നടരാജന്‍ 'നടനമാടി', 19 റണ്‍സിന് നാലുവിക്കറ്റ്; ഡല്‍ഹിക്കെതിരെ ഹൈദരാബാദിന് ഉജ്ജ്വല ജയം

ഐപിഎല്ലില്‍ വീണ്ടും വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ജയം
ഡൽഹിയെ തോൽപ്പിച്ച ഹൈദരാബാദിന്റെ ആഹ്ലാദ പ്രകടനം
ഡൽഹിയെ തോൽപ്പിച്ച ഹൈദരാബാദിന്റെ ആഹ്ലാദ പ്രകടനംപിടിഐ

ന്യൂഡല്‍ഹി: ഐപിഎല്ലില്‍ വീണ്ടും വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ജയം. സീസണില്‍ മൂന്നാം തവണയും 250ന് മേലെ സ്‌കോര്‍ കണ്ടെത്തിയ ഹൈദരാബാദ് ഡല്‍ഹിക്കെതിരെ ഉജ്ജ്വല ജയമാണ് നേടിയത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദ്, നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 266 റണ്‍സ് കണ്ടെത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഡല്‍ഹിക്ക് 19.1 ഓവറില്‍ 199 റണ്‍സ് എടുക്കാനെ സാധിച്ചുള്ളൂ.

വാഷിങ്ടണ്‍ സുന്ദര്‍ എറിഞ്ഞ ആദ്യ ഓവറില്‍ത്തന്നെ പൃഥ്വി ഷാ നാല് ഫോറുകള്‍ നേടി ഡല്‍ഹി തകര്‍പ്പന്‍ മറുപടി നല്‍കിത്തുടങ്ങിയെങ്കിലും ആയുസ്സുണ്ടായില്ല. ആദ്യ ഓവറിലെ ആദ്യ നാല് പന്തുകളും ഫോറടിച്ച് തുടങ്ങിയ പൃഥ്വി അഞ്ചാം പന്തില്‍ അബ്ദുല്‍ സമദിന് ക്യാച്ച് നല്‍കി മടങ്ങി. ഭുവനേശ്വര്‍ കുമാര്‍ എറിഞ്ഞ അടുത്ത ഓവറില്‍ ഡേവിഡ് വാര്‍ണറും (മൂന്ന് പന്തില്‍ ഒന്ന്) മടങ്ങി.

അടുത്ത ഓവര്‍ പക്ഷേ, ത്രസിപ്പിക്കുന്നതായിരുന്നു. കളിയിലെ ഏറ്റവും റണ്ണൊഴുക്കുണ്ടായ ഓവര്‍. വാഷിങ്ടണ്‍ സുന്ദറെറിഞ്ഞ ഓവര്‍ കടന്നുപോയത് 4,4,6,4,6,6 എന്ന വിധത്തിലായിരുന്നു. 30 റണ്‍സും അടിച്ചെടുത്തത് ഫ്രേസര്‍ മക്ഗര്‍ക്ക്. ഇതോടെ മൂന്നോവറില്‍ രണ്ടിന് 55. പിന്നീട് അഞ്ചാം ഓവറിലെ 20 റണ്‍സ് ഒഴിച്ചാല്‍ പവര്‍പ്ലേയില്‍ മറ്റു കിടിലന്‍ നീക്കങ്ങളുണ്ടായില്ല. പവര്‍പ്ലേയില്‍ നേടിയത് 88 റണ്‍സ്.

ഏഴാം ഓവറില്‍ മൂന്ന് സിക്സ് സഹിതം 21 റണ്‍സ്. ഇതിനിടെ ഫ്രേസര്‍ 15 പന്തില്‍ അര്‍ധ സെഞ്ചുറി കടന്നു. ഐപിഎല്ലില്‍ ഡല്‍ഹിക്കെതിരേ ഏറ്റവും വേഗമേറിയ ഫിഫ്റ്റിക്ക് ഉടമയാവാനും ഈ സീസണിലെ ഏറ്റവും വേഗത്തിലുള്ള ഫിഫ്റ്റിക്കുടമയാവാനും സാധിച്ചു. മാര്‍ക്കണ്ഡെ എറിഞ്ഞ ഏഴാം ഓവറിലെ അവസാന പന്തില്‍ ഫ്രേസര്‍ വീണു. ക്ലാസന് ക്യാച്ച് നല്‍കി മടങ്ങുമ്പോള്‍ സമ്പാദ്യം 18 പന്തില്‍ 65 റണ്‍സ്.

