മെസി, എംബാപ്പെ, ബെന്‍സെമ; ആരാകും ഫിഫ ദി ബെസ്റ്റ്? 27ന് അറിയാം

മികച്ച പരിശീലകരുടെ അന്തിമ പട്ടകയില്‍ അര്‍ജന്റീനയ്ക്ക് ലോക കിരീടം സമ്മാനിച്ച ലയണല്‍ സ്‌കലോനി, മാഞ്ചസ്റ്റര്‍ സിറ്റി കോച്ച് പെപ് ഗെര്‍ഡിയോള, റയല്‍ മാഡ്രിഡ് പരിശീലകന്‍ കാര്‍ലോ ആന്‍സലോട്ടി എന്നിവരാണ് ഉള്ളത
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

സൂറിച്ച്: 2022ലെ മികച്ച ഫുട്‌ബോള്‍ താരത്തിനുള്ള ഫിഫ ദി ബെസ്റ്റ് പുരസ്‌കാരത്തിനുള്ള ഫൈനല്‍ ലിസ്റ്റ് പുറത്തിറക്കി ഫിഫ. അര്‍ജന്റീന നായകനും പിഎസ്ജി താരവുമായ ലയണല്‍ മെസി, ഫ്രാന്‍സ് സെന്‍സേഷനും പിഎസ്ജിയില്‍ മെസിയുടെ സഹ താരവുമായ കിലിയന്‍ എംബാപ്പെ, ഫ്രാന്‍സ് വെറ്ററനും റയല്‍ മാഡ്രിഡ് താരവുമായ കരിം ബെന്‍സെമ എന്നിവരാണ് അന്തിമ പട്ടികയിലുള്ളത്. 

2021 ഓഗസ്റ്റ് എട്ട് മുതല്‍ 2022 ഡിസംബര്‍ 18 വരെയുള്ള കാലയളവിലെ പ്രകടനം അടിസ്ഥാനമാക്കിയാണ് പുരസ്‌കാരം സമ്മാനിക്കുന്നത്. ഈ മാസം 27ന് പുരസ്‌കാരം സമ്മാനിക്കും. 

ആകെ 14 താരങ്ങളാണ് അവാര്‍ഡിനായി പരിഗണിക്കപ്പെട്ടത്. ഇതില്‍ നിന്നാണ് അവസാന പട്ടികയിലേക്ക് മെസി, എംബാപ്പെ, ബെന്‍സെമ എന്നിവര്‍ എത്തിയത്. ലോകമെങ്ങുമുള്ള ദേശീയ ടീം പരിശീലകന്‍മാര്‍, ക്യാപ്റ്റന്‍മാര്‍, മാധ്യമ പ്രവര്‍ത്തകര്‍, ആരാധകര്‍ എന്നിവരാണ് താരങ്ങളെ തിരഞ്ഞെടുക്കാനായി വോട്ട് ചെയ്യുക. 

മികച്ച വനിതാ താരങ്ങളുടെ പട്ടികയില്‍ ബെത് മീഡ്, അലക്‌സ് മോര്‍ഗന്‍, അലെക്‌സിയ പ്യുടെല്ലാസ് എന്നിവരാണ് ഇടം കണ്ടത്. മികച്ച പരിശീലകരുടെ അന്തിമ പട്ടകയില്‍ അര്‍ജന്റീനയ്ക്ക് ലോക കിരീടം സമ്മാനിച്ച ലയണല്‍ സ്‌കലോനി, മാഞ്ചസ്റ്റര്‍ സിറ്റി കോച്ച് പെപ് ഗെര്‍ഡിയോള, റയല്‍ മാഡ്രിഡ് പരിശീലകന്‍ കാര്‍ലോ ആന്‍സലോട്ടി എന്നിവരാണ് ഉള്ളത്. 

