'രാജ്കോട്ടിൽ രാജകീയം'- 90 വർഷത്തെ ചരിത്രത്തിൽ മൂന്നാം തവണ! നാണംകെട്ട് ഇംഗ്ലണ്ട്

റണ്‍സ് അടിസ്ഥാനത്തില്‍ ഇന്ത്യയുടെ ഏറ്റവും വലിയ ടെസ്റ്റ് വിജയം, റെക്കോര്‍ഡ്
വിജയിച്ച് മടങ്ങുന്ന ഇന്ത്യന്‍ ടീം
വിജയിച്ച് മടങ്ങുന്ന ഇന്ത്യന്‍ ടീംപിടിഐ

രാജ്‌കോട്ട്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ചരിത്ര വിജയം സ്വന്തമാക്കി ഇന്ത്യ. 434 റണ്‍സിനു ജയിച്ച ഇന്ത്യ റൺസ് അടിസ്ഥാനത്തിൽ ടെസ്റ്റ് ക്രിക്കറ്റ് നാൾവഴിയിലെ ഏറ്റവും വലിയ ജയമെന്ന സ്വന്തം റെക്കോർഡ് തിരുത്തി. ഇന്ത്യ 557 റൺസാണ് ഇംഗ്ലണ്ടിനു മുന്നിൽ ലക്ഷ്യം വച്ചത്. ഇംഗ്ലണ്ട് താരങ്ങൾ വിക്കറ്റ് വലിച്ചെറിയാൻ മത്സരിച്ചു. പോരാട്ടം സമനിലയില്‍ എത്തിക്കാനുള്ള ശ്രമം പോലും അവര്‍ നടത്തിയില്ല. അവരുടെ പോരാട്ടം വെറും 122 റൺസിൽ തീർന്നു. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 2-1നു മുന്നിൽ.

റൺസ് അടിസ്ഥാനത്തിൽ ഇംഗ്ലണ്ട് നേരിടുന്ന അവരുടെ ചരിത്രത്തിലെ രണ്ടാമത്തെ വലിയ തോൽവി കൂടിയാണിത്. 90 വർഷത്തിനിടെ മൂന്നാമത്തേതും. ബാസ്ബോൾ യുഗത്തിൽ ആദ്യത്തെ വൻ മാർജിനിലുള്ള ഇംഗ്ലണ്ടിന്‍റെ തോവിയെന്ന നാണക്കേടും ഈ ജയത്തിലൂടെ ഇന്ത്യ അവർക്ക് ഏൽപ്പിച്ചു.

ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 445 റൺസെടുത്തു. ഇംഗ്ലണ്ടിൻറെ പോരാട്ടം 319ൽ അവസാനിച്ചു. 126 റൺസ് ലീഡുമായാണ് ഇന്ത്യ രണ്ടാം ഇന്നിങ്സ് തുടങ്ങിയത്. നാല് വിക്കറ്റ് നഷ്ടത്തിൽ 430 റൺസ് എന്ന നിലയിൽ ഡിക്ലയർ ചെയ്തു ഇംഗ്ലണ്ടിനു മുന്നിൽ 557 റൺസ് ലക്ഷ്യം വച്ചു.

ഇന്ത്യക്കായി രവീന്ദ്ര ജ‍ഡേജ മിന്നും ഫോമിൽ പന്തെറിഞ്ഞു. താരം അഞ്ച് വിക്കറ്റുകൾ വീഴ്ത്തി ഇംഗ്ലണ്ടിനെ തകർത്തു. കുൽദീപ് യാദവ് രണ്ട് വിക്കറ്റുകൾ പോക്കറ്റിലാക്കി. ആർ അശ്വിൻ, ജസ്പ്രിത് ബുംറ എന്നിവർ ഓരോ വിക്കറ്റെടുത്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

434 റൺസിന്‍റെ കൂറ്റൻ ജയമാണ് ഇന്ത്യ രാജ്കോട്ടിൽ സ്വന്തമാക്കിയത്. 2021ൽ വാംഖഡെയിൽ ന്യൂസിലൻഡിനെ 372 റൺസിനു തകർത്തതായിരുന്നു ഇതുവരെയുള്ള റെക്കോർഡ്. റൺസ് അടിസ്ഥാനത്തിൽ ഇംഗ്ലണ്ട് നേരിടുന്ന അവരുടെ ചരിത്രത്തിലെ രണ്ടാമത്തെ വലിയ തോൽവി കൂടിയാണിത്. 1934ൽ അവർ ഓസ്ട്രേലിയക്ക് മുന്നിൽ 562 റൺസിന്‍റെ തോൽവി വഴങ്ങിയ ശേഷം അവർ നേരിടുന്ന ഏറ്റവും വലിയ തോൽവി. 1976ൽ വെസ്റ്റ് ഇൻഡീസിനെതിരെ 325 റൺസിന്‍റെ തോൽവി വഴങ്ങിയതായിരുന്നു ഇതുവരെയുള്ള അവരുടെ മോശം റെക്കോർഡിൽ രണ്ടാമത്. അതും ഇന്ത്യ തിരുത്തി.

