പരമ്പര 'റാഞ്ചാന്‍' ഇന്ത്യ; തിരിച്ചെത്താന്‍ ഇംഗ്ലണ്ട്; നാലാം ടെസ്റ്റ് ഇന്ന് മുതല്‍

ജസ്പ്രിത് ബുംറ കളിക്കില്ല
റാഞ്ചിയിലെ പിച്ച് പരിശോധിക്കുന്ന സ്പിന്നര്‍ ആര്‍ അശ്വിന്‍, കോച്ച് രാഹുല്‍ ദ്രാവിഡ്
റാഞ്ചിയിലെ പിച്ച് പരിശോധിക്കുന്ന സ്പിന്നര്‍ ആര്‍ അശ്വിന്‍, കോച്ച് രാഹുല്‍ ദ്രാവിഡ്പിടിഐ

റാഞ്ചി: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള നാലാം ക്രിക്കറ്റ് ടെസ്റ്റ് ഇന്ന് മുതല്‍. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര സ്വന്തമാക്കാന്‍ ഇന്ത്യ ഒരുങ്ങുമ്പോള്‍ പരമ്പരയില്‍ ഒപ്പമെത്താനുള്ള ശ്രമത്തിലാണ് ഇംഗ്ലണ്ട്. ഇന്ത്യ 2-1നു മുന്നിലാണ്. റാഞ്ചിയിലാണ് നാലാം പോരാട്ടം. പിച്ച് സംബന്ധിച്ചു നേരത്തെ ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്സ് വിമര്‍ശനം ഉന്നയിച്ചു എന്നതും മത്സരത്തെ ശ്രദ്ധേയമാക്കുന്നു.

മൂന്നാം ടെസ്റ്റിലേറ്റ വമ്പന്‍ തോല്‍വിയാണ് ഇംഗ്ലണ്ടിനെ ഞെട്ടിച്ചത്. ബാസ്‌ബോള്‍ യുഗത്തിലെ ഏറ്റവും വലിയ തോല്‍വിയാണ് അവര്‍ക്ക് നേരിടേണ്ടി വന്നത്.

ഇന്ത്യക്ക് സ്റ്റാര്‍ പേസര്‍ ജസ്പ്രിത് ബുംറയുടെ സേവനം ലഭിക്കില്ല. താരത്തിനു വിശ്രമം അനുവദിച്ചു. പകരമാരെത്തും എന്നതാണ് ആരാധകര്‍ നോക്കുന്നത്. അധിക സ്പിന്നറെ കളിപ്പിക്കുമോ എന്നതിലും വ്യക്തത വന്നിട്ടില്ല.

യുവ താരങ്ങളായ യശസ്വി ജയ്‌സ്വാള്‍, ശുഭ്മാന്‍ ഗില്‍ എന്നിവര്‍ ഫോമില്‍ നില്‍ക്കുന്നതാണ് ഇന്ത്യക്ക് കരുത്താകുന്നത്. ബാറ്റിങിലും ബൗളിങിലും തിളങ്ങുന്ന ജഡേജയുടെ മികവും ഇന്ത്യക്ക് ബോണസാണ്.

മൂന്നാം ടെസ്റ്റില്‍ അരങ്ങേറിയ സര്‍ഫറാസ് ഖാന്‍ രണ്ടിന്നിങ്‌സിലും അര്‍ധ സെഞ്ച്വറി നേടി തന്റെ മികവ് അടയാളപ്പെടുത്തിയതും ഇന്ത്യക്ക് മുതല്‍കൂട്ടാണ്. കഴിഞ്ഞ കളിയില്‍ അരങ്ങേറിയ ധ്രുവ് ജുറേലും ആദ്യ ഇന്നിങ്‌സില്‍ തിളങ്ങി. കെഎസ് ഭരതിനെ മറികടന്നു വിക്കറ്റ് കീപ്പറായി സ്ഥാനം ഉറപ്പിക്കാനും ജുറേലിനു സാധിച്ചു.

ഇംഗ്ലണ്ട് ടീമില്‍ രണ്ട് മാറ്റം. മൂന്നാം ടെസ്റ്റ് കളിച്ച രഹാന്‍ അഹമദിനു പകരം ഷൊയ്ബ് ബഷീര്‍ ടീമില്‍ തിരിച്ചെത്തി. പേസര്‍ മാര്‍ക് വുഡിനു പകരം ഒലി റോബിന്‍സന്‍ പ്ലയിങ് ഇലവനില്‍ ഇടം പിടിച്ചു.

റോബിന്‍സന്‍ ആദ്യമായാണ് ഈ പരമ്പരയില്‍ കളിക്കാനിറങ്ങുന്നത്. ഫോം കിട്ടാതെ ഉഴറുന്ന ജോണി ബെയര്‍സ്‌റ്റോ സ്ഥാനം നിലനിര്‍ത്തി.

നീണ്ട ഇടവേളയ്ക്ക് ശേഷമാണ് റോബിന്‍സന്‍ ടെസ്റ്റ് കളിക്കാനിറങ്ങുന്നത്. 2023 ജൂലൈയിലാണ് താരം അവസാനമായി ഇംഗ്ലണ്ട് ജേഴ്‌സിയില്‍ റെഡ് ബോള്‍ കളിച്ചത്. ആഷസിനിടെ തോളിനു പരിക്കേറ്റ് ദീര്‍ഘ നാള്‍ താരം പുറത്തായിരുന്നു.

ഇംഗ്ലണ്ട് പ്ലെയിങ് ഇലവന്‍: ബെന്‍ സ്‌റ്റോക്‌സ് (ക്യാപ്റ്റന്‍), സാക് ക്രൗളി, ബെന്‍ ഡുക്കറ്റ്, ഒലി പോപ്പ്, ജോ റൂട്ട്, ജോണി ബെയര്‍സ്‌റ്റോ, ബെന്‍ ഫോക്‌സ്, ടോം ഹാര്‍ട്‌ലി, ഒലി റോബിന്‍സന്‍, ജെംയിസ് ആന്‍ഡേഴ്‌സന്‍, ഷൊയ്ബ് ബഷീര്‍.

റാഞ്ചിയിലെ പിച്ച് പരിശോധിക്കുന്ന സ്പിന്നര്‍ ആര്‍ അശ്വിന്‍, കോച്ച് രാഹുല്‍ ദ്രാവിഡ്
കശ്മീരില്‍ റോഡരികില്‍ ബാറ്റിങ്ങിന് ഇറങ്ങി സച്ചിന്‍, വട്ടംകൂടി ആരാധകര്‍, വീഡിയോ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com