സിക്‌സര്‍ തൂക്കി സെഞ്ച്വറിയടിച്ച് ജയ്‌സ്വാള്‍; വിശാഖപട്ടണത്ത് ഇന്ത്യയ്ക്ക് മികച്ച തുടക്കം

ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ഓപ്പണര്‍ യശ്വസി ജയ്‌സ്വാളിന് സെഞ്ച്വറി
യശ്വസി ജയ്‌സ്വാളിന്റെ ബാറ്റിങ്
യശ്വസി ജയ്‌സ്വാളിന്റെ ബാറ്റിങ്പിടിഐ

വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യന്‍ ഓപ്പണര്‍ യശ്വസി ജയ്‌സ്വാളിന് സെഞ്ച്വറി. 156 പന്തില്‍ 104 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്ന ജയ്‌സ്വാളിന്റെ ബാറ്റിങ്ങിന്റെ മികവില്‍ ഇന്ത്യ ആദ്യ ഇന്നിംഗ്‌സില്‍ ഭേദപ്പെട്ട സ്‌കോറിലേക്കാണ് നീങ്ങുന്നത്. 11 ബൗണ്ടറികളുടെയും മൂന്ന് സിക്‌സിന്റെയും അകമ്പടിയോടെയാണ് ജയ്‌സ്വാളിന്റെ സെഞ്ച്വറി.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യയ്ക്ക് തുടക്കത്തില്‍ തന്നെ പ്രഹരമേല്‍പ്പിച്ച് ക്യാപ്റ്റന്‍ രോഹിത്തിനെ ഇംഗ്ലണ്ട് പുറത്താക്കി. 14 റണ്‍സ് മാത്രമാണ് രോഹിത്തിന് സ്വന്തം പേരില്‍ ചേര്‍ക്കാന്‍ സാധിച്ചത്. പിന്നീട് വണ്‍ഡൗണ്‍ ആയി ഇറങ്ങിയ ശുഭ്മാന്‍ ഗില്ലുമായി ചേര്‍ന്ന് ടീം സ്‌കോര്‍ പതുക്കെ കെട്ടിപ്പടുക്കുന്നതാണ് പിന്നീട് കണ്ടത്. എന്നാല്‍ 89 ല്‍ വച്ച് ഗില്ല് വീണു. 34 റണ്‍സില്‍ നില്‍ക്കേ ആന്‍ഡേഴ്‌സണിന്റെ പന്തിലാണ് ഗില്‍ ഔട്ടായത്. തുടര്‍ന്ന് ശ്രേയസ് അയ്യരുമായി ചേര്‍ന്ന് ടീമിനെ ജയ്‌സ്വാള്‍ മുന്നോട്ടു നയിച്ചെങ്കിലും ആ കൂട്ടുകെട്ടിനും അല്‍പ്പായുസ് ആയിരുന്നു. 27 റണ്‍സില്‍ നില്‍ക്കെ ശ്രേയസിനെയും പുറത്താക്കി ഇംഗ്ലണ്ട് മറ്റൊരു പ്രഹരമേല്‍പ്പിച്ചു. പുറത്താകാതെ നില്‍ക്കുന്ന ജയ്‌സ്വാളിലാണ് ഇന്ത്യയുടെ പ്രതീക്ഷ.

മൂന്ന് മാറ്റങ്ങളുമായാണ് ഇന്ത്യ ഇന്ന് കളിക്കളത്തില്‍ ഇറങ്ങിയത്. പരിക്കേറ്റ കെ എല്‍ രാഹുല്‍, രവീന്ദ്ര ജഡേജ എന്നിവര്‍ക്ക് പകരം രജത് പടിദാറും കുല്‍ദീപ് യാദവ് എന്നിവരാണ് ടീമില്‍ ഇടംപിടിച്ചത്. രജത് പടിദാറിന്റെ അരങ്ങേറ്റ മത്സരമാണിത്. കഴിഞ്ഞ മത്സരത്തില്‍ കളിച്ച പേസ് ബൗളര്‍ മുഹമ്മദ് സിറാജിന് വിശ്രമം നല്‍കി, പകരം മുകേഷ് കുമാറിനെയും ടീമില്‍ എടുത്തിട്ടുണ്ട്.രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ നേരിടുമ്പോള്‍ ജയത്തില്‍ കുറഞ്ഞതൊന്നും രോഹിത് ശര്‍മയെയും കൂട്ടരെയും തൃപ്തിപ്പെടുത്തില്ല. അഞ്ച് മത്സരമാണ് പരമ്പരയില്‍.

വിശാഖപട്ടണത്ത് അവസാനമായി ടെസ്റ്റ് നടന്നത് 2019ലാണ്. അന്ന് ദക്ഷിണാഫ്രിക്കയെ 203 റണ്ണിന് തോല്‍പ്പിച്ചു. അതിനുമുമ്പ് 2016ല്‍ ഇംഗ്ലണ്ടിനെ തകര്‍ത്തത് 246 റണ്ണിന്. രണ്ട് ടെസ്റ്റിലുമായി സ്പിന്നര്‍ ആര്‍ അശ്വിന്‍ 16 വിക്കറ്റാണ് കൊയ്തത്. ഇന്ന് ഒരിക്കല്‍ക്കൂടി ഇംഗ്ലണ്ടിനെതിരെ ഇറങ്ങുമ്പോള്‍ അശ്വിന്‍ ചരിത്രത്തിന് അരികെയാണ്. നാല് വിക്കറ്റുകൂടി നേടിയാല്‍ 500 വിക്കറ്റാകും തമിഴ്നാട്ടുകാരന്. ഈ നേട്ടം കൈവരിക്കുന്ന ഒമ്പതാമത്തെ ബൗളറുമാകും.

ഇംഗ്ലണ്ട് ടീമില്‍ പരിക്കേറ്റ സ്പിന്നര്‍ ജാക്ക് ലീച്ചിന് പകരം പുതുമുഖതാരം ഷോയിബ് ബഷീറാണ് കളിക്കളത്തില്‍ ഇറങ്ങിയത്. മുതിര്‍ന്ന പേസര്‍ ജയിംസ് ആന്‍ഡേഴ്സണിനെ ടീമില്‍ ഉള്‍പ്പെടുത്തിയതാണ് മറ്റൊരു മാറ്റം.

യശ്വസി ജയ്‌സ്വാളിന്റെ ബാറ്റിങ്
'ദൈവത്തെ നേരില്‍ കണ്ടു'; ആരാധകനെ പിന്തുടര്‍ന്ന് സച്ചിന്‍; സ്‌നേഹ സമ്മാനം നല്‍കി; വീഡിയോ വൈറല്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com