'മെല്‍ബണില്‍ കളിക്കാന്‍ ആഗ്രഹിച്ചു, പക്ഷേ...'- റാഫേല്‍ നദാല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നിന്നു പിന്‍മാറി

ബ്രിസ്‌ബെയ്‌നില്‍ കളിക്കിടെ പരിക്ക് അലട്ടിയതിനെ തുടര്‍ന്നു താരം മെഡിക്കല്‍ ടൈം ഔട്ട് വിളിച്ചിരുന്നു. പേശിവലിവാണ് കളി നിര്‍ത്താന്‍ ഇടയാക്കിയത്
ചിത്രം: എക്‌സ്
ചിത്രം: എക്‌സ്

മെല്‍ബണ്‍: ഇതിഹാസ സ്പാനിഷ് ടെന്നീസ് താരം റാഫേല്‍ നദാല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ നിന്നു പിന്‍മാറി. ബ്രിസ്‌ബെയ്ന്‍ ഇന്റര്‍നാഷണല്‍ ക്വാര്‍ട്ടര്‍ പോരാട്ടത്തിനിടെ പുതിയ പരിക്കില്‍പ്പെട്ട അദ്ദേഹം ഇത്തവണ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കളിക്കാനില്ലെന്നു വ്യക്തമാക്കി. സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് പിൻമാറ്റം വ്യക്തമാക്കിയത്.

ബ്രിസ്‌ബെയ്‌നില്‍ കളിക്കിടെ പരിക്ക് അലട്ടിയതിനെ തുടര്‍ന്നു താരം മെഡിക്കല്‍ ടൈം ഔട്ട് വിളിച്ചിരുന്നു. പേശിവലിവാണ് കളി നിര്‍ത്താന്‍ ഇടയാക്കിയത്. പിന്നീട് വീണ്ടും കളിച്ചു. ഏതാണ്ട് മൂന്നര മണിക്കൂര്‍ നീണ്ട മാരത്തണ്‍ പോരാട്ടത്തില്‍ പക്ഷേ നദാല്‍ പരാജയപ്പെടുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെ താന്‍ അടുത്ത ആഴ്ച പരിശീലനം ആരംഭിക്കുമെന്നും ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ കളിക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 100 ശതമാനം ഉറപ്പില്ലെങ്കിലും കളിക്കാന്‍ സാധിക്കുമെന്നായിരുന്നു പ്രതീക്ഷ. 

എന്നാല്‍ ഇപ്പോള്‍ താന്‍ പിന്‍മാറുകയാണെന്നു അദ്ദേഹം സ്ഥിരീകരിച്ചു. പരിക്കിന്റെ സ്‌കാന്‍ റിപ്പോര്‍ട്ടുകള്‍ പരിശോധിച്ചതിനു പിന്നാലെയാണ് തീരുമാനം. 

താരത്തിന്റെ കുറിപ്പ്

'ബ്രിസ്‌ബെയ്‌നില്‍ വച്ച് എനിക്ക് കളിക്കിടെ പേശിവലിവ് അനുഭവപ്പെട്ടിരുന്നു. എനിക്ക് അല്‍പ്പം ആശങ്കയുണര്‍ത്തുന്നതായി അത്. എങ്കിലും മുന്‍പ് പരിക്കേറ്റ സ്ഥലത്തല്ല ഇതെന്നത് ആശ്വാസം നല്‍കുന്നു. മെല്‍ബണില്‍ വച്ച് എംആര്‍ഐ എടുത്തു. അഞ്ച് സെറ്റ് മത്സരങ്ങള്‍ കളിക്കാനുള്ള ശാരീരിക അവസ്ഥയിലല്ല ഞാനിപ്പോള്‍. അതിനാല്‍ എന്റെ ഡോക്ടറെ കാണുന്നതിനും വിശ്രമിക്കുന്നതിനുമായി സ്‌പെയിനിലേക്ക് മടങ്ങുന്നു.' 

'ഇവിടെ കളിക്കാനിറങ്ങുന്നത് ലക്ഷ്യമിട്ട് ഞാന്‍ കഴിഞ്ഞ ഒരു വര്‍ഷമായി കഠിന ശ്രമം നടത്തുന്നു. മൂന്ന് മാസത്തിനുള്ളില്‍ മികച്ച നിലവാരത്തിലേക്ക് മടങ്ങിയെത്തുകയാണ് എല്ലായ്‌പ്പോഴുമെന്ന പോലെ ഇപ്പോഴും ഞാന്‍ ലക്ഷ്യമിടുന്നത്.' 

'മെല്‍ബണിലെ ജനക്കൂട്ടത്തിനു മുന്നില്‍ കളിക്കാന്‍ സാധിക്കാത്തതിന്റെ സങ്കടമുണ്ട്. ഒസ്‌ട്രേലിയയില്‍ കളിക്കാന്‍ ശരിക്കും ആഗ്രഹിച്ചിരുന്നു. എനിക്ക് സന്തോഷവും പോസിറ്റീവായി ചിന്തിക്കാനും അവസരം നല്‍കിയ ചില മത്സരങ്ങള്‍ ഈ മണ്ണില്‍ കളിക്കാന്‍ സാധിച്ചു.' 

'പിന്തുണച്ച എല്ലാവര്‍ക്കും നന്ദി. നമുക്ക് ഉടനെ തന്നെ കാണാം!'- റാഫ

22 ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ സ്വന്തമാക്കിയിട്ടുള്ള നദാല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ രണ്ട് തവണ കിരീടം സ്വന്തമാക്കിയിട്ടുണ്ട്. ഈ വര്‍ഷത്തെ ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ഒരു പക്ഷേ തന്റെ കരിയറിലെ അവസാനത്തെതാകുമെന്നു താരം നേരത്തെ വ്യക്തമാക്കിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com