ഇന്ത്യ തകരുന്നു; പൂജാരയും കോഹ്‌ലിയും മടങ്ങി; നാല് വിക്കറ്റുകള്‍ നഷ്ടം

പാറ്റ് കമ്മിന്‍സും സ്‌കോട്ട് ബോളണ്ടും മിച്ചല്‍ സ്റ്റാര്‍ക്കും കാമറോണ്‍ ഗ്രീനും നാല് വിക്കറ്റുകള്‍ പങ്കിട്ടു
പുറത്തായി മടങ്ങുന്ന രോഹിത് ശർമ/ പിടിഐ
പുറത്തായി മടങ്ങുന്ന രോഹിത് ശർമ/ പിടിഐ

ലണ്ടന്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ഒന്നാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങിയ ഇന്ത്യ തകരുന്നു. 76 റണ്‍സ് ചേര്‍ക്കുന്നതിനിടെ ഇന്ത്യക്ക് നാല് വിക്കറ്റുകള്‍ നഷ്ടം. ഒന്നാം ഇന്നിങ്‌സില്‍ ഓസ്‌ട്രേലിയ 469 റണ്‍സിന് പുറത്തായിരുന്നു. 

തുടക്കത്തില്‍ തന്നെ തിരിച്ചടി. ചായക്ക് പിരിയുമ്പോള്‍ ഇന്ത്യക്ക് ഓപ്പണര്‍മാരെ നഷ്ടമായിരുന്നു. ക്യാപ്റ്റന്‍ രോഹിത് ശര്‍മ (15), ശുഭ്മാന്‍ ഗില്‍ (13) എന്നിവരാണ് പുറത്തായത്. 

പിന്നീട് ക്രീസിലെത്തിയ ചേതേശ്വര്‍ പൂജാര (14), വിരാട് കോഹ്‌ലി (14) എന്നിവരും നിരാശപ്പെടുത്തി. ഇരുവരും മികവോടെ ബാറ്റ് വീശിയെങ്കിലും അധികം നീണ്ടില്ല. ആറ് വിക്കറ്റുകള്‍ ശേഷിക്കേ ഇന്ത്യക്ക് ഓസീസ് സ്‌കോറിനൊപ്പമെത്താന്‍ 393 റണ്‍സ് കൂടി വേണം.

അജിന്‍ക്യ രഹാനെ 13 റണ്‍സുമായും 4 റണ്ണുമായി ജഡേജയും ക്രീസില്‍. പാറ്റ് കമ്മിന്‍സും സ്‌കോട്ട് ബോളണ്ടും മിച്ചല്‍ സ്റ്റാര്‍ക്കും കാമറോണ്‍ ഗ്രീനും നാല് വിക്കറ്റുകള്‍ പങ്കിട്ടു. 

നേരത്തെ ഓസ്ട്രേലിയയെ ഒന്നാം ഇന്നിങ്സില്‍ 469 റണ്‍സില്‍ ഓള്‍ഔട്ടാക്കി ഇന്ത്യ. രണ്ടാം ദിനത്തില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ ആധിപത്യം പുലര്‍ത്തി. നാല് വിക്കറ്റുകള്‍ വീഴ്ത്തി മുഹമ്മദ് സിറാജ് തിളങ്ങി. മുഹമ്മദ് ഷമി, ശാര്‍ദുല്‍ ഠാക്കൂര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും സ്വന്തമാക്കി. രവീന്ദ്ര ജഡേജ ഒരു വിക്കറ്റെടുത്തു. 

ട്രാവിസ് ഹെഡ്ഡ്, സ്റ്റീവ് സ്മിത്ത് എന്നിവരുടെ സെഞ്ച്വറിയാണ് ഓസീസിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 327 റണ്‍സെന്ന മികച്ച സ്‌കോറില്‍ രണ്ടാം ദിനം തുടങ്ങിയ ഓസീസിന് ശേഷിച്ച ഏഴ് വിക്കറ്റുകള്‍ 142 റണ്‍സ് ബോര്‍ഡില്‍ ചേര്‍ക്കുന്നതിനിടെ നഷ്ടമായി. ഏഴാമനായി എത്തിയ അലക്സ് കാരിയാണ് ഓസ്ട്രേലിയന്‍ സ്‌കോര്‍ 450 കടത്തിയത്. താരം 48 റണ്‍സെടുത്തു.

ട്രാവിഡ് ഹെഡ്ഡ് 163 റണ്‍സെടുത്താണ് മടങ്ങിയത്. താരം 25 ഫോറും ഒരു സിക്സും പറത്തി. കാമറൂണ്‍ ഗ്രീന്‍ ആറ് റണ്‍സ് മാത്രമാണ് നേടിയത്. ഒന്നാം ദിനം സെഞ്ച്വറി വക്കില്‍ നിന്ന മുന്‍ നായകന്‍ സ്റ്റീവ് സ്മിത്ത് രണ്ടാം ദിനത്തില്‍ തുടക്കത്തില്‍ തന്നെ സെഞ്ച്വറി നേടി. ബാറ്റിങ് തുടര്‍ന്ന സ്മിത്ത് 121റണ്‍സുമായി മടങ്ങി. 19 ഫോറുകള്‍ സഹിതമായിരുന്നു സ്മിത്തിന്റെ സെഞ്ച്വറി. മിച്ചല്‍ സ്റ്റാര്‍ക്ക് അഞ്ച് റണ്‍സുമായി റണ്ണൗട്ടായി കൂടാരം കയറി. 

നേരത്തെ ടോസ് നേടി ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍ 43 റണ്‍സെടുത്തു. എന്നാല്‍ സഹ ഓപ്പണര്‍ ഉസ്മാന്‍ ഖവാജ സംപൂജ്യനായി മടങ്ങി. മര്‍നസ് ലബുഷെയ്ന്‍ 26 റണ്‍സുമായും പുറത്തായി. പാറ്റ് കമ്മിന്‍സ്, നതാന്‍ ലിയോണ്‍ എന്നിവര്‍ ഒന്‍പത് റണ്‍സെടുത്തു. കളി അവസാനിക്കുമ്പോള്‍ ഒരു റണ്ണുമായി സ്‌കോട്ട് ബോളണ്ട് പുറത്താകാതെ നിന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ‌

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com