ഇന്‍ഡോറില്‍ തകര്‍ത്തടിച്ച് ഇന്ത്യ; രോഹിതിനും ശുഭ്മാനും അര്‍ധ സെഞ്ച്വറി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th January 2023 02:46 PM  |  

Last Updated: 24th January 2023 02:46 PM  |   A+A-   |  

IND vs NZ 3rd ODI

അര്‍ധ സെഞ്ച്വറി നേടിയ ഗില്ലിനെ രോഹിത് അഭിനന്ദിക്കുന്നു

 

ഇന്‍ഡോര്‍: ന്യൂസിലന്‍ഡിനെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യക്ക് മികച്ച തുടക്കം. ഓപ്പണര്‍മാരായ ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കും ശുഭ്മാന്‍ ഗില്ലിനും അര്‍ധ സെഞ്ച്വറി. ശുഭ്മാന്‍ ഗില്‍ 33 പന്തില്‍ നിന്നുമാണ് അര്‍ധ സെഞ്ച്വറി നേടിയത്. ശുഭ്മാന്റെ കരിയറിലെ ആറാം അര്‍ധ സെഞ്ച്വറിയാണ്.

16 ഓവര്‍ പിന്നിടുമ്പോള്‍ ഇന്ത്യ വിക്കറ്റൊന്നും നഷ്ടമാകാതെ 144 റണ്‍സ് എടുത്തിട്ടുണ്ട്. 54 പന്തില്‍ നിന്ന് 76 റണ്‍സുമായി രോഹിതും 45 പന്തില്‍ ശുഭ്മാന്‍ ഗില്‍ 64 റണ്‍സും നേടിയിട്ടുണ്ട്. ഇതിനകം രോഹിത് 5 സിക്‌സറും 8 ഫോറുകളും പറത്തി, മൂന്ന് സിക്‌സും 9 ഫോറും ശുഭ്മാന്‍ ഗില്ലും നേടി.

ടോസ് നേടിയ ന്യൂസിലന്‍ഡ് ഫീല്‍ഡിങ്ങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യന്‍ ടീമില്‍ മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി എന്നിവര്‍ക്ക് വിശ്രമം നല്‍കി.ഇവര്‍ക്ക് പകരം ഉമ്രാന്‍ മാലിക്, യൂസ്വേന്ദ്ര ചഹല്‍ എന്നിവരെ അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്തി. ന്യൂസിലന്‍ഡ് ടീമില്‍ ഒരു മാറ്റമുണ്ട്. ഷിപ്ലെയ്ക്ക് പകരം ജേക്കബ് ഡഫിയെ ടീമില്‍ ഉള്‍പ്പെടുത്തി.

പേസ് ബൗളറായ ജേക്കബ് ഡഫി മുമ്പ് കീവിസിന് വേണ്ടി രണ്ട് അന്താരാഷ്ട്ര മത്സരങ്ങള്‍ മാത്രമാണ് കളിച്ചിട്ടുള്ളത്. ആദ്യ രണ്ടു മത്സരങ്ങളും വിജയിച്ച ഇന്ത്യ ഏകദിന പരമ്പര നേടിയിരുന്നു. ഇന്ന് ജയിച്ചാല്‍ ഐസിസി ഏകദിന റാങ്കിങ്ങില്‍ ഇന്ത്യ ഒന്നാമതെത്തും.

ഈ വാര്‍ത്ത കൂടി വായിക്കൂ

ജൂനിയർ ദ്രാവിഡ് കൊച്ചിയുടെ ക്രീസിൽ, ടീം നായകനായി അൻവയ് 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