ഫ്രേസര്‍ തുടങ്ങിവെച്ച ദൗത്യം അടുത്ത ഓവറില്‍ അഭിഷേക് പൊരേല്‍ ഏറ്റെടുത്തു. സിക്സും ഫോറുകളുമായി കളം നിറഞ്ഞ പൊരേല്‍ 22 പന്തില്‍ 42 റണ്‍സെടുത്ത് പുറത്തായി. മാര്‍ക്കണ്ഡെയുടെ പന്തില്‍ സ്റ്റമ്പ് ചെയ്തതോടെ മടങ്ങിപ്പോയി. തുടര്‍ന്ന് വമ്പന്‍ നീക്കങ്ങളൊന്നുമുണ്ടായില്ല. നടരാജന്‍ 19 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാലുവിക്കറ്റുകള്‍ നേടി. നിതീഷ് കുമാര്‍ റെഡ്ഡിയും മാര്‍ക്കണ്ഡെയും രണ്ടുവിക്കറ്റുകള്‍ വീതം നേടി മികച്ച പിന്തുണ നല്‍കി.

തുടക്കം മുതല്‍ ഹൈദരാബാദ് ആക്രമിച്ചാണ് കളിച്ചത്. അഞ്ച് ഓവറില്‍ നൂറ് റണ്‍സ് അടിച്ച് ഐപിഎല്‍ ചരിത്രത്തില്‍ പുതിയ റെക്കോര്‍ഡും സണ്‍റൈസേഴ്സ് സ്വന്തം പേരില്‍ എഴുതി. 22 സിക്സറുകളും 18 ഫോറുകളും അടിച്ചാണ് ഐപിഎല്ലില്‍ ഹൈദരാബാദ് തങ്ങളുടെ മികച്ച മൂന്നാമത്തെ സ്‌കോര്‍ കണ്ടെത്തിയത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തുടക്കത്തില്‍ തന്നെ സൂപ്പര്‍ അടിയുമായി മുന്നേറിയ ടീം സ്‌കോര്‍ മൂന്നൂറ് കടക്കുമെന്ന പ്രതീതിവരെ ഉണ്ടാക്കി. ട്രാവിസ് ഹെഡ് ആണ് ടോപ്സ്‌കോറര്‍. 32 പന്തുകളില്‍ നിന്ന് 89 റണ്‍സ് എടുത്ത ഹെഡിന്റെ ഇന്നിങ്സില്‍ ആറ് സിക്സറുകളും 11 ഫോറുകളും ഉള്‍പ്പെടുന്നു.

ഹെഡിന്റെ കൂട്ടായി എത്തിയ ഓപ്പണര്‍ അഭിഷേക് ശര്‍മയുടേതും വെടിക്കെട്ട് പ്രകടനമായിരുന്നു. 12 പന്തുകള്‍ നേരിട്ട അഭിഷേക് 46 റണ്‍സ് നേടി. ഇതില്‍ ആറ് സിക്സറും രണ്ടും ബൗണ്ടറിയും ഉള്‍പ്പെടുന്നു. ഹെന്റിച്ച് ക്ലാസനും മര്‍ക്രമും കാര്യമായ സംഭാവന നല്‍കാതെ മടങ്ങി. പുറത്താകാതെ ഷഹബാസ് അഹമ്മദ് അര്‍ധ സെഞ്ച്വറി നേടി. 29 പന്തുകളില്‍ നിന്നാണ് താരത്തിന്റെ 59 റണ്‍സ് സമ്പാദ്യം. നിതീഷ് കുമാര്‍ റെഡ്ഡി 37 റണ്‍സ് എടുത്ത് പുറത്തായി. ഒരു റണ്‍സുമായി പാറ്റ് കമ്മിന്‍സ് റണ്‍ഔട്ടായി.

ഡല്‍ഹിക്കായി കുല്‍ദീപ് യാദവ് നാലുവിക്കറ്റുകള്‍ വീഴ്ത്തി. മുകേഷ് കുമാറും അക്സര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

ഡൽഹിയെ തോൽപ്പിച്ച ഹൈദരാബാദിന്റെ ആഹ്ലാദ പ്രകടനം
12 പന്തില്‍ ആറ് സിക്‌സര്‍, രണ്ട് ബൗണ്ടറി, സ്‌ട്രൈക്ക് റേറ്റ് 383!

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com