മികച്ച ഗോളിനുള്ള പുഷ്‌കാസ് അവാര്‍ഡ് പട്ടികയില്‍ ബ്രസീലിന്റെ റിച്ചാര്‍ലിസന്‍, പോളണ്ടുകാരനും ഭിന്ന ശേഷി ഫുട്‌ബോള്‍ താരവുമായ ഒലെസ്‌കി, ഫ്രാന്‍സിന്റെ മാഴ്‌സ ക്യാപ്റ്റന്‍ ദിമിത്രി പയറ്റ് എന്നിവര്‍ നേടിയ ഗോളുകള്‍ ഇടംപിടിച്ചു.

ലയണല്‍ മെസി 

അര്‍ജന്റീനയെ 36 വര്‍ഷങ്ങള്‍ക്ക് ശേഷം ലോക കിരീടത്തിലേക്ക് നയിച്ച അസാമാന്യ മികവാണ് ലയണല്‍ മെസിയെ അന്തിമ പട്ടികയിലേക്ക് എത്തിച്ചത്. ടൂര്‍ണമെന്റില്‍ ഗോളടിച്ചും ഗോളടിപ്പിച്ചും മാന്ത്രികത മുഴുവന്‍ എടുത്ത് പുറത്തിട്ടാണ് തന്റെ അഞ്ചാം ലോകകപ്പില്‍ കിരീടമെന്ന സ്വപ്‌നം സാക്ഷാത്കരിച്ച് മെസി ഖത്തറിലെ മൈതാനത്തു നിന്ന് കയറിയത്. ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോളും മെസിക്കായിരുന്നു.

പിഎസ്ജിക്കായും താരം ഉജ്ജ്വലമായാണ് പന്ത് തട്ടിയത്. ലീഗ് വണ്‍ കിരീട നേട്ടത്തില്‍ മെസിയുടെ കൈയൊപ്പുണ്ട്. പിഎസ്ജിയുടെ കളിയില്‍ കൃത്യമായ മാറ്റമാണ് ബാഴ്‌സലോണയില്‍ നിന്നുള്ള മെസിയുടെ വരവോടെ സംഭവിച്ചത്. 

കിലിയന്‍ എംബാപ്പെ

ഫ്രാന്‍സിനെ തുടര്‍ച്ചയായി രണ്ടാം തവണയും ലോകകപ്പ് ഫൈനലിലേക്ക് എത്തിച്ചാണ് എംബാപ്പെയുടെ വരവ്. ടൂര്‍ണമെന്റില്‍ എട്ട് ഗോളുകളുമായി എംബാപ്പെ ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കി. ലോകകപ്പില്‍ തന്റെ മികവ് മുഴുവന്‍ പുറത്തെടുത്ത് താരം നിറഞ്ഞാടി. 56 വർഷങ്ങൾക്ക് ശേഷം ലോകകപ്പ് ഫൈനലിൽ ​ഹാട്രിക്ക് ​ഗോളുകൾ നേടുന്ന താരമായി എംബാപ്പെ മാറി.

പിഎസ്ജിയെ ഫ്രഞ്ച് ലീഗ് വണ്‍ കിരീടത്തിലേക്ക് നയിക്കുന്നതിലും താരം നിര്‍ണായകമായി. ഈ കാലത്ത് താരം 26 അസിസ്റ്റുകളും 39 ഗോളുകളും ടീമിനായി നേടി.

കരിം ബെന്‍സെമ

റയല്‍ മാഡ്രിഡിനായി പുറത്തെടുത്ത മികവാണ് ബെന്‍സെമയെ ഫൈനലിലെത്തിച്ചത്. റയലിന് ലാ ലിഗ, ചാമ്പ്യന്‍സ് ലീഗ് കിരീടങ്ങള്‍ സമ്മാനിക്കുന്നതില്‍ താരം നിര്‍ണായക പങ്കു വഹിച്ചു.

ടെക്‌നിക്കല്‍ മികവും പോരാടാനുള്ള മനസും താരത്തെ വ്യത്യസ്തനാക്കുന്നു. ചാമ്പ്യന്‍സ് ലീഗില്‍ 15 ഗോളുകളും ലാ ലിഗയില്‍ 27 ഗോളുകളുമാണ് ഈ കാലയളവില്‍ താരം നേടിയത്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com