കൂറ്റൻ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് ഒരു ഘട്ടത്തിലും പൊരുതാനുള്ള ആർജവം കാണിച്ചില്ല. 28 റൺസിനിടെ നാല് വിക്കറ്റുകൾ തുടക്കത്തിൽ ഇം​ഗ്ലണ്ടിനു നഷ്ടമായി. പിന്നെ ചെറിയ ഇടവേള. സ്കോർ 50 എത്തിയപ്പോൾ തുടരെ വീണത് മൂന്ന് വിക്കറ്റുകൾ. വാലറ്റത്ത് പൊരുതി നിന്ന മാർക് വുഡാണ് (33) പിടിച്ചു നിന്ന ഏക താരം. താരം വെറും 16 പന്തിൽ 33 റൺസടിച്ചു. ആറ് ഫോറും ഒരു സിക്സും പറത്തി. ബെൻ ഫോക്സ് (16), ടോം ഹാർട്ലി (16) എന്നിവർ പിന്തുണച്ചതോടെ ഇംഗ്ലണ്ട് സ്കോർ 100 കടത്താൻ മാർക് വുഡിനു സാധിച്ചു. പത്താമനായി വുഡിനെ ജഡേജ തന്നെ മടക്കി ഇംഗ്ലണ്ട് ഇന്നിങ്സിനു തിരശ്ശീലയിട്ടു.

നാല് വിക്കറ്റുകൾ തുരെ നഷ്ടപ്പെട്ടതിനു പിന്നാലെ ജോ റൂട്ട്- ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് സഖ്യം ഇന്നിങ്സ് നേരെയാക്കാൻ ശ്രമം തുടരുന്നതിനിടെയാണ് ജഡേജയുടെ സ്ട്രൈക്ക്. റൂട്ടിനെ താരം വീഴ്ത്തി. ഇംഗ്ലണ്ടിനു അഞ്ചാം വിക്കറ്റും നഷ്ടം. സ്കോർ 50ൽ എത്തിയതിനു പിന്നാലെയാണ് ഇംഗ്ലണ്ടിനു പ്രഹരമായി റൂട്ടിന്റെ മടക്കം. താരം 40 പന്തിൽ 7 റൺസ് എടുത്തു.

തൊട്ടുപിന്നാലെ പന്തുമായി എത്തിയ കുൽദീപ് യാദവ് ഇം​ഗ്ലണ്ടിനെ വീണ്ടും ഞെട്ടിച്ചു. 50ൽ വച്ച് തന്നെ അവരുടെ പ്രതീക്ഷ ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് കുൽദീപിനു മുന്നിൽ തല കുനിച്ചു. താരം 15 റൺസുമായി ഇന്നിങ്സ് കരുപിടിപ്പിക്കുന്നതിനിടെയാണ് വീണത്. വീണ്ടും പന്തെടുത്ത കുൽദീപ് രഹാൻ അഹമദിനെ പൂജ്യത്തിൽ കൂടാരം കയറ്റി. പിന്നീടാണ് വുഡ്, ഫോക്സ്, ഹാർ‍ട്‍ലി, ജെയിംസ് ആൻഡേഴ്സൻ (പുറത്താകാതെ 1) സഖ്യം ചെറുത്തു നിന്നത്. 72 റൺസാണ് വാലറ്റം ബോർഡിൽ ചേർത്തത്.

ബെൻ ഡുക്കറ്റിൻറെ റണ്ണൗട്ടിൽ നിന്നാണ് ഇംഗ്ലണ്ടിന്‍റെ തകർച്ചയുടെ തുടക്കം. പിന്നാലെ മൂന്ന് വിക്കറ്റുകൾ തുരുതുരാ വീണു. സാക് ക്രൗളി (11), ബെൻ ഡുക്കറ്റ് (4), ഒലി പോപ്പ് (3), ജോണി ബെയർസ്റ്റോ (4) എന്നിവർ തുടക്കത്തിൽ ക്ഷണം കൂടാരം കയറി.

രണ്ടാം ഇന്നിങ്സിൽ ഏകദിന മത്സരങ്ങളെ അനുസ്മരിപ്പിക്കുന്ന വിധം വെടിക്കെട്ട് ബാറ്റിങ് നടത്തിയ യശസ്വി ജയ്‌സ്വാൾ തന്റെ കരിയറിലെ രണ്ടാമത്തെ ഇരട്ട ശതകം കുറിച്ച് ഇന്ത്യയെ മികച്ച സ്കോറിലേക്ക് നയിച്ചു. രണ്ടാം ഇന്നിങ്സിലും അർധ സെഞ്ച്വറി നേടി സർഫറാസ് ഖാനും മികവ് പുലർത്തി. ആദ്യ ടെസ്റ്റിലും ഇരട്ട ശതകം നേടി യശസ്വി വരവറിയിച്ചിരുന്നു. പത്തു സിക്‌സുകളുടെ അകമ്പടിയോടെ 230 പന്തിലായിരുന്നു യശസ്വിയുടെ ഡബിൾ സെഞ്ച്വറി.

14 ഫോറും 12 സിക്സും സഹിതം യശസ്വി 236 പന്തിൽ 214 റൺസുമായി പുറത്താകാതെ നിന്നു. സർഫറാസ് 72 പന്തിൽ 6 ഫോറും 3 സിക്സും സഹിതം 68 റൺസെടുത്തു യശസ്വിക്കൊപ്പം നോട്ടൗട്ട്.

വിജയിച്ച് മടങ്ങുന്ന ഇന്ത്യന്‍ ടീം
28ൽ 4, 50ൽ 7! സ്പിന്നിൽ വിയർത്ത് ഇം​ഗ്ലണ്ട്; മുന്നിൽ വൻ തോൽവി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com