാര്‍ യാദവിന്റെ സമ്പാദ്യം. എപ്പോഴും രക്ഷകനായി വരാറുള്ള ജഡേയ്ക്കും ഇത്തവണ കാലിടറി. ഏഴ് റണ്‍സ് മാത്രമാണ് ജഡേജയ്്ക്ക് നേടാന്‍ കഴിഞ്ഞത്. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 41.4 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. 

നേരത്തെ ടോസ് നേടിയ ഇന്ത്യ ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തിലാണ് ബംഗ്ലാദേശ് 265 റണ്‍സ് എന്ന ഭേദപ്പെട്ട സ്‌കോറിലെത്തിയത്.

ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന്‍ (85 പന്തില്‍ 80), തൗഹിദ് ഹൃദോയ് (81 പന്തില്‍ 54) എന്നിവരുടെ അര്‍ധ സെഞ്ച്വറികളാണ് ബംഗ്ലാദേശ് ഇന്നിങ്‌സിനു കരുത്തായത്. നസും അഹമ്മദ് 45 പന്തില്‍ 44 റണ്‍സ് നേടി. അവസാന ഓവറുകളില്‍ മെഹ്ദി ഹസന്‍ (23 പന്തില്‍ 29), തന്‍സിം ഹസന്‍ സാകിബ് (8 പന്തില്‍ 14) എന്നിവര്‍ തകര്‍ത്തടിച്ചതോടെ സ്‌കോര്‍ 250 കടന്നു.തകര്‍ച്ചയോടെ ആരംഭിച്ച ബംഗ്ലദേശിനെ ഷാക്കിബ് അല്‍ ഹസനും തൗഹിദ് ഹൃദോയിയും ചേര്‍ന്ന് മുന്നോട്ടു നയിക്കുകയായിരുന്നു. ഇരുവരും ചേര്‍ന്ന് 5-ാം വിക്കറ്റില്‍ 101 റണ്‍സിന്റെ കൂട്ടുകെട്ട് ഉണ്ടാക്കി.

ഇന്ത്യയ്ക്കായി ഷാര്‍ദുല്‍ ഠാക്കുര്‍ 10 ഓവറില്‍ 65 റണ്‍സ് വഴങ്ങി 3 വിക്കറ്റു വീഴ്ത്തി. മുഹമ്മദ് ഷമി 8 ഓവറില്‍ 32 റണ്‍സ് വഴങ്ങി 2 വിക്കറ്റ് വീഴ്ത്തി. പ്രസിദ്ധ് കൃഷ്ണ, അക്ഷര്‍ പട്ടേല്‍, രവിന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റു വീതവും സ്വന്തമാക്കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com